റോബിന്‍ പീറ്ററുടെ അയോഗ്യത എന്തായിരുന്നെന്ന് അറിയില്ല; പാര്‍ട്ടി വേദിയില്‍ ചിലതു പറയാനുണ്ട്: അടൂര്‍ പ്രകാശ്

തെരഞ്ഞെടുപ്പു പ്രചാരണത്തിനു നേതൃത്വം നല്‍കിയ ഡിസിസിയുടെ പ്രവര്‍ത്തനം ജനങ്ങള്‍ ഉള്‍ക്കൊണ്ടില്ലെന്ന് അടൂര്‍ പ്രകാശ്
അടൂര്‍ പ്രകാശ് / ഫയല്‍
അടൂര്‍ പ്രകാശ് / ഫയല്‍

തിരുവനന്തപുരം: കോന്നി ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി താന്‍ നിര്‍ദേശിച്ച റോബിന്‍ പീറ്ററുടെ അയോഗ്യത എന്താണെന്ന് തനിക്കറിയില്ലെന്ന്, ഇരുപത്തിമൂന്നു കൊല്ലം കോന്നിയെ പ്രതിനിധീകരിച്ച കോണ്‍ഗ്രസ് നേതാവ് അടൂര്‍ പ്രകാശ് എംപി. കോന്നിയില്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിനു നേതൃത്വം നല്‍കിയ ഡിസിസിയുടെ പ്രവര്‍ത്തനം ജനങ്ങള്‍ ഉള്‍ക്കൊണ്ടില്ലെന്ന് അടൂര്‍ പ്രകാശ് വാര്‍ത്താ സമ്മേളനത്തില്‍ വിമര്‍ശിച്ചു.

പാര്‍ട്ടി ആരാഞ്ഞതുകൊണ്ടാണ് പിന്‍ഗാമിയായി റോബിന്‍ പീറ്ററുടെ പേരു നിര്‍ദേശിച്ചത്. ജാതിയോ മതമോ മറ്റേതെങ്കിലും പരിഗണന വച്ചല്ല പേരു നിര്‍ദേശിച്ചതെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു. ഏതെങ്കിലും ഒരു വിഭാഗത്തിന്റെ മാത്രം പിന്തുണയിലല്ല താന്‍ ജയിച്ചുകൊണ്ടിരുന്നത്. റോബിന്‍ പീറ്ററുടെ അയോഗ്യത എന്തായിരുന്നുവെന്ന ചോദ്യത്തിന്, തനിക്കറിയില്ലെന്നായിരുന്നു അടൂര്‍ പ്രകാശിന്റെ മറുപടി. പാര്‍ട്ടി നേതൃത്വമാണ് സ്ഥാനാര്‍ഥി ആരെന്നു തീരുമാനിക്കുന്നത്. ആ തീരുമാനം താന്‍ അംഗീകരിച്ചതാണെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു. 

പിന്‍ഗാമിയായി താന്‍ ഒരാളെ നിര്‍ദേശിച്ചു. എന്നാല്‍ പാര്‍ട്ടി മറ്റൊരു തീരുമാനമാണ് എടുത്തത്. അത് അംഗീകരിച്ച് താന്‍ പ്രചാരണത്തില്‍ സജീവമായി ഇടപെട്ടിട്ടുണ്ടെന്ന് അടൂര്‍ പ്രകാശ് ചൂണ്ടിക്കാട്ടി.  എന്നിട്ടും താന്‍ ഒളിച്ചോടിപ്പോയെന്ന് പല പ്രചാരണവുമുണ്ടായി. അടൂര്‍ പ്രകാശ് അങ്ങനെ ഒളിച്ചോടിപ്പോവുന്ന ആളല്ല. 

മണ്ഡലത്തില്‍ ഇടതുപക്ഷത്തിന്റെ മുന്നേറ്റം അപ്രതീക്ഷിതമാണ്. എന്നാല്‍ ഇടതുപക്ഷത്തിന്റെ കുത്തകയായിരുന്ന മണ്ഡലമാണ് കോന്നി. ആദ്യം മത്സരിച്ചപ്പോള്‍ എണ്ണൂറിലേറെ വോട്ടിനാണ് താന്‍ അവിടെ ജയിച്ചത്. ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ നിരന്തരമായി ഇടപെട്ടാണ് മണ്ഡലം നിലനിര്‍ത്തിയത്. ജാതിയോ മതമോ രാഷ്ട്രീയമോ നോക്കാതെയാണ് തനിക്കു പിന്തുണ കിട്ടിയത്. ഇപ്പോള്‍ മോഹന്‍ രാജിന് പരാജയം സംഭവിച്ചതില്‍ ഖേദമുണ്ട്. മോഹന്‍രാജ് പാര്‍ട്ടിയുടെ സീനിയര്‍ നേതാവാണ്. തനിക്കൊപ്പം ജില്ലാ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചയാളാണെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു.

ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടന്നത്. അതില്‍ ചില തെറ്റായ കാര്യങ്ങളും നടന്നിട്ടുണ്ട്. കോന്നിയിലെ ജനങ്ങള്‍ അത് ഉള്‍ക്കൊണ്ടില്ലെന്നാണ് മനസിലാവുന്നത്. പാര്‍ട്ടി ഇക്കാര്യത്തില്‍ സമഗ്ര  അന്വേഷണം നടത്തണം. പ്രചാരണ രംഗത്തു മാത്രമല്ല, പലയിടത്തും ഡിസിസി നേതൃത്വത്തിന് വീഴ്ചയുണ്ട്. അതെല്ലാം അവസരം കിട്ടിയാല്‍ പാര്‍ട്ടി വേദിയില്‍ പറയും.

താന്‍ എംഎല്‍എ ആയി തുടരണം എന്നായിരുന്നു ജനങ്ങളുടെ ആഗ്രഹം. അതു നടക്കാതെ വന്നത് അവര്‍ക്കു ബുദ്ധിമുട്ടായിട്ടുണ്ടാവണം. ജനങ്ങളുടെ ആ പ്രയാസം തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിട്ടുണ്ടാവാമെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com