നന്മയുടെ പൂവിളിയുമായി ഇന്ന് തിരുവോണം

കൃഷിയും കാർഷിക സമൃദ്ധിയും പഴങ്കഥയായി മാറിയിട്ടും മലയാളിയുടെ ഓണാഘോഷങ്ങൾക്ക് പൊലിമ ഒട്ടും കുറവില്ല
നന്മയുടെ പൂവിളിയുമായി ഇന്ന് തിരുവോണം


തിരുവനന്തപുരം : നന്മയുടെ പൂവിളിയുമായി ലോകമെമ്പാടുമുള്ള മലയാളികള്‍ ഇന്ന് തിരുവോണം ആഘോഷിക്കുന്നു. ദുഃഖവും ദുരിതവും മാറ്റി വച്ച് മാവേലി തമ്പുരാനെ വരവേല്‍ക്കുകയാണ് നാടും ന​ഗരവും.  നാടിനെ ഇരു വട്ടം തകര്‍ത്തെറിഞ്ഞ പ്രളയദുരന്തത്തെ മെല്ലെ അതിജീവിച്ചു കൊണ്ടാണ് കേരളം ഇക്കുറി ഓണം ആഘോഷിക്കുന്നത്.  അത് കൊണ്ട് തന്നെ ഈ ഓണം ആഘോഷത്തെക്കാളേറെ പ്രത്യാശയുടേതാണ്.

കൃഷിയും കാർഷിക സമൃദ്ധിയും പഴങ്കഥയായി മാറിയിട്ടും മലയാളിയുടെ ഓണാഘോഷങ്ങൾക്ക് പൊലിമ ഒട്ടും കുറവില്ല. ലോകത്തിന്റെ ഏതറ്റത്തുമുള്ള മലയാളിക്കും ഓണം ഇന്നും ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മയാണ്. ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഒത്തൊരുമയുടെ നിലാവ് പകരുന്ന പൊന്നോണം.അത്തം നാളിൽ തുടങ്ങിയ ഒരുക്കങ്ങളാണ് തിരുവോണനാളായ ഇന്ന് പൂർണതയിലെത്തുന്നത്.

കോടിയുടുത്ത് തിരുവോണമുണ്ണും. ഊഞ്ഞാലാടിയും കൈകൊട്ടിക്കളിയുടെ ശീലുകള്‍ ആടിയും സൊറ പറഞ്ഞും ഒത്തുകൂടല്‍ ഉത്സവമാക്കുന്ന ദിനം കൂടിയാണിത്. വീട്ടമ്മമാരാകട്ടെ വിഭവസമൃദ്ധമായ ഓണസദ്യ ഒരുക്കുന്നതിലുള്ള തിരക്കിലാണ്. സംസ്ഥാന സർക്കാരിന്റെ നേതൃതത്തിലുള്ള ഓണം ആഘോഷങ്ങള്‍ക്ക് ഇന്നലെ തിരുവനന്തപുരത്ത് തുടക്കമായി.  നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com