ക്യൂറേറ്റീവ് പെറ്റീഷൻ നൽകുമെന്ന് ഫ്ലാറ്റുടമകൾ ; സുപ്രിംകോടതി ഉത്തരവ് നടപ്പാക്കാതിരിക്കാനാവില്ലെന്ന് മന്ത്രി

സുപ്രീംകോടതി വിധിപ്രകാരം 5 ഫ്‌ലാറ്റുകള്‍ പൊളിച്ചുനീക്കുമ്പോള്‍ നാനൂറോളം പേര്‍ക്കാണ് താമസസ്ഥലം നഷ്ടമാകുക
ക്യൂറേറ്റീവ് പെറ്റീഷൻ നൽകുമെന്ന് ഫ്ലാറ്റുടമകൾ ; സുപ്രിംകോടതി ഉത്തരവ് നടപ്പാക്കാതിരിക്കാനാവില്ലെന്ന് മന്ത്രി


കൊച്ചി : മരടിലെ ഫ്ലാറ്റുകൾ പൊളിക്കാനുള്ള സുപ്രിംകോടതി ഉത്തരവ് നടപ്പാക്കാതിരിക്കാനാവില്ലെന്ന് തദ്ദേശസ്വയംഭരണമന്ത്രി എ സി മൊയ്തീന്‍. നിയമവിദഗ്ധരുമായി ആലോചിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഫ്ലാറ്റുകൾ പൊളിക്കുന്നതുമായി  ബന്ധപ്പെട്ട പാരിസ്ഥിതിക പ്രശ്‌നങ്ങളും പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു. 

അതേസമയം രണ്ടാഴ്ചയ്ക്കകം ഫ്ലാറ്റുകൾ പൊളിക്കണമെന്ന സുപ്രിംകോടതി വിധിക്കെതിരെ ക്യുറേറ്റീവ് പെറ്റീഷന്‍ നല്‍കാനുള്ള തയ്യാറെടുപ്പിലാണ് ഫ്ലാറ്റുടമകള്‍. തങ്ങളുടെ വാദം കോടതി കേട്ടില്ലെന്നും, അതിനാലാണ് ക്യൂറേറ്റീവ് പെറ്റീഷനുമായി സുപ്രിംകോടതിയെ വീണ്ടും സമീപിക്കുന്നതെന്നും ഫ്ലാറ്റ് ഉടമകള്‍ വ്യക്തമാക്കി. 

ഫ്ലാറ്റ് സമുച്ചയങ്ങളുടെ നിര്‍മ്മാണം സംബന്ധിച്ച് സുപ്രിംകോടതി നിയോഗിച്ച മൂന്നംഗ കമ്മീഷന്റെ റിപ്പോര്‍ട്ട് തെറ്റിദ്ധാരണാജനകമാണെന്നും ഫ്‌ലാറ്റുടമകള്‍ അഭിപ്രായപ്പെടുന്നു. ജില്ലാ കളക്ടറും മുന്‍സിപ്പല്‍ സെക്രട്ടറിയും തദ്ദേശസ്വയംഭരണ സെക്രട്ടറിയും അടങ്ങുന്ന കമ്മീഷനാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതില്‍ ഫ്‌ലാറ്റിലെ താമസക്കാരുടെ വിവരങ്ങള്‍ നല്‍കിയതില്‍ ഉള്‍പ്പടെ വീഴ്ചയുണ്ടായി. ഇക്കാര്യം സര്‍ക്കാര്‍ സുപ്രിംകോടതിയെ ബോധ്യപ്പെടുത്തണമെന്നും ഫ്ലാറ്റ് ഉടമകള്‍ ആവശ്യപ്പെട്ടു.

സുപ്രീംകോടതി വിധിപ്രകാരം 5 ഫ്‌ലാറ്റുകള്‍ പൊളിച്ചുനീക്കുമ്പോള്‍ നാനൂറോളം പേര്‍ക്കാണ് താമസസ്ഥലം നഷ്ടമാകുക. ഒരു മനുഷ്യായുസ്സ് കൊണ്ട് കെട്ടിപ്പടുത്തവ പൊളിച്ചുനീക്കുമ്പോള്‍ നിയമത്തിനുമപ്പുറം മനുഷ്യത്വത്തിന് വില നല്‍കണമെന്നും ഫ്ലാറ്റ് ഉടമകള്‍ ആവശ്യപ്പെടുന്നു. 

രണ്ടാഴ്ചയ്ക്കകം മരടിലെ അഞ്ച് ഫ്ലാറ്റ് സമുച്ചയങ്ങല്‍ പൊളിച്ചുനീക്കാനാണ് ജസ്റ്റിസ് അരുണ്‍ മിശ്ര ഉത്തരവിട്ടത്. ഈ മാസം 20നകം ഫ്ലാറ്റുകൾ പൊളിച്ചുനീക്കണം. 23 ന് കേസ് പരിഗണിക്കുമ്പോള്‍ ചീഫ് സെക്രട്ടറി ഹാജരാകണമെന്നും സുപ്രിംകോടതി ഉത്തരവിട്ടിട്ടുണ്ട്. ഹോളിഡേഹെറിറ്റേജ്, ഹോളി ഫെയ്ത്ത്, ജെയിന്‍ ഹൗസിംഗ്, കായലോരം അപ്പാര്‍ട്ട്‌മെന്റ്, ആല്‍ഫാ വെഞ്ചേഴ്‌സ് എന്നീ ഫ്ലാറ്റുകളാണ് പൊളിച്ചുനീക്കാന്‍ ഉത്തരവിട്ടിട്ടുള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com