മോട്ടോര്‍ വാഹന നിയമത്തില്‍ പഴുത് തേടി കേരളം ;  നിയമം നടപ്പാക്കാത്ത സംസ്ഥാനങ്ങളുടെ മാതൃക പരിശോധിക്കുന്നു

ഗുജറാത്ത് അടക്കം ഏഴു സംസ്ഥാനങ്ങളാണ് കേന്ദ്രനിയമം നടപ്പാക്കാത്തത്
മോട്ടോര്‍ വാഹന നിയമത്തില്‍ പഴുത് തേടി കേരളം ;  നിയമം നടപ്പാക്കാത്ത സംസ്ഥാനങ്ങളുടെ മാതൃക പരിശോധിക്കുന്നു

തിരുവനന്തപുരം : കേന്ദ്ര മോട്ടോര്‍ വാഹന നിയമഭേദഗതിയിലെ കടുത്ത പിഴയില്‍ ഇളവ്‌തേടി സംസ്ഥാന സര്‍ക്കാര്‍. കേന്ദ്ര നിയമം നടപ്പാക്കാത്ത സംസ്ഥാനങ്ങളുടെ മാതൃക പരിശോധിക്കാന്‍ സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ ആവശ്യപ്പെട്ടു. ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ആര്‍ ജ്യോതിലാലിനോടാണ് ഇക്കാര്യം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശിച്ചത്. 

ഗുജറാത്ത് അടക്കം ഏഴു സംസ്ഥാനങ്ങളാണ് കേന്ദ്രനിയമം നടപ്പാക്കാത്തത്. ഇതിനായി ഇവര്‍ സ്വീകരിച്ച നിയമത്തിലെ പഴുതുകളും, ആ സംസ്ഥാനങ്ങളിലെ സാഹചര്യങ്ങളും അടക്കം വിലയിരുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. റിപ്പോര്‍ട്ട് ഈ മാസം 16 ന് നല്‍കണമെന്നും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാരിനെ സമീപിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. 

ഗതാഗതം നിയമം ലംഘിക്കുന്നതിനുള്ള പിഴ തുക അമ്പത് ശതമാനമായി കുറച്ച ഗുജറാത്ത് സര്‍ക്കാരിന്റെ മാതൃക പരിശോധിക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. വലിയ പിഴ ഈടാക്കാന്നത് ഇപ്പോള്‍ താല്ക്കാലികമായ നിര്‍ത്തിവച്ചിരിക്കുയാണ്. ഓണക്കാലത്ത് മോട്ടോര്‍ വാഹനനിയമം ലംഘിക്കുന്നവര്‍ക്ക് പിഴയ്ക്ക് പകരം ബോധവല്‍ക്കരണം നല്‍കാനാണ് തീരുമാനം.

കുറഞ്ഞ തുകയ്ക്ക് തൊട്ടുമുകളിലുളള തുക പിഴയായി നിജപ്പെടുത്തുന്നതാണ് കേരളം ആലോചിക്കുന്നത്. കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിനെതിരെ സിപിഎമ്മും കോണ്‍ഗ്രസും അടക്കം രംഗത്തു വന്നിരുന്നു. പുതിയ നിയമം അസാസ്ത്രീയമാണെന്നും, വന്‍ അഴിമതിക്ക് കളമൊരുക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com