അന്തംവിട്ട പ്രതി എന്തും ചെയ്യും; ജലീലിന് സിവില്‍ സര്‍വീസ് പരീക്ഷയെക്കുറിച്ച് അടിസ്ഥാന ധാരണ പോലും ഇല്ല; രൂക്ഷമായി പ്രതികരിച്ച് ചെന്നിത്തല

സിവില്‍ സര്‍വീസ് പരീക്ഷയെക്കുറിച്ചുള്ള അടിസ്ഥാന വിവരമെങ്കിലും മന്ത്രിക്ക് ഉണ്ടാവേണ്ടതായിരുന്നു
അന്തംവിട്ട പ്രതി എന്തും ചെയ്യും; ജലീലിന് സിവില്‍ സര്‍വീസ് പരീക്ഷയെക്കുറിച്ച് അടിസ്ഥാന ധാരണ പോലും ഇല്ല; രൂക്ഷമായി പ്രതികരിച്ച് ചെന്നിത്തല

കൊച്ചി: മാര്‍ക്കു ദാനം നടത്തി പിടിക്കപ്പെട്ടതിന്റെ ജാള്യം മറയ്ക്കാനാണ് മന്ത്രി കെടി ജലീല്‍ തന്റെ മകനെതിരെ ആരോപണം ഉന്നയിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിവില്‍ സര്‍വീസ് പരീക്ഷയില്‍ മാര്‍ക്കു കൂടുതല്‍ കിട്ടാന്‍ ലോബിയിങ് നടത്തി എന്നൊക്കെ പറയുന്ന മന്ത്രിക്ക് സിവില്‍ സര്‍വീസ് പരീക്ഷയെക്കുറിച്ച് അടിസ്ഥാന വിവരം പോലും ഇല്ല. അന്തംവിട്ട പ്രതി എന്തും ചെയ്യും എന്ന അവസ്ഥയിലാണ് ജലീലെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.

താന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ മന്ത്രിക്കു വസ്തുതാപരമായ മറുപടി പറയാനില്ല. മോഡറേഷന്‍ നിര്‍ത്തണമെന്നു താന്‍ പറഞ്ഞിട്ടില്ല. അതിനു സ്വീകരിച്ച വളഞ്ഞ വഴിയാണ് പ്രശ്‌നം. തോറ്റ കുട്ടികളെ ജയിപ്പിക്കാന്‍ റിസല്‍ട്ട് വന്ന ശേഷം അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി ഇടപെട്ടു. ചരിത്രത്തില്‍ ഇതുവരെ ഉണ്ടാവാത്ത കാര്യമാണ് നടന്നത്. അതിനു മറുപടി പറയാതെ തന്റെ വീട്ടിലുള്ളവര്‍ക്കെതിരെ അധിക്ഷേപം നടത്തുകയാണ് മന്ത്രി ചെയ്യുന്നത്- ചെന്നിത്തല പറഞ്ഞു.

തന്റെ മകന് സിവില്‍ സര്‍വീസ് പരീക്ഷയില്‍ 210ാം റാങ്ക് കിട്ടിയതിലുള്ള വിഷമമാണ് മന്ത്രി ജലീല്‍ പ്രകടിപ്പിച്ചത്. സിവില്‍ സര്‍വീസ് പരീക്ഷയുടെ നടപടിക്രമങ്ങള്‍ എന്താണെന്ന് അദ്ദേഹം ചീഫ് സെക്രട്ടറിയോടോ പ്രിന്‍സിപ്പല്‍ സെക്രട്ടറിയോടോ ചോദിച്ചാല്‍ മതിയായിരുന്നു. സിവില്‍ സര്‍വീസ് പരീക്ഷയെക്കുറിച്ചുള്ള അടിസ്ഥാന വിവരമെങ്കിലും മന്ത്രിക്ക് ഉണ്ടാവേണ്ടതായിരുന്നു. മന്ത്രി ഇത്തരം അബദ്ധജടിലമായ കാര്യങ്ങള്‍ പറഞ്ഞാല്‍ പൊതുസമൂഹം ചിരിക്കുകയേയുള്ളൂവെന്ന് ചെന്നിത്തല പറഞ്ഞു.

ഇതുകൊണ്ടൊന്നും ജലീലിനെതിരെ നീക്കങ്ങളില്‍നിന്നു പിന്‍മാറില്ല. ശക്തമായ നടപടികളുമായി മുന്നോട്ടുപോവും. മാര്‍ക്കു കുംഭകോണം നടത്തി സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ത്ത മന്ത്രിയാണ് ജലീലെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

കേരളത്തിലെ പ്രമുഖനായ ഒരു രാഷ്ട്രീയ നേതാവിന്റെ മകന് സിവില്‍ സര്‍വീസ് ലഭിച്ചതില്‍ അന്വേഷണം വേണമെന്നാണ് കാസര്‍ക്കോട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കെ.ടി ജലീല്‍ ആവശ്യപ്പെട്ടത്. ആ സിവില്‍ സര്‍വീസ് പരീക്ഷയില്‍ എഴുത്ത് പരീക്ഷയില്‍ ഒന്നാം റാങ്ക് കിട്ടിയ അനുദീപ് ഷെട്ടിയെക്കാള്‍ 30 മാര്‍ക്ക് അഭിമുഖ പരീക്ഷയില്‍ പ്രമുഖ നേതാവിന്റെ മകന് കിട്ടി.  ഇതിനായി ഡല്‍ഹിയില്‍ ലോബിയിങ് നടത്തിയവര്‍ തങ്ങളെപ്പോലെയാണ് മറ്റുള്ളവരും എന്ന് കരുതിയാല്‍ അവരെ കുറ്റപ്പെടുത്താന്‍ കഴിയില്ലെന്ന് ജലീല്‍ പറഞ്ഞു. ചെന്നിത്തലയുടെ പേരു പരാമര്‍ശിക്കാതെയായിരുന്നു ജലീലിന്റെ പ്രസ്താവന.

2017 ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ എഴുത്തു പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞ വിദ്യാര്‍ഥിക്ക് അഭിമുഖ പരീക്ഷയില്‍ ഉന്നത മാര്‍ക്ക് ലഭിച്ചു. അഭിമുഖത്തില്‍ കൂടുതല്‍ മാര്‍ക്ക് കിട്ടാന്‍ ഡല്‍ഹിയില്‍ ലോബിയിങ് നടത്തി. പ്രതിപക്ഷ നേതാവ് തന്നെ ഇക്കാര്യം അന്വേഷിക്കാന്‍ ആവശ്യപ്പെടണം. പി.എസ്.സിയുടെ മാത്രമല്ല യു.പി.എസ്.സിയുടെയും സുതാര്യത നിലനിര്‍ത്താന്‍ നടപടി വേണമെന്ന് ജലീല്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com