'പൂതന' പരാമര്‍ശം കൊണ്ട് നാലുവോട്ടു പോയത് ഷാനിമോള്‍ക്ക്; നഷ്ടമായത് ന്യൂനപക്ഷങ്ങളുടെ വോട്ടുകളെന്ന് ജി സുധാകരന്‍

സിംപതി കൊണ്ടാണ് ജയിച്ചതെങ്കില്‍ ഷാനിമോളുടെ ഭൂരിപക്ഷം ഇതുപോരായിരുന്നു. നിരങ്ങിയാണ് ഷാനിമോള്‍ അരൂരില്‍ ജയിച്ചത്
'പൂതന' പരാമര്‍ശം കൊണ്ട് നാലുവോട്ടു പോയത് ഷാനിമോള്‍ക്ക്; നഷ്ടമായത് ന്യൂനപക്ഷങ്ങളുടെ വോട്ടുകളെന്ന് ജി സുധാകരന്‍

ആലപ്പുഴ: ഉപതെരഞ്ഞടുപ്പില്‍ അരൂരിലെ തോല്‍വിക്ക് പിന്നാലെ പൊട്ടിത്തെറിച്ച് മന്ത്രി ജി സുധാകരന്‍. തോല്‍വിയുടെ ഉത്തരവാദിത്തം തന്റെ മേല്‍കെട്ടിവെക്കാന്‍ ചിലര്‍ ശ്രമിക്കുന്നതെന്ന ജി സുധാകരന്‍ പറഞ്ഞു. തന്റെ പൂതന പരാമര്‍ശം കൊണ്ട് ഇടതുമുന്നണി സ്ഥാനാര്‍ഥി മനുവിന് ഒരു വോട്ടും നഷ്ടമായിട്ടില്ല. ഈ പ്രചാരണം കൊണ്ട് ഷാനിമോള്‍ ഉസ്മാന്‌ നാലുവോട്ടുകള്‍ നഷ്ടമായിട്ടുണ്ടാവാമെന്നും ജി സുധാകരന്‍ പറഞ്ഞു. 

സിംപതി കൊണ്ടാണ് ജയിച്ചതെങ്കില്‍ ഷാനിമോളുടെ ഭൂരിപക്ഷം ഇതുപോരായിരുന്നു. നിരങ്ങിയാണ് ഷാനിമോള്‍ അരൂരില്‍ ജയിച്ചത്. സീറ്റ് നഷ്ടപ്പെട്ടതില്‍ സങ്കടമുണ്ട്. അതിന്റെ കാര്യങ്ങള്‍ പാര്‍ട്ടി വിശദമായി പരിശോധിക്കുമെന്ന് സുധാകരന്‍ പറഞ്ഞു. 

കടപ്പുറത്തെയും കായലോരത്തെയും വോട്ട് ഇടതുമുന്നണിക്ക് നഷ്ടപ്പെട്ടു. ഇത് പാര്‍ട്ടി സൂക്ഷ്മമായി പരിശോധിക്കണം. അവിടങ്ങളില്‍ ന്യൂനപക്ഷങ്ങളുടെ വോട്ടുകളാണ് നഷ്ടമായത്.  എസ്എന്‍ഡിപിയുടെയും നായര്‍ സമുദായത്തിന്റെയും വോട്ടുകള്‍ കിട്ടിയിട്ടുണ്ട്. പ്രചാരണത്തില്‍ അടുക്കും ചിട്ടയുമായ പ്രവര്‍ത്തനങ്ങളാണ് കാഴ്ചവെച്ചത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞടുപ്പിനെക്കാള്‍ 2000 വോട്ടുകളാണ് മനു സി പുളിക്കന്‍ അധികം പിടിച്ചത്. എന്നാല്‍ അതിലേറെ വോട്ടുകള്‍ പിടിക്കാന്‍  യുഡിഎഫിന് കഴിഞ്ഞതാണ് അവരുടെ വിജയത്തിന് ഇടയാക്കിയത്. കൂടാതെ ബിജെപി വോട്ടുകളും ഷാനിമോള്‍ ഉസ്മാന് ലഭിച്ചു. പതിനായിരത്തലധികം വോ്ട്ടുകളാണ് ബിജെപിക്കാര്‍ യുഡിഎഫിന് നല്‍കിയത്.

സമുദാസംഘടനകള്‍ക്ക് അവരവരുടെ നിലപാടുകള്‍ സ്വീകരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ അതിരുവിട്ട നിലപാട് ഒരു സംഘടനയും സ്വീകരിക്കരുത്. അങ്ങനെ സ്വീകരിച്ചാല്‍ മറ്റുസമുദായങ്ങള്‍ക്ക് അത് ഇഷ്ടപ്പെടില്ല. അതാണ് കേരളത്തിന്റെ മനസ്സ്. അത് ഈ ഉപതെരഞ്ഞെടുപ്പിലും ഉണ്ടായെന്ന് സുധാകരന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com