'ഗുജറാത്തിലെ കോണ്‍ഗ്രസുകാര്‍ക്ക് അതു മനസിലായിട്ടില്ല, അന്നും ഇന്നും'

'പര്‍ദ ഇടാതെ, ഗ്രൂപ്പുകളുടെ നിഴലില്‍ ഒതുങ്ങാതെ, ജാതിസമവാക്യങ്ങളില്‍ ഭാഗമാകാതെ ഒരു സ്ത്രീക്ക് ജയിക്കാനായത് നിസ്സാരകാര്യമല്ല'
ഫെയ്‌സ്ബുക്ക് പേജില്‍നിന്നുള്ള ചിത്രം
ഫെയ്‌സ്ബുക്ക് പേജില്‍നിന്നുള്ള ചിത്രം

വസാന നിമിഷം വരെ സസ്‌പെന്‍സ് നിറഞ്ഞ പോരാട്ടത്തിനൊടുവില്‍ ആവേശകരമായാണ്, ഷാനിമോള്‍ ഉസ്മാന്‍ അരൂരില്‍നിന്നു നിയമസഭയിലേക്കു ജയിച്ചുകയറിയത്. മത്സരിച്ചപ്പോഴെല്ലാം പരാജയപ്പെട്ടിട്ടും പ്രവര്‍ത്തന മേഖലയില്‍ അണുവിട പോലും തോല്‍ക്കാതെ രാഷ്ട്രീയ രംഗത്തു മുപ്പത്തിയഞ്ചു വര്‍ഷം സജീവമായി നിന്ന ഷാനിമോളെ ഓര്‍ക്കുകയാണ്, സാമൂഹ്യ ഗവേഷക സുധാമേനോന്‍ ഈ കുറിപ്പില്‍. ഷാനിമോളുടെ വിജയം എങ്ങനെയാണ് ഉജ്വലമാവുന്നത് എന്നു വിശദീകരിക്കുന്നു, ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച ഈ കുറിപ്പ്:
 

മുപ്പത്തി അഞ്ചു വര്ഷം, അല്ലെങ്കില്‍ അതിലേറെ... കേഡര് സ്വഭാവമില്ലാത്ത ഒരു മാസ് പാര്‍ട്ടിയില് അധികാര സ്ഥാപനങ്ങളുടെ ഭാഗമായിട്ടല്ലാതെയും, ഗ്രൂപ്പ് താല്പര്യങ്ങളുടെ അംബാസഡർ ആകാതെയും ഇത്രയും നീണ്ട കാലയളവിൽ സജീവ രാഷ്ട്രീയ പ്രവർത്തനം നടത്തുക എന്നത് ഒരു സ്ത്രീയെ സംബന്ധിച്ചു എളുപ്പമല്ല. പ്രത്യേകിച്ചും ആണത്തം മാത്രം ആഘോഷിക്കപ്പെടുന്ന ഇന്ത്യൻ പൊതുമണ്ഡലത്തിൽ. ഷാനിമോൾ ഉസ്മാൻ രാഷ്ട്രീയമായി വിജയിച്ചത് ഇവിടെയാണ്. അവർ ഒരു കാലത്തും patronage പൊളിറ്റിക്സിന്റെ ഭാഗമായില്ല. നിവർന്നു നിന്നു, എല്ലാ തോൽവികളെയും രാഷ്ട്രീയമായി മാത്രം കണ്ടു കൊണ്ട് . അവരുടെ വിജയം ആഘോഷിക്ക പ്പെടേണ്ടത് ഇവിടെയാണ്.അഭിനന്ദനങ്ങള്...‍

