ചെന്നിത്തല ഡല്‍ഹിയില്‍ തമ്പടിച്ച കാര്യം വെളിപ്പെടുത്തിയത് എം എം ഹസ്സന്‍ ; ആരോപണത്തിലുറച്ച് മന്ത്രി ജലീല്‍

ലീഗിലെ ഒരു വിഭാഗത്തെ സന്തോഷിപ്പിക്കാനാണ് ചെന്നിത്തല ശ്രമിക്കുന്നത്
ചെന്നിത്തല ഡല്‍ഹിയില്‍ തമ്പടിച്ച കാര്യം വെളിപ്പെടുത്തിയത് എം എം ഹസ്സന്‍ ; ആരോപണത്തിലുറച്ച് മന്ത്രി ജലീല്‍

തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ ഗുരുതര ആരോപണവുമായി മന്ത്രി കെ ടി ജലീല്‍. മകന്റെ സിവില്‍ സര്‍വീസ് പരീക്ഷയുടെ അഭിമുഖ പരീക്ഷ നടക്കുന്ന സമയത്ത് രമേശ് ചെന്നിത്തല ഡല്‍ഹിയില്‍ ക്യാമ്പ് ചെയ്യുകയായിരുന്നു. പരീക്ഷ നടത്തുന്ന യുപിഎസ് സി അംഗങ്ങളെ സ്വാധീനിക്കാനാണ് ചെന്നിത്തല ഡല്‍ഹിയില്‍ തമ്പടിച്ചതെന്ന് ജലീല്‍ ആരോപിച്ചു. 

ഈ ദിവസങ്ങളിലെ ചെന്നിത്തലയുടെ ഫോണ്‍കോള്‍ ലിസ്റ്റ് പരിശോധിക്കാന്‍ തയ്യാറാകണമെന്നും മന്ത്രി ജലീല്‍ ആവശ്യപ്പെട്ടു. ചെന്നിത്തല ഡല്‍ഹിയില്‍ ഉള്ള കാര്യം വെളിപ്പെടുത്തിയത് മുന്‍ കെപിസിസി പ്രസിഡന്റ് എംഎം ഹസ്സനാണ്. പാര്‍ട്ടി കാര്യത്തിനല്ല ചെന്നിത്തല ഡല്‍ഹിയില്‍ പോയതെന്ന് ഹസ്സന്‍ പറഞ്ഞെന്നും ജലീല്‍ വ്യക്തമാക്കി. 

എഴുത്തുപരീക്ഷയില്‍ രമേശ് ചെന്നിത്തലയുടെ മകന് 608-ാം റാങ്കാണ് ലഭിച്ചത്. എന്നാല്‍ അഭിമുഖ പരീക്ഷ കഴിഞ്ഞതോടെ ഇത് എങ്ങനെ 210 ലെത്തിയെന്നും ജലീല്‍ ചോദിച്ചു. യുപിഎസ് സി പരീക്ഷ നടത്തുന്നവര്‍ മാലാഖമാരല്ല. കേന്ദ്രസര്‍ക്കാര്‍ നിയമിക്കുന്നവരാണ്. ലീഗിന്റെ ചട്ടുകമായാണ് ചെന്നിത്തല പ്രവര്‍ത്തിക്കുന്നത്. ലീഗിലെ ഒരു വിഭാഗത്തെ സന്തോഷിപ്പിക്കാനാണ് ചെന്നിത്തല ശ്രമിക്കുന്നത്. മലപ്പുറത്തുനിന്നുള്ള തന്റെ രാഷ്ട്രീയഭാവി നശിപ്പിക്കാനാണ് ശ്രമം നടക്കുന്നതെന്നും മന്ത്രി ജലീല്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com