പാതിരാത്രി പ്രസവവേദനയോട് മല്ലിട്ട് തൊഴിലാളി സ്ത്രീ  ; മനസ്സലിവില്ലാതെ താലൂക്ക് ആശുപത്രി ജീവനക്കാര്‍ ; പെരുവഴിയില്‍ പ്രസവം

കുറവിലങ്ങാട് താലൂക്ക് ആശുപത്രി ജീവനക്കാരാണ് യുവതിയോട് നിര്‍ദയമായി പെരുമാറിയത്
പാതിരാത്രി പ്രസവവേദനയോട് മല്ലിട്ട് തൊഴിലാളി സ്ത്രീ  ; മനസ്സലിവില്ലാതെ താലൂക്ക് ആശുപത്രി ജീവനക്കാര്‍ ; പെരുവഴിയില്‍ പ്രസവം


കോട്ടയം : പാതിരാത്രി പ്രസവവേദനയെ തുടര്‍ന്ന് ചികിത്സ തേടിയെത്തിയ തൊഴിലാളി സ്ത്രീയെ ചികില്‍സിക്കാതെ തിരിച്ചയച്ച് സര്‍ക്കാര്‍ ആശുപത്രി ജീവനക്കാര്‍. ഒടുവില്‍ പെരുവഴിയില്‍ ഓട്ടോറിക്ഷയില്‍ യുവതി പ്രസവിച്ചു. വിനീത സജി എന്ന സ്ത്രീക്കാണ് ഈ ദുരനുഭവം. കുറവിലങ്ങാട് താലൂക്ക് ആശുപത്രി ജീവനക്കാരാണ് യുവതിയോട് നിര്‍ദയമായി പെരുമാറിയത്.

തുടര്‍ന്ന് മറ്റൊരു ആശുപത്രിയിലേക്ക് പോകുന്നതിനിടെ, താലൂക്ക് ആശുപത്രി പരിസരത്തുനിന്ന് നൂറ് മീറ്ററിനുള്ളില്‍ വെച്ചാണ് യുവതി ഓട്ടോറിക്ഷയില്‍ പെണ്‍കുഞ്ഞിന് ജന്മംനല്‍കിയത്. ആക്രിവസ്തുക്കള്‍ പെറുക്കിവിറ്റ് ഉപജീവനമാര്‍ഗം കണ്ടെത്തുന്ന ദമ്പതികളാണ് സജിയും വിനീതയും. ഇവരും മക്കളായ മക്കളായ വിനായകനും വിനീതും കുറുപ്പന്തറ കവലയിലെ കടത്തിണ്ണകളിലാണ് രാത്രികാലം കഴിച്ചു കൂട്ടുന്നത്.

ഞായറാഴ്ച രാത്രി 12 മണിയോടെ ഭാര്യയെ ആശുപത്രിയില്‍ കൊണ്ടുപോകണമെന്ന അപേക്ഷയുമായാണ്, കുറുപ്പന്തറ കവലയിലുണ്ടായിരുന്ന അവസാനത്തെ ഓട്ടോറിക്ഷ െ്രെഡവറായ മോനിപ്പള്ളിയില്‍ അനില്‍ കുമാറിനെ സജി സമീപിച്ചത്. പാലാ സര്‍ക്കാര്‍ ആശുപത്രിയില്‍ കൊണ്ടുപോകണം എന്നായിരുന്നു ആവശ്യം. കുറവിലങ്ങാട് സര്‍ക്കാര്‍ ആശുപത്രിക്കു മുന്നിലെത്തിയപ്പോഴേക്കും രക്തം വാര്‍ന്ന് വിനീത അവശനിലയിലായതായി ഓട്ടോറിക്ഷ ഡ്രൈവര്‍ അനില്‍കുമാര്‍ പറഞ്ഞു. കുറവിലങ്ങാട് സര്‍ക്കാര്‍ ആശുപത്രിയില്‍ കയറി ഏറെനേരം വിളിച്ച ശേഷമാണ് നഴ്‌സും സെക്യൂരിറ്റി ജീവനക്കാരനും എത്തിയത്.

പലതവണ വിനീതയുടെ അവസ്ഥ പറഞ്ഞ് അപേക്ഷിച്ചിട്ടും ആശുപത്രിയുടെ വാതില്‍പോലും തുറന്നില്ല. ഗൈനക്ക് വിഭാഗം ഇല്ലാത്തതിനാല്‍ പാലാ ആശുപത്രിയില്‍ പോകാനായിരുന്നു നിര്‍ദേശം. ചികിത്സ ലഭിക്കില്ലെന്ന് ഉറപ്പാവുകയും വിനീതയുടെ അവസ്ഥ മോശമെന്ന് തിരിച്ചറിയുകയും ചെയ്തതോടെയാണ് പാലായിലേക്ക് പോകാാന്‍ തീരുമാനിച്ചതെന്നും അനില്‍കുമാര്‍ പറഞ്ഞു.

ആശുപത്രിയില്‍നിന്നിറങ്ങി നൂറ് മീറ്റര്‍ പിന്നിടുംമുമ്പ് വിനീത ഓട്ടോറിക്ഷയുടെ പ്ലാറ്റ് ഫോമിലേക്ക് വീണു. ഇതോടെ ഓട്ടോറിക്ഷ നിര്‍ത്തി. ഈ സമയം വിനീതയുടെ പ്രസവം നടന്നു. ആശുപത്രി വളപ്പില്‍ 108 ആംബുലന്‍സ് കിടക്കുന്നത് കണ്ട അനില്‍കുമാര്‍ തന്നെ ആബുലന്‍സ് വിളിച്ചുവരുത്തി. ആംബുലന്‍സിലെ പുരുഷ നഴ്‌സിന് പ്രസവ പരിചരണത്തില്‍ പരിചയമില്ലായിരുന്നു. ഇവിടെത്തന്നെ പൊക്കിള്‍ക്കൊടിയും മുറിച്ച ശേഷമാണ് വിനീതയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com