പ്രശാന്ത് 'മേയര്‍ ബ്രൊ' ആയി തുടരും?; സിപിഎമ്മില്‍ ചര്‍ച്ച, നിയമവശം പരിശോധിക്കുന്നു

വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ ജയിച്ച് നിയമസഭാംഗമായെങ്കിലും വികെ പ്രശാന്തിനെ മേയര്‍ സ്ഥാനത്തു നിലനിര്‍ത്തുന്നതിന്റെ സാധ്യതകള്‍ സിപിഎം ആരായുന്നു
പ്രശാന്ത് 'മേയര്‍ ബ്രൊ' ആയി തുടരും?; സിപിഎമ്മില്‍ ചര്‍ച്ച, നിയമവശം പരിശോധിക്കുന്നു

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ ജയിച്ച് നിയമസഭാംഗമായെങ്കിലും വികെ പ്രശാന്തിനെ മേയര്‍ സ്ഥാനത്തു നിലനിര്‍ത്തുന്നതിന്റെ സാധ്യതകള്‍ സിപിഎം ആരായുന്നു. അടുത്ത തദ്ദേശ തെരഞ്ഞെടുപ്പു വരെ പ്രശാന്ത് മേയറായി തുടരുന്നതിനെക്കുറിച്ചാണ് ചര്‍ച്ചകള്‍. ഇതു സംബന്ധിച്ച് നിയമ വിദഗ്ധരുമായി പാര്‍ട്ടി ആലോചനകള്‍ നടത്തിയെന്ന് ഉന്നത വൃത്തങ്ങള്‍ പറഞ്ഞു.

എംഎല്‍എ ആയി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും മേയര്‍ സ്ഥാനത്തു തുടരുന്നതില്‍ നിയമ തടസമില്ലെന്നാണ് നിയമരംഗത്തുള്ളവര്‍ പറയുന്നത്. 2017ല്‍ മധ്യപ്രദേശ് ഹൈക്കോടതി പുറപ്പെടുവിച്ച വിധിയാണ് ഇവര്‍ ആധാരമായി ചൂണ്ടിക്കാട്ടുന്നത്. നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട ഇന്‍ഡോര്‍ മേയര്‍ മാലിനി ഗൗഡ് പദവിയില്‍ തുടരുന്നതിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി. ഗൗഡ് മേയര്‍ പദവിയില്‍ തുടരുന്നത് നിയമ വിരുദ്ധമാണെന്നാണ്, മുന്‍സിപ്പാലിറ്റീസ് ചട്ടങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇക്കാര്യം വിശദമായി പരിശോധിച്ച ഹൈക്കോടതി ഒരേസമയം എംഎല്‍എ ആയും മേയര്‍ പദവിയിലും തുടരുന്നതില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന് വ്യക്തമാക്കുകയായിരുന്നു.

വികെ പ്രശാന്തിന്റെ ജനകീയതയും സ്വീകാര്യതയും തദ്ദേശ തെരഞ്ഞെടുപ്പിലും ഉപയോഗിക്കുകയാണ് സിപിഎം പ്രധാനമായും ലക്ഷ്യമിടുന്നത്. നേരിയ ഭൂരിപക്ഷത്തിന് അധികാരത്തിലിരിക്കുന്ന തിരുവനന്തപുരം കോര്‍പ്പറേഷനെ മികച്ച രീതിയില്‍ മുന്നോട്ടുകൊണ്ടുപോവാന്‍ പ്രശാന്തിന് കഴിയുന്നുണ്ടെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. മറ്റൊരാള്‍ വന്നാല്‍ ഈ ഇമേജും ഒപ്പം തന്നെ ഫ്‌ളോര്‍ മാനേജ്‌മെന്റും തുടരാനാവണമെന്നില്ല. തലസ്ഥാന നഗരത്തിന്റെ ഭരണം അതിന്റെ പേരില്‍ കൈവിട്ടുപോവുന്ന സാഹചര്യം ഏതു വിധേനെയും ഒഴിവാക്കാനാണ് സിപിഎം ശ്രമം. 

പ്രശാന്ത് മേയര്‍ പദവിയില്‍ തുടരുന്നതു സംബന്ധിച്ച് ചില കോണുകളില്‍നിന്ന് നിര്‍ദേശങ്ങള്‍ വന്നിട്ടുണ്ടെന്നും നിയമവശങ്ങള്‍ കൂടി പരിഗണിച്ചേ ഇക്കാര്യത്തില്‍ തീരുമാനത്തിലെത്താനാവൂ എന്നും ഉന്നത പാര്‍ട്ടി നേതാവ് പറഞ്ഞു. ഇത്തരമൊരു തീരുമാനത്തോട് സിപിഎമ്മിന് തത്വത്തില്‍ എതിര്‍പ്പില്ലെന്നാണ് സൂചനകള്‍. അതേസമയം ഇതിനോട് ഉയര്‍ന്നുവരാനിടയുള്ള എതിര്‍പ്പുകള്‍ കൂടി കണക്കിലെടുത്താവും പാര്‍ട്ടി തീരുമാനമെടുക്കുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com