കെ സുരേന്ദ്രന്‍ അധ്യക്ഷ സ്ഥാനത്തേക്ക്?, ശ്രീധരന്‍പിള്ളയ്ക്ക് പകരമാര്?; ബിജെപിയില്‍ ചര്‍ച്ചകള്‍ സജീവം

കുമ്മനം രാജശേഖരന് പിന്നാലെ സംസ്ഥാന ബിജെപിയില്‍ നിന്ന് ഗവര്‍ണര്‍ സ്ഥാനത്തേക്ക് പോകുന്ന രണ്ടാമത്തെ നേതാവാണ് പിഎസ് ശ്രീധരന്‍പിള്ള
കെ സുരേന്ദ്രന്‍ അധ്യക്ഷ സ്ഥാനത്തേക്ക്?, ശ്രീധരന്‍പിള്ളയ്ക്ക് പകരമാര്?; ബിജെപിയില്‍ ചര്‍ച്ചകള്‍ സജീവം

കൊച്ചി: കുമ്മനം രാജശേഖരന് പിന്നാലെ സംസ്ഥാന ബിജെപിയില്‍ നിന്ന് ഗവര്‍ണര്‍ സ്ഥാനത്തേക്ക് പോകുന്ന രണ്ടാമത്തെ നേതാവാണ് പിഎസ് ശ്രീധരന്‍പിള്ള. 2018 മെയിലായിരുന്നു കുമ്മനത്തെ മിസോറം ഗവര്‍ണറായി നിയമിച്ചത്. 2015ല്‍ സംസ്ഥാന അധ്യക്ഷനായി നിയമിതനായ കുമ്മനത്തെ, ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണം ആവേശക്കൊടുമുടിയില്‍ നില്‍ക്കെയാണ് മിസോറമിലേക്കയച്ചത്. ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടുമാസത്തോളം ഒഴിഞ്ഞുകിടന്ന സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് 2018 ജൂലൈയിലാണ് ശ്രീധരന്‍പിള്ള എത്തുന്നത്.

ലോക്‌സഭ തെരഞ്ഞെടുപ്പ് ഉള്‍പ്പെടെ വലിയ ദൗത്യങ്ങളാണ് പാര്‍ട്ടി ശ്രീധരന്‍പിള്ളയെ ഏല്‍പ്പിച്ചത്. എന്നാല്‍ ശബരിമലയടക്കമുള്ള വിഷയങ്ങള്‍ കിട്ടിയിട്ടും ഒരു സീറ്റുപോലും നേടാന്‍ സാധിക്കാതിരുന്നത് പിള്ളക്കെതിരെ പാര്‍ട്ടിയില്‍ വിമര്‍ശനങ്ങളുയരുന്നതിന് കാരണമായി. ഇതിന് പിന്നാലെ സംസ്ഥാന അധ്യക്ഷ സ്ഥാനം നഷ്ടമായേക്കുമെന്ന് അഭ്യൂഹങ്ങളുയര്‍ന്നിരുന്നു.

ശ്രീധരന്‍പിള്ള മിസോറമിലേക്ക് പോകുമ്പോള്‍, പകരക്കാനായി ഉയര്‍ന്നുകേള്‍ക്കുന്നതില്‍ പ്രധാനപ്പെട്ട പേരുകളിലൊന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റേതാണ്. തെരഞ്ഞെടുപ്പുകളിലേ ജനപിന്തുണയും മറ്റും കണക്കിലെടുത്ത് കെ സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവന്നേക്കുമെന്നാണ് ബിജെപി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

പാര്‍ട്ടി ദേശീയ നേതൃത്വത്തിന് താത്പര്യമുള്ള നേതാവാണ് സുരേന്ദ്രന്‍ എന്നതും ശ്രദ്ധേയമാണ്. കുമ്മനം ഒഴിഞ്ഞതിന് പിന്നാലെ സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷനാക്കാന്‍ ഒരുവിഭാഗം ശ്രമം നടത്തിയിരുന്നു. എന്നാല്‍ ഈ നീക്കം ആര്‍എസ്എസ് എതിര്‍പ്പുമൂലം സാധിച്ചിരുന്നില്ല. മിസോറം ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനെത്തിയ കുമ്മനം രാജശേഖരന് തക്കതായ സ്ഥാനങ്ങളൊന്നും പാര്‍ട്ടി നല്‍കിയിട്ടില്ല. കുമ്മനത്തെ വീണ്ടും സംസ്ഥാന അധ്യക്ഷനാക്കാന്‍ ആര്‍എസ്എസിന്റെ ഭാഗത്ത് നിന്ന് നീക്കങ്ങളുണ്ടെന്നും ബിജെപി വൃത്തങ്ങളില്‍ നിന്ന് സൂചനകള്‍ ലഭിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com