തുലാവർഷത്തിൽ മഴ കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം 

മൺസൂൺ കാലയളവിൽ പ്രതീക്ഷിച്ചതിലും അധികമഴയാണ് സംസ്ഥാനത്ത് ലഭിച്ചത്
തുലാവർഷത്തിൽ മഴ കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം 

തിരുവനന്തപുരം : ഇക്കുറി തുലാവർഷത്തിൽ മഴ കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. മൺസൂൺ കാലയളവിൽ പ്രതീക്ഷിച്ചതിലും അധികമഴയാണ് സംസ്ഥാനത്ത് ലഭിച്ചത്. എന്നാൽ തുലാവർഷം കനക്കുന്ന പതിവ് ഇക്കുറി തെറ്റുമെന്നാണ് നി​ഗമനം. മണ്‍സൂണിന്റെ അവസാനഘട്ടത്തില്‍ മഴ കുറയുമെന്നും കാലാവസ്‌ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.  

ഈ മണ്‍സൂണില്‍ സംസ്‌ഥാനത്ത്‌ ഇതുവരെ കിട്ടിയത്‌ 14 ശതമാനം അധികമഴയാണ്‌. പ്രതീക്ഷിച്ചത്‌ 189 സെന്റീമീറ്റര്‍ മഴയാണ്‌. എന്നാല്‍ ജൂണ്‍ ഒന്നു മുതല്‍ ഈ മാസം 12 വരെ സംസ്‌ഥാനത്ത്‌ 215 സെന്റീമീറ്റര്‍ മഴ പെയ്‌തു. നാലു ജില്ലകളില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ മഴ കിട്ടി. പാലക്കാട്‌ ജില്ലയില്‍ 42 ശതമാനത്തോളം അധികമഴ പെയ്‌തു. ഏറ്റവും കൂടുതല്‍ മഴ പെയ്‌തത്‌ കോഴിക്കോട്‌ ജില്ലയിലാണ്‌, 334 സെന്റീമീറ്റര്‍. കാസര്‍കോട്,കണ്ണൂര്‍ ജില്ലകളിലും മുന്നൂറ്‌ സെന്റീമീറ്ററിലേറെ മഴ പെയ്‌തു. 

ഇടുക്കി, വയനാട്‌ ജില്ലകളില്‍ പ്രതീക്ഷിച്ച മഴ കിട്ടിയില്ല. സാധാരണ മഴക്കണക്കില്‍ 20 ശതമാനം വരെ വ്യതിയാനമുണ്ടാകാറുണ്ട്‌. ജൂണ്‍, ജൂലൈ മാസങ്ങളില്‍ മഴ കുറവായിരുന്നു. ഓഗസ്‌റ്റ്‌ ആദ്യ ആഴ്‌ച മുതല്‍ പെയ്‌ത കനത്തമഴയാണ്‌ മഴക്കുറവ്‌ പരിഹരിച്ചത്‌. മണ്‍സൂണില്‍ ആകെ കിട്ടേണ്ട മഴ കുറച്ചു കാലയളവില്‍ തന്നെ കിട്ടുന്ന സാഹചര്യം കാലാവസ്‌ഥാ വ്യതിയാനത്തിന്റെ ഫലമാണ്‌. ഇത്‌ കൃഷിയടക്കമുളള കാര്യങ്ങളെ ദോഷകരമായി ബാധിച്ചതായും കാലാവസ്‌ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഈമാസം 30 വരെയാണ്‌ മണ്‍സൂണ്‍ കാലയളവ്‌.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com