മുത്തൂറ്റ് സമരം; മൂന്നാമത്തെ ചര്‍ച്ചയും പരാജയം, മാനേജ്‌മെന്റ് സഹകരിക്കുന്നില്ലെന്ന് മന്ത്രി

സ്വകാര്യ പണമിടപാട് സ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സിലെ തൊഴിലാളി സമരം അവസാനിപ്പിക്കാനുള്ള ചര്‍ച്ച പരാജയപ്പെട്ടു.
മുത്തൂറ്റ് സമരം; മൂന്നാമത്തെ ചര്‍ച്ചയും പരാജയം, മാനേജ്‌മെന്റ് സഹകരിക്കുന്നില്ലെന്ന് മന്ത്രി

തിരുവനന്തപുരം: സ്വകാര്യ പണമിടപാട് സ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സിലെ തൊഴിലാളി സമരം അവസാനിപ്പിക്കാനുള്ള ചര്‍ച്ച പരാജയപ്പെട്ടു. മൂന്നാമത്തെ മന്ത്രിതല ചര്‍ച്ചയാണ് പരാജയപ്പെട്ടത്.  ചര്‍ച്ചയുമായി മാനേജ്‌മെന്റ് സഹകരിക്കുന്നില്ലെന്ന് തൊഴില്‍ മന്ത്രി ടിപി രാമകൃഷ്ണന്‍ പറഞ്ഞു. താത്കാലിക ശമ്പള വര്‍ധനവ് എന്ന ആവശ്യം ഉന്നയിച്ചെങ്കിലും മുത്തൂറ്റ് മാനേജ്‌മെന്റ് സമ്മതിച്ചില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. 

പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമം തുടരും. സാമ്പത്തിക മേഖലയിലെ ജീവക്കാരുടെ ശമ്പളം സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തിരിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. 

ഒരു ഉപാധിക്കും വഴങ്ങാതെയാണ് മാനേജ്‌മെന്റ് നിസഹകരണ നിലപാട് ആവര്‍ത്തിച്ചത്. തൊഴിലാളി യൂണിയന്‍ നല്ല രീതിയില്‍ സഹകരിച്ചുവെന്ന് മന്ത്രി വ്യക്തമാക്കി. ധിക്കാരപരമായ നിലപാടുകളാണ് മാനേജ്‌മെന്റ് സ്വീകരിക്കുന്നതെന്നും സമരവുമായി മുന്നോട്ടുപോകുമെന്നും സിഐടിയു നേതാക്കള്‍ പറഞ്ഞു. 

നേരത്തെ, സമരം ചെയ്ത തൊഴിലാളികളെ മുത്തൂറ്റ് സസ്‌പെന്റ് ചെയ്തിരുന്നു. സിഐടിയു അംഗങ്ങളായ എട്ടുപേരെയാണ് സസ്‌പെന്റ് ചെയ്തത്. ശാഖകളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുകയും ജോലിക്കെത്തിയവരെ തടയുകയും ചെയ്തതിനാണ് നടപടിയെന്നാണ് മുത്തൂറ്റ് മാനേജ്‌മെന്റ് പറയുന്നത്.  ജോലി ചെയ്യാന്‍ സന്നദ്ധരായി എത്തുന്ന ജീവനക്കാര്‍ക്ക് തടസ്സങ്ങളുണ്ടാക്കരുതെന്നും അവര്‍ക്ക് സംരക്ഷണം നല്‍കണമെന്നും ഹൈക്കോടതി ഉത്തരവുണ്ടായിരുന്നതാണ്.

ഇത് ലംഘിച്ച് സിഐടിയു അനുഭാവികളായ ചില ജീവനക്കാര്‍ ശാഖകളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തി. ഇക്കാരണത്താല്‍ എട്ട് ജീവനക്കാരെ സസ്‌പെന്റ് ചെയ്യുകയാണെന്നാണ് മുത്തൂറ്റ് ഫിനാന്‍സ് ഇതിന് നല്‍കിയ വിശദീകരണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com