ഗതാഗത നിയമ ലംഘനം;  പുതിയ പിഴത്തുക ഇന്ന് മുതല്‍ പ്രാബല്യത്തില്‍, വിജ്ഞാപനമിറങ്ങി

രജിസ്റ്റര്‍ ചെയ്യാതെയും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെയും  വാഹനം ഉപയോഗിച്ചാല്‍  ആദ്യതവണ സ്വകാര്യ വാഹനങ്ങള്‍ക്ക് 2000 രൂപയെന്നത് 3000  രൂപയായി വര്‍ധിപ്പിച്ചു
ഗതാഗത നിയമ ലംഘനം;  പുതിയ പിഴത്തുക ഇന്ന് മുതല്‍ പ്രാബല്യത്തില്‍, വിജ്ഞാപനമിറങ്ങി

തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പുതുക്കിയ പിഴത്തുക പ്രാബല്യത്തില്‍ വന്നു. പിഴത്തുക കുറച്ച് ഗതാഗത വകുപ്പ് വിജ്ഞാപനം ഇറക്കിയതോടെയാണ് ഇത്. ഇതോടെ സീറ്റ് ബെല്‍റ്റ് ഇടാതേയും, ഹെല്‍മറ്റ് വയ്ക്കാതേയും വാഹനം ഓടിച്ചാലുള്ള പിഴത്തുക 1000 രൂപയില്‍ നിന്ന് 500 രൂപയായി. 

കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ മോട്ടോര്‍വാഹന നിയമഭേദഗതി പ്രകാരമുള്ള പുതുക്കിയ പിഴ തുകകള്‍ക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതോടെ വാഹന നിയമങ്ങള്‍ ലംഘിക്കുന്നതിലുള്ള പിഴത്തുക കുറയ്ക്കാന്‍ കഴിഞ്ഞ മന്ത്രിസഭാ യോഗം തീരുമാനിക്കുന്നത്. എന്നാല്‍ മദ്യപിച്ച് വാഹനമോടിക്കള്‍ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ക്കുള്ള പിഴ തുകയില്‍ ഇളവ് വരുത്തിയിട്ടില്ല. 

ഉദ്യോഗസ്ഥരുടെ ഉത്തരവ് പാലിക്കാതിരിക്കുക, തെറ്റായ വിവരം, രേഖ എന്നിവ നല്‍കുക എന്നീ കുറ്റങ്ങള്‍ക്കുള്ള പിഴ തുക 1000 രൂപയായി കുറച്ചു. ഇത് നേരത്തെ 2000 രൂപയായിരുന്നു. രജിസ്റ്റര്‍ ചെയ്യാതെയും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെയും  വാഹനം ഉപയോഗിച്ചാല്‍  ആദ്യതവണ സ്വകാര്യ വാഹനങ്ങള്‍ക്ക് 2000 രൂപയെന്നത് 3000  രൂപയായി വര്‍ധിപ്പിച്ചു. 

ഇന്‍ഷുറന്‍സ് ഇല്ലാതെ വാഹനം ഓടിച്ചാല്‍  ആദ്യ കുറ്റത്തിന്  2000 രൂപ തന്നെ തുടരും. നിയമലംഘനം ആവര്‍ത്തിച്ചാല്‍ 4000 രൂപയാകും പിഴ.  മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുള്ള െ്രെഡവിങ്ങിന് 2000 രൂപയും സാമൂഹിക സേവനവുമാണ് ശിക്ഷ നിശ്ചയിച്ചിരുന്നത്. ഇതില്‍നിന്ന് സാമൂഹിക സേവനം ചെയ്യണമെന്ന നിബന്ധന ഒഴിവാക്കിയിട്ടുണ്ട്.

പിഴത്തുക നിശ്ചയിക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക് നല്‍കണം എന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും അനുകൂല പ്രതികരണമുണ്ടായില്ല. ഇതോടെ ഗതാഗത സെക്രട്ടറിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ പ്രത്യേക സമിതി രൂപീകരിച്ച് വിഷയം പഠിക്കുകയും, നിയമവകുപ്പിന്റെ അടക്കം അഭിപ്രായം തേടുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പിഴത്തുക കുറയ്ക്കാന്‍ തീരുമാനമായത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com