'കമ്പിയില്ലേല്‍ കമ്പിയെണ്ണും'; ഇബ്രാഹിംകുഞ്ഞിനെ ട്രോളി മണിയാശാന്‍ 

മണിയാശാന്റെ ട്രോളുകള്‍ അസാധ്യമെന്ന് ആരാധകര്‍ 
'കമ്പിയില്ലേല്‍ കമ്പിയെണ്ണും'; ഇബ്രാഹിംകുഞ്ഞിനെ ട്രോളി മണിയാശാന്‍ 

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ അരോപണവിധേയനായ വികെ ഇബ്രാഹിം കുഞ്ഞിനെ ട്രോളി മന്ത്രി എംഎം മണി. കമ്പിയില്ലേല്‍ കമ്പിയെണ്ണേണ്ടി വരുമെന്നാണ് മണിയാശാന്റെ പരിഹാസം. പാലാരിവട്ടം പാലത്തിന്റെ നിര്‍മ്മാണത്തിന് ആവശ്യമായ സാധന സാമഗ്രികള്‍ ഉള്‍പ്പെടുത്താതിനെ തുടര്‍ന്ന് പാലം പുതുക്കി പണിയാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എംഎം മണിയുടെ വിമര്‍ശനം.

അതേസമയം ഇബ്രാഹിംകുഞ്ഞിനെതിരെ മുഖ്യന്ത്രിയുടെ ഒളിയമ്പ്.  അഴിമതി കാണിക്കാന്‍ പ്രവണതയുളളവരോട് ഒരു കാര്യം മാത്രമാണ് പറയാന്‍ ഉളളത്. മര്യാദയ്ക്ക് ജീവിച്ചാല്‍ സര്‍ക്കാരിന്റെ ഭക്ഷണം കഴിക്കാതെ വീട്ടിലെ ഭക്ഷണം കഴിച്ചു ജീവിക്കാം. ഒരു പഞ്ചവടിപ്പാലവും നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ല. ഇത് വ്യക്തമായി മനസ്സിലാക്കണമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.

അങ്ങനെയല്ല നീങ്ങുന്നതെങ്കില്‍, ഇന്ന് ഒരാളുടെ കഥ പുറത്തുവന്നിട്ടുണ്ട്. അയാള്‍ അനുഭവിക്കുന്നുണ്ട്. മറ്റേ കഥയല്ല. ഇന്ന് പുതിയ ഒരു കഥ വന്നിട്ടുണ്ട്. അയാള്‍ അനുഭവിക്കാന്‍ പോകുകയാണ്. അഴിമതിയോട് ഒരു വീട്ടുവീഴ്ചയും കാണിക്കുകയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു

പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് വിശദമായി ചോദ്യം ചെയ്യും. സര്‍ക്കാര്‍ ഫയലുകള്‍ കിട്ടിയ ശേഷമാണു വീണ്ടും ചോദ്യം ചെയ്യാന്‍ തീരുമാനമായത്. കരാറുകാരനു മുന്‍കൂര്‍ പണം നല്‍കാന്‍ ഇബ്രാഹിംകുഞ്ഞ് രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ടോ എന്നു പരിശോധിക്കും. ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് മതിയെന്നാണു തീരുമാനം.

മേല്‍പ്പാലം നിര്‍മാണത്തിനായി മുന്‍കൂര്‍ പണം നല്‍കിയതു തെറ്റാണെന്നു പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. റോഡ് ഫണ്ട് ബോര്‍ഡും റോഡ്‌സ് ആന്‍ഡ് ബ്രിജസ് ഡവലപ്‌മെന്റ് കോര്‍പറേഷന്‍ കേരളയും തമ്മില്‍ പണമിടപാട് ശരിയല്ല. അങ്ങനെയൊരു കീഴ്‌വഴക്കമില്ല. കാര്യങ്ങള്‍ നിയമപരമായി മുന്നോട്ടുപോകും. ടി.ഒ.സൂരജിന്റെ 24 ഉത്തരവുകള്‍ താന്‍ റദ്ദാക്കിയിട്ടുണ്ടെന്നും സുധാകരന്‍ തിരുവനന്തപുരത്തു പറഞ്ഞു.

പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണത്തില്‍ തെറ്റുണ്ടെങ്കില്‍ സര്‍ക്കാര്‍ കണ്ടുപിടിക്കട്ടെയെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. തെളിവുകളുടെ പിന്‍ബലമില്ലാത ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റിലേക്കു നീങ്ങാന്‍ കഴിയുമോ എന്നു വിജിലന്‍സ് പരിശോധിക്കണം. പാലാ ഉപതിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണു നീക്കമെങ്കില്‍ ജനം മറുപടി പറയുമെന്നും അദ്ദേഹം പറഞ്ഞു. ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റിലേക്കു കാര്യങ്ങള്‍ നീങ്ങില്ലെന്നും പാലാ ഉപതിരഞ്ഞെടുപ്പിനു മുമ്പുള്ള രാഷ്ട്രീയനീക്കം മാത്രമാണെന്നും ലീഗ് വിലയിരുത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com