പുനരുദ്ധാരണം പോര, പാലാരിവട്ടം പാലം പൊളിച്ചുപണിയും; മേല്‍നോട്ടച്ചുമതല ഇ ശ്രീധരന്

പുനരുദ്ധാരണമോ ശക്തിപ്പെടുത്തലോ പാലം ഗതാഗതയോഗ്യമാക്കാന്‍ മതിയാവില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി
പുനരുദ്ധാരണം പോര, പാലാരിവട്ടം പാലം പൊളിച്ചുപണിയും; മേല്‍നോട്ടച്ചുമതല ഇ ശ്രീധരന്

തിരുവനന്തപുരം: തകര്‍ച്ചയിലായ പാലാരിവട്ടം മേല്‍പ്പാലം പൂര്‍ണമായും പൊളിച്ചു പുതുക്കിപ്പണിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മെട്രോമാന്‍ ഇ ശ്രീധരനെ അതിന്റെ മേല്‍നോട്ടച്ചുമതല ഏല്‍പ്പിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. പുനരുദ്ധാരണമോ ശക്തിപ്പെടുത്തലോ പാലം ഗതാഗതയോഗ്യമാക്കാന്‍ മതിയാവില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

പാലാരിവട്ടം പാലത്തില്‍ പരിശോധന നടത്തിയ ചെന്നൈ ഐഐടി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇ ശ്രീധരനുമായി വീണ്ടും ചര്‍ച്ച നടത്തി. പാലാരിവട്ടം പാലത്തിന്റെ തകര്‍ച്ച ഗൗരവമേറിയതാണെന്നാണ് ഐഐടി റിപ്പോര്‍ട്ടില്‍ പറയുന്നത്. പുനരുദ്ധരിച്ചാല്‍ എത്രകാലം ഉപയോഗിക്കാനാവും എന്നു പറയാനാവില്ലെന്ന് അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇ ശ്രീധരനും ഇതിനോടു യോജിപ്പാണുള്ളത്. ഈ പശ്ചാത്തലത്തിലാണ് പാലം പുതുക്കിപ്പണിയാന്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

പാലം പുനര്‍നിര്‍മാണത്തിന്റെ മേല്‍നോട്ടത്തിന് ഇ ശ്രീധരനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഡിസൈന്‍, എസ്റ്റിമേറ്റ് എന്നിവ ഇ ശ്രീധരന്‍ തന്നെ തയാറാക്കും. ഒക്ടോബര്‍ ആദ്യവാരം നിര്‍മാണം തുടങ്ങും. ഒരു വര്‍ഷംകൊണ്ട പണി പൂര്‍ത്തിയാക്കും. സാങ്കേതികമായും സാമ്പത്തികമായും പുനിര്‍നിര്‍മാണമാണ് ഉചിതമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ തീരുമാനമെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com