'അപ്പോഴല്ലേ വ്യാജമതേതരനും അന്തം കമ്മിക്കും പണികൊടുക്കാനാകു'; ഗവര്‍ണര്‍ ആകുന്നതിനെ പറ്റി ടിപി സെന്‍കുമാര്‍

സാമാന്യം ആരോഗ്യവാവായിരിക്കുമ്പോള്‍ ഗവര്‍ണര്‍ ആകുന്നതിലും നല്ലത് ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുക എന്നതാണെന്ന് മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍
'അപ്പോഴല്ലേ വ്യാജമതേതരനും അന്തം കമ്മിക്കും പണികൊടുക്കാനാകു'; ഗവര്‍ണര്‍ ആകുന്നതിനെ പറ്റി ടിപി സെന്‍കുമാര്‍

കൊച്ചി: സാമാന്യം ആരോഗ്യവാവായിരിക്കുമ്പോള്‍ ഗവര്‍ണര്‍ ആകുന്നതിലും നല്ലത് ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുക എന്നതാണെന്ന് മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍. അപ്പോഴല്ലേ വ്യാജമതേതരനും അന്തം കമ്മിക്കും പണികൊടുക്കാനാകുവെന്ന് സെന്‍കുമാര്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു. നിയുക്ത കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ആശംസകള്‍ അറിയിച്ച് സെന്‍കുമാര്‍ ഫെയ്‌സ്ബുക്കില്‍ കുറിപ്പ് ഇട്ടിരുന്നു. ഈ കുറിപ്പിന് അടിയില്‍ വന്ന പ്രതികരണത്തിനാണ് സെന്‍കുമാറിന്റെ മറുപടി.

ഗവര്‍ണര്‍ പി സദാശിവത്തിന്റെ കാലാവധി അടുത്തമാസം നാലിന് അവസാനിക്കാനിരിക്കെ കേരളാ ഗവര്‍ണര്‍ സ്ഥാനത്തേക്ക് ടിപി സെന്‍കുമാര്‍ വരുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കേരളത്തിലെ ബിജെപി നേതാക്കളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് സെന്‍കുമാറിന്റെ പേര് ഒഴിവാക്കിയതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്നാല്‍ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ തന്നെ താന്‍ ഗവര്‍ണര്‍ ആകുമോ, മറ്റെന്തെങ്കിലും ആകുമോ എന്നൊന്നും അറിയില്ല. ബിജെപി നേതാക്കളാരും ഇത്തരം കാര്യമൊന്നും സംസാരിച്ചിട്ടില്ലെന്നം ഉടനെ ഡല്‍ഹിക്ക് പോകുന്നില്ലെന്നും സെന്‍കുമാര്‍ പ്രതികരിച്ചിരുന്നു. 

ചരിത്രവും മത സംഹിതകളും ശരിയായ മനുഷ്യാവകാശങ്ങളും നിയമങ്ങളും നന്നായി അറിയുന്ന രാഷ്ട്രപ്രതിബദ്ധതയുള്ള,പ്രീണനങ്ങള്‍ക്ക് വഴങ്ങാത്ത മനുഷ്യസ്‌നേഹിയാണ് ആരിഫ് മുഹമ്മദ് ഖാനെന്ന് സെന്‍കുമാര്‍ പറയുന്നു, ദേശീയവാദികള്‍ക്ക് എന്നും പ്രചോദനം.ജാതി മത ചിന്തകള്‍ ഇല്ലാതെ എല്ലാ ഭാരതീയരും ഒരമ്മ പെറ്റ മക്കള്‍ എന്ന് വിശ്വസിക്കുന്ന യഥാര്‍ത്ഥ മതേതരവാദി.കേരളത്തിന് മികച്ച വഴികാട്ടിയാവാന്‍ അദ്ദേഹത്തിനാകും.നിയുക്ത കേരള ഗവര്‍ണര്‍ക്ക് ആശംസകള്‍ എന്നായിരുന്നു സെന്‍കുമാറിന്റെ പോസ്റ്റ്.

ഈ പോസ്റ്റിനടിയില്‍ സെന്‍കുമാറിനെ വിമര്‍ശിച്ചും അനുകൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. ഗവര്‍ണ്ണര്‍ സ്ഥാനത്തിരുന്നാല്‍ അങ്ങയുടെ കഴിവുകളുടെ സദ്ഫലം സാധാരണ ജനങ്ങള്‍ക്ക് ലഭിക്കുകയില്ല. മറിച്ച് മന്ത്രിയാകുകയാണെങ്കില്‍ ജനങ്ങള്‍ക്ക് Good governance ന്റെ സദ് ഫലം ജനങ്ങള്‍ക്ക് അനുഭവവേദ്യമാകും. അതാണ് നാടിനാവശ്യം. ദൈവം അത് സാധ്യമാക്കുമെന്ന് പ്രാര്‍ത്ഥിക്കുന്നു എന്നാണ് ഒരു കമന്റ്. സെന്‍കുമാര്‍ സാറിനെ ട്രോളുന്നവര്‍ ഓര്‍ക്കുക.. പുള്ളി നാളെ ഇന്ത്യയുടെ രാഷ്ട്രപതിയോ ഉപരാഷ്ട്രപതിയോ ആയേക്കാം.. അതിനു കഴിവുള്ള പ്രസ്ഥാനത്തില്‍ ആണ് വിശ്വസിക്കുന്നത്.. അല്ലാതെ കുണ്ടറ അണ്ടി ആപ്പീസും പാല്‍സൊസൈറ്റിയും കൂടിപ്പോയാല്‍ സഹകരണ ബാങ്ക് പ്രസിഡണ്ടും ആക്കാന്‍ കഴിവുള്ള പാര്‍ട്ടിയില്‍ അല്ലെന്ന് ഒരുവന്‍ പറയുന്നു. 

താങ്കളൊക്കെ ഉത്തരേന്ത്യന്‍ സങ്കികളെപ്പോലെ ഇത്തരത്തില്‍ തരം താഴരുത്. ഒന്നുമില്ലെങ്കില്‍ ഒരു മലയാളിയല്ലേ.! അതിന്റെ നിലവാരമെങ്കിലും വേണം. ആരോഗ്യം കൊണ്ട് എന്ത് പണിയാ കൊടുക്കുന്നത്. ബുദ്ധിയും, വിവേകവും നന്മയോടെ പ്രവര്‍ത്തിക്കാത്ത ആരോഗ്യത്തെ കൊണ്ട് യാതൊരു പ്രയോജനവും കാണില്ല.പോട്ടെ സര്‍, സാരമില്ല അടുത്ത തവണ നോക്കാമല്ലോ, ഇനിയൊരല്‍പം വിശ്രമമാവാം ഈ വര്‍ഗ്ഗീയ പ്രസംഗങ്ങളൊക്കെ നിര്‍ത്തിയിട്ട്...എന്നിങ്ങനെ പോകുന്നു കമന്റുകള്‍
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com