പതുങ്ങിവരുന്ന പിള്ളേച്ചന്‍; കയ്യോടെ പിടികൂടി കേരളാ പൊലീസ്; ട്രോള്‍ ഹിറ്റ്

നിയമം മാറിയതറിയാതെ പതുങ്ങി വരുന്ന പിള്ളേച്ചന്‍ പുതിയ നിയമത്തെക്കണ്ട് തൊഴുന്നതും കീശകീറരുതെന്ന് അപേക്ഷിക്കുന്നതുമാണ് ട്രോള്‍
പതുങ്ങിവരുന്ന പിള്ളേച്ചന്‍; കയ്യോടെ പിടികൂടി കേരളാ പൊലീസ്; ട്രോള്‍ ഹിറ്റ്

തിരുവനന്തപുരം: ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് കനത്ത പിഴയുമായി മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്‍ ഇന്നുമുതല്‍ നടപ്പിലാകുകയാണ്. റോഡുകളിലെ ഓരോ നിയമ ലംഘനത്തിനും നിലവിലുള്ളതിനേക്കാള്‍ പത്തിരട്ടിയോളം പിഴകളാണ് ബില്‍ വ്യവസ്ഥ ചെയ്യുന്നത്. ഈ വിവരം ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ കിടിലന്‍ ട്രോളുമായെത്തിയിരിക്കുകയാണ് കേരള പൊലീസ്. 

മീശമാധവന്‍ എന്ന സിനിമയിലെ ജഗതി ശ്രീകുമാര്‍ അവതരിപ്പിച്ച പിള്ളേച്ചന്‍ എന്ന കഥാപാത്രത്തെ ഉപയോഗിച്ചാണ് രസകരമായ ട്രോള്‍ പൊലീസ് ഉണ്ടാക്കിയിരിക്കുന്നത്. നിയമം മാറിയതറിയാതെ പതുങ്ങി വരുന്ന പിള്ളേച്ചന്‍ പുതിയ നിയമത്തെക്കണ്ട് തൊഴുന്നതും കീശകീറരുതെന്ന് അപേക്ഷിക്കുന്നതുമാണ് ട്രോള്‍. പൊലീസിന്റെ ഔദ്യോഗിക ഫേസ് ബുക്ക് പേജിലൂടെയാണ് ഈ ട്രോള്‍ പുറത്തുവിട്ടിരിക്കുന്നത്. ട്രോളിന് നിരവധി ഷെയറുകളും കമന്റുകളുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 

നിലവില്‍ ഒടുക്കുന്ന പിഴയുടെ പത്തിരട്ടിയാണ് പിഴ നല്‍കേണ്ടി വരിക. മദ്യപിച്ചു വാഹനം ഓടിച്ചാല്‍ 10000 രൂപയും കുറ്റം ആവര്‍ത്തിച്ചാല്‍ 15000 രൂപയുമാണ് പിഴ. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വണ്ടി ഓടിച്ചാല്‍ 10000 രൂപ പിഴ നല്‍കേണ്ടതായി വരും. ഹെല്‍മെറ്റോ സീറ്റ് ബെല്‍റ്റോ ധരിക്കാതെ യാത്ര ചെയ്താല്‍ 1000 രൂപ പിഴ നല്‍കണം. അമിത വേഗതയില്‍ വാഹനം ഓടിച്ചാല്‍ ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് 2000 രൂപയും മീഡിയം ഹെവി വാഹനങ്ങള്‍ക്ക് 4000 രൂപയുമാണ് പിഴ ഈടാക്കുക. ചുവപ്പ് സിഗ്‌നല്‍ തെറ്റിച്ചാല്‍ 10000 രൂപയും അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചാല്‍ 5000 രൂപയും ഒന്നില്‍ കൂടുതല്‍ ആളുകളെ ഇരു ചക്രവാഹനത്തില്‍ കയറ്റിയാല്‍ 2,000 രൂപയുമാണ് പിഴ ഒടുക്കേണ്ടത്.

ഓവര്‍ലോഡിന് 20000 രൂപയാണ് പിഴ നല്‍കേണ്ടത്. ആംബുലന്‍സ് പോലുളള ആവശ്യ സര്‍വീസുകള്‍ക്ക് വഴി നല്‍കിയില്ലെങ്കില്‍ 10000 രൂപ പിഴ ഈടാക്കും. ലൈസന്‍സ് ഇല്ലാതെ വാഹനമോടിച്ചാല്‍ 5000 രൂപ പിഴയും കുട്ടികള്‍ ഓടിച്ചാല്‍ 25,000 രൂപയും പിഴ ഒടുക്കേണ്ടി. ലൈസന്‍സ് റദ്ദാക്കിയാല്‍ കമ്മ്യൂണിറ്റി റിഫ്രഷ് കോഴ്‌സിന് വിധേയമാകേണ്ടതായിട്ടുമുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com