വിമതനെ നിര്‍ത്തിയത് തന്റെ അറിവോടെ; സൂക്ഷ്മ പരിശോധന കഴിഞ്ഞാല്‍ പത്രിക പിന്‍വലിക്കും; ജോസഫ്

പാലാ ഉപതെരഞ്ഞെടുപ്പില്‍ വിമത സ്ഥാനാര്‍ഥിയായി ജോസഫ് കണ്ടത്തിലിനെ നിര്‍ത്തിയത് തന്റെ അറിവോടെയാണെന്ന് പിജെ ജോസഫ്
വിമതനെ നിര്‍ത്തിയത് തന്റെ അറിവോടെ; സൂക്ഷ്മ പരിശോധന കഴിഞ്ഞാല്‍ പത്രിക പിന്‍വലിക്കും; ജോസഫ്

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ വിമത സ്ഥാനാര്‍ഥിയായി ജോസഫ് കണ്ടത്തിലിനെ നിര്‍ത്തിയത് തന്റെ അറിവോടെയാണെന്ന് പിജെ ജോസഫ്. സൂക്ഷ്മ പരിശോധന കഴിഞ്ഞാല്‍ വിമതന്‍ പത്രിക പിന്‍വലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കാനൊരുങ്ങുന്ന ജോസ് ടോം അച്ചടക്ക നടപടി നേരിട്ടയാളാണെന്ന് ജോസഫ് പറഞ്ഞു. സസ്‌പെന്‍ഷനിലുള്ളയാള്‍ക്ക് ചിഹ്നം നല്‍കുന്നതില്‍ സാങ്കേതിക തടസമുണ്ട്. സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് രേഖാമൂലം ആവശ്യപ്പെട്ടിട്ടില്ല. സൂക്ഷ്മ പരിശോധനാ സമയത്ത് ചിഹ്നം അനുവദിച്ചേക്കാം. ഈ നീക്കം തടയാന്‍ ആ സമയത്ത് ആളുണ്ടാകണം. പത്രിക നല്‍കിയവര്‍ക്കും പ്രതിനിധിക്കും മാത്രമേ അവിടെ പ്രവേശനമുള്ളൂ. രണ്ടില ചിഹ്നത്തിനായുള്ള ജോസ് കെ മാണി വിഭാഗത്തിന്റെ കത്ത് ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് കിട്ടിയതെന്നും ജോസഫ് പറഞ്ഞു. 

പാലാ ഉപതെരഞ്ഞെടുപ്പില്‍ വിമത നീക്കമില്ലെന്ന് പിജെ ജോസഫ് വ്യക്തമാക്കിയിട്ടുണ്ടെന്ന് രമേശ് ചെന്നിത്തല അറിയിച്ചു. ജോസഫ് വിഭാഗം സ്ഥാനാര്‍ഥിയെ നിര്‍ത്തിയത് യുഡിഎഫ് അറിഞ്ഞല്ല. നാളത്തെ യുഡിഎഫ് കണ്‍വെന്‍ഷനോടെ പ്രശ്‌നം പരിഹരിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി. 

പാലായില്‍ യുഡിഎഫ് ക്യാമ്പിനെ ഞെട്ടിച്ചായിരുന്നു ജോസഫ് വിഭാഗത്തിന്റെ സ്ഥാനാര്‍ഥി നാമനിര്‍ദേശ പത്രിക നല്‍കിയത്. കേരള കോണ്‍ഗ്രസ് സംസ്ഥാന സമിതി അംഗം ജോസഫ് കണ്ടത്തിലാണ് അവസാന മണിക്കൂറില്‍ പത്രിക സമര്‍പ്പിച്ചത്. കര്‍ഷക യൂണിയന്‍ സംസ്ഥാന സെക്രട്ടറി കൂടിയായ ജോസഫ് കണ്ടത്തില്‍ ജില്ലയിലെ ജോസഫ് നേതാക്കളോടൊപ്പമാണ് എത്തിയത്. ജോസഫിന്റേത് വിമത നീക്കമാണെന്നാരോപിച്ച് ജോസ് കെ മാണി രംഗത്തെത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com