ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചു ;സ്റ്റേജില്‍ നിന്നും തള്ളി താഴെയിട്ടു ; പി ടി തോമസ് എംഎല്‍എക്കെതിരെ നഗരസഭാധ്യക്ഷയുടെ പരാതി

എംഎല്‍എയുടെ സമീപത്തുണ്ടായിരുന്ന കണ്ടാലറിയാവുന്ന ആള്‍ കൗണ്‍സിലര്‍ നിഷാദിന്റെ മുഖത്തടിച്ചു. അസഭ്യം പറഞ്ഞു
ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചു ;സ്റ്റേജില്‍ നിന്നും തള്ളി താഴെയിട്ടു ; പി ടി തോമസ് എംഎല്‍എക്കെതിരെ നഗരസഭാധ്യക്ഷയുടെ പരാതി

കൊച്ചി : തൃക്കാക്കര എംഎല്‍എ പിടി തോമസ് ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്ന് കാണിച്ച് തൃക്കാക്കര നഗരസഭാധ്യക്ഷ ഷീല ചാരു പൊലീസില്‍ പരാതി നല്‍കി. മുണ്ടംപാലത്തെ റോഡ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട തര്‍ക്കം അറിഞ്ഞ് സ്ഥലത്തെത്തിയ തന്നെ പിടി തോമസ് എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ ആക്ഷേപിച്ചെന്നാണ് ഷീല പരാതിയില്‍ വ്യക്തമാക്കുന്നത്. അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്. 

ഞായറാഴ്ച വൈകീട്ട് മുണ്ടംപാലത്ത് റോഡ് നിര്‍മാണോദ്ഘാടന ചടങ്ങിനോട് അനുബന്ധിച്ചായിരുന്നു സംഘര്‍ഷം. റോഡ് ഉദ്ഘാടനത്തിന്റെ പേരില്‍ പ്രശ്‌നങ്ങളുണ്ടെന്ന് വാര്‍ഡ് കൗണ്‍സിലര്‍ നിഷാദ് അറിയിച്ചത് അനുസരിച്ചാണ് താന്‍ സ്ഥലത്തെത്തിയത്. ബഹളത്തിനിടയില്‍ വേദിയിലുണ്ടായിരുന്ന പിടി തോമസ് എംഎല്‍എയോട് കാര്യം തിരക്കാന്‍ ചെന്നപ്പോഴാണ് ആക്ഷേപത്തിന് ഇരയായത്. കോണ്‍ഗ്രസില്‍ നിന്നും കൂറുമാറിപ്പോയ ആളോട് സംസാരിക്കാന്‍ തനിക്ക് താല്‍പ്പര്യമില്ലെന്ന് പറയുന്നതിനിടെ, എംഎല്‍എ ജാതിപ്പേരും വിളിച്ചെന്നാണ് ഷീല ആരോപിക്കുന്നത്. 

എംഎല്‍എയുടെ സമീപത്തുണ്ടായിരുന്ന കണ്ടാലറിയാവുന്ന ആള്‍ കൗണ്‍സിലര്‍ നിഷാദിന്റെ മുഖത്തടിച്ചു. അസഭ്യം പറഞ്ഞു. തന്നെയും നിഷാദിനെയും വേദിയില്‍ നിന്നും തള്ളി താഴെയിട്ടുവെന്നും നഗരസഭാധ്യക്ഷ പറയുന്നു. സംഭവത്തില്‍ വനിതാ കമ്മീഷനും പരാതി നല്‍കുമെന്ന് ഷീല അറിയിച്ചു. 

എംഎല്‍എ ഉദ്ഘാടകനായ സമ്മേളനത്തിന്റെ വേദി തകര്‍ത്തതിന് ഷീല ചാരു ഉള്‍പ്പെടെ 50 പേര്‍ക്കെതിരെ കഴിഞ്ഞദിവസം പൊലീസ് കേസെടുത്തിരുന്നു. നിയമവിരുദ്ധമായി സംഘം ചേരല്‍, അസഭ്യം പറയല്‍, ഭീഷണിപ്പെടുത്തല്‍, സ്റ്റേജ് തകര്‍ക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. ഉദ്ഘാടന ചടങ്ങിലേക്ക് നഗരസഭാധ്യക്ഷയെ ക്ഷണിച്ചില്ലെന്ന പരാതിയുമായി എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ വേദിയിലേക്ക് പ്രകടനമായെത്തുകയായിരുന്നു. യുഡിഎഫ് പ്രവര്‍ത്തകര്‍ ഇതു തടയാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്. 

തൃക്കാക്കര നഗരസഭയില്‍ ചെയര്‍പേഴ്‌സണ്‍ പദം പട്ടികജാതി സംവരണമാണ്. ആദ്യം എല്‍ഡിഎഫിന്റെ നേതൃത്വത്തിലായിരുന്നു നഗരസഭ ഭരണം. പിന്നീട് യുഡിഎഫ് ഭരണം തിരികെ പിടിക്കുകയായിരുന്നു. എന്നാല്‍ അടുത്തിടെ കോണ്‍ഗ്രസ് അംഗമായ ഷീല ചാരുവിനെ കൂറിമാറ്റി ഇടതുക്യാമ്പിലെത്തിച്ചാണ് എല്‍ഡിഎഫ് നഗരസഭ ഭരണം പിടിച്ചെടുത്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com