ഇരുപത്തി ഒന്‍പതു കൊല്ലം മുന്‍പാണ് ഷാനിമോള്‍ ഉസ്മാനെ ആദ്യമായി കണ്ടത്. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറില്‍. ഞാൻ പയ്യന്നൂർ കോളേജിൽ ഒന്നാം വർഷ പ്രീഡിഗ്രി വിദ്യാർത്ഥിനി . അവർ അന്ന് കെ എസ് യു സംസ്‌ഥാന വൈസ് പ്രസിഡണ്ട്. ഒരു വനിതക്ക് വിദ്യാർത്ഥി സംഘടനയിൽ എത്തിപ്പെടാൻ പറ്റുന്ന ഏറ്റവും ഉന്നതസ്ഥാനം. അന്ന് ആവേശോജ്വലമായി അവർ പ്രസംഗിച്ചു. ഞങ്ങളുടെ കോളേജിൽ തന്നെ സീനിയർ ആയി പഠിച്ച കെസി വേണുഗോപാൽ ആയിരുന്നു അന്നത്തെ സംസ്‌ഥാന പ്രസിഡണ്ട്. അവരോടൊപ്പം എൺപതുകളിൽ വിദ്യാർത്ഥിരാഷ്ട്രീയപ്രവർത്തനം നടത്തിയ പുരുഷസഹപ്രവർത്തകരിൽ പലരും അധികാരത്തിന്റെ പടവുകൾ വളരെ പെട്ടെന്ന് തന്നെ കയറിപ്പോയി. പാർട്ടി പറഞ്ഞപ്പോഴൊക്കെ അവർ മത്സരിച്ചു. എല്ലായ്പ്പോഴും പരാജയപ്പെട്ടു. ഒരു പരിഭവവും ഇല്ലാതെ അവർ അവരുടെതായ രീതിയിൽ, രാഷ്ട്രീയപ്രവർത്തനം തുടർന്നു. എല്ലാ തിരഞ്ഞെടുപ്പ് തോൽവികളും ,അവർ തികഞ്ഞ രാഷ്ട്രീയ ബോദ്ധ്യത്തോടെ, അന്തസ്സോടെ ഏറ്റുവാങ്ങി. ഒരു തവണ പോലും അവർ വ്യക്തിപരമായി അത് ഏറ്റെടുത്തില്ല. അവരോട് തോൽ‌വിയിൽ വിഷമം ഇല്ലേ എന്ന് ചോദിച്ചപ്പോഴും പാർട്ടി ആണ് തോറ്റത്, ഷാനിമോൾ എന്ന വ്യക്തി അല്ല. പാർട്ടി തോറ്റതിൽ വിഷമമുണ്ട് എന്ന് മാത്രം അവർ പറഞ്ഞു. എ ഐസിസി യുടെ സെക്രട്ടറി സ്ഥാനം വരെ അവരെ തേടിയെത്തിയതും പക്വതയുള്ള, ആത്മബോധമുള്ള സ്ത്രീ എന്ന നിലയിൽ ഉള്ള അംഗീകാരമായിട്ടായിരുന്നു എന്ന് കാണാനാണ് എനിക്കിഷ്ടം.

എന്നെ അവർ അമ്പരപ്പിച്ചത് അതുകൊണ്ട് മാത്രമല്ല.
കുറച്ചു മാസങ്ങൾക്ക് മുൻപ് ഷാനി ചേച്ചി അഹമ്മദാബാദിൽ വന്നിരുന്നു. തികച്ചും സ്വകാര്യമായ, തന്റേതു മാത്രമായ ബോധ്യത്തിന്റെ പുറത്തായിരുന്നു അത്. സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേതാഭട്ടിനെ കാണാനും ഐക്യദാർഢ്യം പ്രഖ്യാപിക്കാനും വേണ്ടിയാണ് അവർ ഒറ്റക്ക് ഇവിടെ വന്നത്. ഞാനും, ചേച്ചിയും കൂടിയാണ് അന്ന് ഗാന്ധി ആശ്രമത്തിൽ പോയത്. കേരളത്തിൽ നിന്ന് ആദ്യമായിട്ട് ശ്വേതയെ കാണാൻ എത്തിയ രാഷ്ട്രീയ നേതാവ് ഷാനിചേച്ചി ആയിരുന്നു. വളരെ ആദരവോടെയാണ് ശ്വേതാ ഭട്ട് ആ സ്നേഹത്തെ ഏറ്റെടുത്തതും. ഗുജറാത്തിലെ കോൺഗ്രസ്സുകാർക്ക് കേരളത്തിൽ നിന്നും ഒരു വനിതാ നേതാവ് സ്വന്തം ബോധ്യത്തിന്റെ പുറത്തു മാത്രം ശ്വേതാഭട്ടിനെ കാണാന്‍ എത്തിയത് അന്നും, ഇന്നും മനസ്സിലായിട്ടില്ല.

അഹമ്മദാബാദിലെ മുസ്ലിം ഘെട്ടോ ആയ ജുഹാപുരയെക്കുറിച്ചു ഞാൻ എഴുതിയ കുറിപ്പ് വായിച്ചു, അവിടം വരെ പോകണമെന്നും കാണണമെന്നും ആഗ്രഹം പ്രകടിപ്പിക്കുകയും, ഒരു ഓട്ടപ്രദക്ഷിണം നടത്തുകയും ചെയ്തത് രസകരമായ ഓർമയാണ്. മുപ്പത്തി മൂന്നു വർഷത്തെ രാഷ്ട്രീയ ജീവിതത്തിൽ ഒരിക്കൽ പോലും ജനപ്രതിനിധി ആകാൻ പറ്റാത്തതിനെ കുറിച്ച് ഒരിക്കലും അവർ ഒരു പരാതിയും പറഞ്ഞില്ല.

