ഹിറ്റായി മെട്രോ, ഇരുകയ്യും നീട്ടി ഏറ്റെടുത്ത് ജനം, യാത്രക്കാരുടെ എണ്ണം ലക്ഷത്തിലേക്ക്, പ്രവര്‍ത്തന ലാഭത്തില്‍

ആലുവയില്‍ നിന്നും ലുലു മാളില്‍ നിന്നും വൈറ്റിലയിലേക്കുമെല്ലാം തിങ്ങിനിറഞ്ഞാണ് ഓരോ സര്‍വീസും മെട്രോ നടത്തുന്നത്
ഹിറ്റായി മെട്രോ, ഇരുകയ്യും നീട്ടി ഏറ്റെടുത്ത് ജനം, യാത്രക്കാരുടെ എണ്ണം ലക്ഷത്തിലേക്ക്, പ്രവര്‍ത്തന ലാഭത്തില്‍

കൊച്ചി: വൈറ്റില കടന്ന് തൈക്കൂടം വരെ സര്‍വീസ് നീട്ടിയതോടെ, കൊച്ചി മെട്രോയെ ജനങ്ങള്‍ രണ്ടു കയ്യും നീട്ടി ഏറ്റെടുത്തിരിക്കുകയാണ്. ഓരോദിനവും കൂടി വരുന്ന യാത്രക്കാരുടെ എണ്ണം ഇതിന് സാക്ഷ്യമാണ്. കൊച്ചി നഗരത്തിന്റെ ഓണത്തിരക്ക് മുഴുവന്‍ കൊച്ചി മെട്രോയിലാണ്. ആലുവയില്‍ നിന്നും ലുലു മാളില്‍ നിന്നും വൈറ്റിലയിലേക്കുമെല്ലാം തിങ്ങിനിറഞ്ഞാണ് ഓരോ സര്‍വീസും മെട്രോ നടത്തുന്നത്.

മഹാരാജാസ് കോളേജില്‍നിന്ന് തൈക്കൂടത്തേക്കുള്ള മെട്രോ സര്‍വീസ് ആരംഭിക്കുന്നതിനു മുമ്പ് മൂന്നിന് 39,936 യാത്രക്കാരായിരുന്നു മെട്രോയെ ആശ്രയിച്ചിരുന്നത്. തൈക്കൂടം സര്‍വീസ് ആരംഭിച്ച ശേഷം നാലിന് 65,285, അഞ്ചിന് 71,711, ആറിന് 83,032 എന്നിങ്ങനെ യാത്രക്കാരുടെ എണ്ണം വര്‍ധിച്ചു. ശനിയാഴ്ച 98,285 യാത്രക്കാരാണ് മെട്രോയില്‍ കയറിയത്. മെട്രോ യാത്രക്കാരുടെ എണ്ണം ലക്ഷത്തിലേക്ക് അടുത്തതോടെ, ദൈനംദിന പ്രവര്‍ത്തന ലാഭമെന്ന സുപ്രധാന നേട്ടവും മെട്രോ സ്വന്തമാക്കി. 

ഇതിനിടെ, മെട്രോ വിജയത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ  ചൂണ്ടിക്കാട്ടി. കൊച്ചിയുടെ പൊതുഗതാഗത രംഗത്തെ നിര്‍ണായക സാന്നിദ്ധ്യമായി മെട്രോ മാറുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. വൈറ്റില, സൗത്ത് തുടങ്ങി നഗരത്തിലെ പ്രധാന മേഖലയിലേക്ക് മെട്രോ നീട്ടിയതാണ് ഇതിനു കാരണം. യാത്രക്കാര്‍ക്ക് കൂടുതല്‍ ഇളവുകള്‍ നല്‍കിയതും കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കിയതും നേട്ടമായതായി കാണുന്നുവെന്ന് മുഖ്യമന്ത്രി പറയുന്നു.

ജനങ്ങള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ പ്രതിദിന പാസ്, വാരാന്ത്യ പാസ്, പ്രതിമാസ പാസ് എന്നിവ മെട്രോ ഒരുക്കിയിട്ടുണ്ട്. ആദ്യ രണ്ടാഴ്ചകളില്‍ പകുതി തുക മതി എന്നതും യാത്രക്കാരെ മെട്രോയിലേക്ക് ആകര്‍ഷിച്ചിട്ടുണ്ട്. ഇതുകൂടാതെ റോഡിന്റെ ശോചനീയാവസ്ഥയും ഗതാഗതക്കുരുക്കുമെല്ലാം പൊതുനിരത്തില്‍നിന്ന് ജനങ്ങളെ അകറ്റുന്നുണ്ട്. യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ഓണദിനങ്ങളില്‍ മെട്രോ സര്‍വീസ് രാത്രി 11 വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com