'തെറിക്കൂട്ടത്തിനായി പ്രവര്‍ത്തിക്കാനാവില്ല'; ജോസ് ടോമിന്റെ പ്രചാരണത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ജോസഫ് വിഭാഗം

യോഗത്തില്‍ വിളിക്കാനുള്ള തെറി മുഴുവന്‍ വിളിച്ചിട്ട് യോഗം അവസാനിക്കും നേരം തെറി നിര്‍ത്താന്‍ പറഞ്ഞിട്ട് എന്തുകാര്യം
'തെറിക്കൂട്ടത്തിനായി പ്രവര്‍ത്തിക്കാനാവില്ല'; ജോസ് ടോമിന്റെ പ്രചാരണത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ജോസഫ് വിഭാഗം

കോട്ടയം: പാലാ ഉപതെരഞ്ഞടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി  ജോസ് ടോമിന്റെ തെരഞ്ഞടുപ്പ് പ്രചാരണത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ പിജെ ജോസഫ് വിഭാഗത്തിന്റെ തീരുമാനം. പിജെ ജോസഫിനെ ജോസ് പക്ഷം തെറിയഭിഷേകം നടത്തിയ സാഹചര്യത്തിലാണ് വിട്ടുനില്‍ക്കാനുള്ള തീരുമാനം. പാര്‍ട്ടി ചെയര്‍മാന്‍ മരിച്ചാല്‍ വര്‍ക്കിങ് ചെയര്‍മാനാണ് പാര്‍ട്ടി ചെയര്‍മാന്റെ സ്ഥാനം. അങ്ങനെയാണ് കീഴ് വഴക്കം. എന്നാല്‍  ഇവിടെയുണ്ടായത് വര്‍ക്കിങ് ചെയര്‍മാനായ പിജെ ജോസഫിനെ അപമാനിക്കുകയാണ് ചെയ്തതെന്ന് സജി മഞ്ഞക്കടമ്പന്‍ പറഞ്ഞു. 

യുഡിഎഫ് റാലിയില്‍ ജോസ് ടോമിന് വേണ്ടി വോട്ടുപിടിക്കാനാണ് പിജെ ജോസഫ് എത്തിയത്. എന്നാല്‍ പിജെ ജോസഫിനെ തെറിയഭിഷേകമാണ് ഇക്കൂട്ടര്‍ നടത്തിയത്. യോഗത്തില്‍ വിളിക്കാനുള്ള തെറി മുഴുവന്‍ വിളിച്ചിട്ട് യോഗം അവസാനിക്കും നേരം തെറി നിര്‍ത്താന്‍ പറഞ്ഞിട്ട് എന്തുകാര്യം. ഇക്കാര്യത്തില്‍ യുഡിഎഫ് ഇടപെട്ട് ശ്വാശ്വത പരിഹാരം കാണണം. തെറിവിളിച്ചവര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ജോസ് ടോം ഞങ്ങളുടെ കൂടെ സ്ഥാനാര്‍ത്ഥിയാണ്. വിജയത്തിനായി ഞങ്ങള്‍ സമാന്തരമായി പ്രവര്‍ത്തിക്കും. ഈ പറയുന്ന തെറിക്കൂട്ടത്തിനൊപ്പം പ്രവര്‍ത്തിക്കാന്‍ ഞങ്ങളില്ലെന്ന് സജി മഞ്ഞക്കടമ്പന്‍ പറഞ്ഞു

ജോസിന്റെ ഭാരവാഹികളുടെ നേതൃത്വത്തിലാണ് തെറിവിളിച്ചത്. പാര്‍ട്ടിയുടെ മാധ്യമസെല്‍ കണ്‍വീനര്‍ ജയകൃഷ്ണന്‍ പുതിയേടത്താണ് പിജെ ജോസഫിനെ കൂടുതല്‍ തെറിവിളിച്ചത്. ഇത്തരത്തില്‍ പിസി ജോര്‍ജ്ജിനെയാണ് തെറിവിളിച്ചതെങ്കില്‍ മുണ്ടുപൊക്കി കാണിക്കുമായിരുന്നു. യുഡിഎഫിന്റെ പ്രചാരണത്തില്‍ നിന്ന് മാറിനില്‍ക്കുമ്പോള്‍ അദ്ദേഹത്തെ പരാജയപ്പെടുത്തകയല്ല ഞങ്ങളുടെ ലക്ഷ്യമെന്നും സജി മഞ്ഞക്കടമ്പന്‍ പറഞ്ഞു. 

ചിഹ്നം കൊടുക്കാമെന്ന് പിജെ ജോസഫ്് യുഡിഎഫ് നേതാക്കളെ അറിയിച്ചിരുന്നു. എന്നിട്ടും ഒരു ദൂതനെവിട്ട് ചിഹ്നത്തിനായുള്ള ശ്രമം പോലും ജോസ് നത്തിയില്ല. ഇത് സ്ഥാനാര്‍ത്ഥി ജോസ് ടോമിനെ തോല്‍പ്പിക്കാനുള്ള നീക്കമാണ്.പ്രതിച്ഛായയിലെ ലേഖനത്തിന് മറുപടി പറയുന്നില്ല. അത് വെറും മഞ്ഞപത്രമാണെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com