'കള്ളക്കളിക്ക് കൂട്ടുനില്‍ക്കാത്തതിന് പുറത്തായി' ; കെസിഎയ്‌ക്കെതിരെ മുന്‍ ഓംബുഡ്‌സ്മാന്‍ ജസ്റ്റിസ് രാംകുമാര്‍ ഹൈക്കോടതിയില്‍

കെസിഎ ജനറല്‍ സെക്രട്ടറി ശ്രീജിത് നായരുടെ കള്ളക്കളി കണ്ടെത്തിയതും തന്റെ മാറ്റത്തിന് കാരണമായി
'കള്ളക്കളിക്ക് കൂട്ടുനില്‍ക്കാത്തതിന് പുറത്തായി' ; കെസിഎയ്‌ക്കെതിരെ മുന്‍ ഓംബുഡ്‌സ്മാന്‍ ജസ്റ്റിസ് രാംകുമാര്‍ ഹൈക്കോടതിയില്‍

കൊച്ചി : കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ ഗുരുതര ആരോപണവുമായി മുന്‍ ഓംബുഡ്‌സ്മാന്‍ രംഗത്ത്. കെസിഎ ഭാരവാഹികളുടെ കള്ളക്കളിക്ക് കൂട്ടുനില്‍ക്കാത്തതാണ് തന്നെ മാറ്റാന്‍ കാരണമെന്ന് ജസ്റ്റിസ് വി രാംകുമാര്‍ പറഞ്ഞു. കെസിഎ പ്രസിഡന്റ് ജയേഷ് ജോര്‍ജിനെതിരെ അന്തിമവാദം കേള്‍ക്കാനിരിക്കെയാണ് തന്നെ മാറ്റുന്നതെന്ന് ജസ്റ്റിസ് രാംകുമാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി. 

കെസിഎ ജനറല്‍ സെക്രട്ടറി ശ്രീജിത് നായരുടെ കള്ളക്കളി കണ്ടെത്തിയതും തന്റെ മാറ്റത്തിന് കാരണമായി. തന്റെ അറിവില്ലാതെ കഴിഞ്ഞ രണ്ടാം ശനിയാഴ്ച പുതിയ ഓംബുഡ്‌സ്മാന്‍ ഓഫിസില്‍ അതിക്രമിച്ചുകയറിയെന്നും സത്യവാങ്മൂലത്തില്‍ ജസ്റ്റിസ് രാംകുമാര്‍ വ്യക്തമാക്കി. കോടതി നിര്‍ദേശിച്ചാല്‍ മാത്രം ഓംബുഡ്‌സ്മാനായി തുടരാന്‍ തയ്യാറാണെന്നും ജസ്റ്റിസ് രാംകുമാര്‍ സൂചിപ്പിച്ചു. 

പുതിയ ഓംബുഡ്‌സ്മാനെ നിയമിച്ചതിനെ ചോദ്യം ചെയ്ത് കോട്ടയത്തെ കെസിഎ അംഗങ്ങളാണ് ഹൈക്കോടതിയെ സമീപിച്ചത്. കെസിഎ ജനറല്‍ ബോഡിയുടെ അറിവില്ലാതെയാണ് ഓംബുഡ്‌സ്മാനെ മാറ്റിയതെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. ഓംബുഡ്‌സ്മാന്‍ പരിഗണിച്ചിരുന്ന കേസുകള്‍ അട്ടിമറിക്കാന്‍ ആണ് ഓംബുഡ്‌സ്മാനെ മാറ്റി പുതിയ ആളെ നിയമിച്ചതെന്നും പരാതിക്കാര്‍ ആരോപിച്ചു. ഹര്‍ജി പരിഗണിച്ച ഹൈക്കോടതി പുതിയ ഓംബുഡ്‌സ്മാന് ചുമതലകള്‍ കൈമാറരുതെന്ന് നിര്‍ദേശിച്ചിരുന്നു. 

അതിനിടെ കെസിഎ പ്രസിഡന്റ് ജയേഷ് ജോര്‍ജ് രണ്ടര കോടിയോളം രൂപയുടെ അഴിമതി നടത്തിയതായി ആരോപണം ഉയര്‍ന്നു. വ്യക്തമായ കരാറുകളോ ധാരണകളോ ഇല്ലാതെ ജയേഷിന്റെ സ്വന്തം ബിനാമി  കമ്പനികള്‍ക്ക് കെസിഎയുടെ കരാറുകള്‍ നല്‍കുന്നു. കെസിഎ ഓംബുഡ്‌സ്മാനെ മാറ്റി കേസുകള്‍ അട്ടിമറിക്കാന്‍ ജയേഷ് ശ്രമിക്കുന്നുവെന്നും കെസിഎ മുന്‍ ഭാരവാഹികള്‍ ആരോപിച്ചു. 

കെസിഎയുടെ ഫെയ്‌സ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്ന ഡോട്ടട് ലൈന്‍സ് എന്ന  കമ്പനി ഇത്തരത്തിലൊന്നാണ്. ഈ സ്ഥാപനത്തിന്റെ ബാക്ക് അക്കൗണ്ടില്‍ നിന്ന് കെസിഎയുടെയും ജയേഷ് ജോര്‍ജിന്റെ ഭാര്യയുടെയും അക്കൗണ്ടുകളിലേക്ക് മാത്രമാണ് ഇടപാടുകള്‍ നടന്നിട്ടുള്ളത്. പ്രതിമാസം ഒരു ലക്ഷം രൂപ വീതമാണ് ഈ കടലാസ്  കമ്പനിക്ക് നല്‍കുന്നത്. ഇതിനു പുറമേ ജയേഷിന്റെയും ഭാര്യയുടെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടിലേക്ക് വലിയ തുകകള്‍ കെസിഎ അക്കൗണ്ടില്‍ നിന്ന് കൈമാറ്റം ചെയ്തതായും ഇവര്‍ ആരോപിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com