ഇന്ന് പ്രിയപ്പെട്ട ഷാനിച്ചേച്ചി ജയിക്കുമ്പോൾ അതുകൊണ്ട് തന്നെ അത് രാഷ്ട്രീയവിജയം തന്നെയാണ്. പർദ്ദ ഇടാതെയും, ഗ്രൂപ്പുകളുടെ നിഴലിൽ ഒതുങ്ങാതെയും, ജാതിസമവാക്യങ്ങളിൽ ഭാഗമാകാതെയും ഒരു സ്ത്രീക്ക് ജയിച്ചു വരാൻ കഴിഞ്ഞു എന്നത് നിസ്സാരകാര്യമല്ല. അവരുടെ തേജസ്സുള്ള രാഷ്ട്രീയബോധത്തിന്റെ വിജയം ആണിത് . ആത്മബോധമുള്ള പോരാളിയുടെ വിജയം.

ലിജുവിനു കൂടി അവകാശപ്പെട്ടതാണ് ഈ വിജയം. അധികാരത്തോട് അനാവശ്യ പ്രതിപത്തി കാണിക്കാതെയും ജനകീയ രാഷ്ട്രീയ പ്രവർത്തനം നടത്താമെന്നു ലിജു കാണിച്ചു തരുന്നു. കോണ്‍ഗ്രസിലെ ഇന്നത്തെ യുവനേതാക്കളില്‍ ഏറ്റവും അനുകരണീയമായ മാതൃകയാണ് ലിജു.

പക്ഷെ, നിർഭാഗ്യവശാൽ ലിജുവിനെ പോലുള്ളവർ അപൂർവമായി മാറുകയും അടൂർ പ്രകാശിനെ പോലുള്ള, സുകുമാരൻ നായരെ പോലുള്ള ലൂയി പതിനാലാമൻ ആയി സ്വയം സങ്കല്പിക്കുന്ന പ്രാദേശിക സത്രപൻമാരും ജാതി വേതാളങ്ങളും
ഉണ്ടാക്കുന്ന 'credibility crisis' കൂടി വരികയും ചെയുന്നു എന്നത് കൊണ്ടാണ് കോൺഗ്രസ് ഇന്നും ഉയിർത്തെഴുനേൽക്കാത്തതു. ഹരിയാനയിൽ, മഹാരാഷ്ട്രയിൽ, ഗുജറാത്തിൽ ഒക്കെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് എന്ന ദേശിയ പാർട്ടി സ്വത്വ രാഷ്ട്രീയമോ, ജാതിയോ, ഫ്യുഡൽ രാജപാരമ്പര്യമോ പേറുന്ന സുകുമാരന്‍ നായരുടെയും, വെള്ളാപ്പള്ളിമാരുടെയും, അധികാര ദല്ലാള്‍മാരായ അടൂർ പ്രകാശുമാരുടെയും കൈകളിൽ ആണ്. യഥാർത്ഥ പ്രവർത്തകർക്കു അധികാരം അന്യമാണ്.

എന്നിട്ടും,ഒരു തവണ പോലും വീട്ടിൽ വരാത്ത കോൺഗ്രസ്സ് പാർട്ടിയുടെ പേരറിയാത്ത ഏതോ സ്ഥാനാർത്ഥിയെ കൈപ്പത്തി ചിഹ്നം നോക്കി
മാത്രം ഹരിയാനയിലെയും മഹാരാഷ്ട്രയിലെയും, ഗുജറാത്തിലേയും പാവപ്പെട്ട വോട്ടർമാർ എല്ലാ പ്രലോഭനങ്ങളെയും അതിജീവിച്ചു കൊണ്ട് ജയിപ്പിച്ചുവെങ്കിൽ, അവർ നിര്‍ജീവമായ ഈ പാര്‍ട്ടിയില്‍ ഇപ്പോഴും വിശ്വസിക്കുന്നതിനെ നാം നിസ്സാരമായി കാണരുത്. ‍ ഈ ആസുരകാലത്ത്, നിശബ്ധത കൊടിയ വഞ്ചനയാണെന്ന് കോണ്‍ഗ്രസ്‌ നേതൃത്വം മനസ്സിലാക്കണം.Silence is Betrayal.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com