കേന്ദ്രം കക്ഷിയല്ല ; ഉത്തരവാദിത്തം നിർമ്മാണ അനുമതി നൽകിയവർക്ക്; മരടിൽ കയ്യൊഴിഞ്ഞ് പ്രകാശ് ജാവഡേക്കർ

അനുമതി കൊടുത്ത സർക്കാരിനാണ് ഉത്തരവാദിത്തം. കേസിൽ കക്ഷി ചേരാൻ കേന്ദ്രസർക്കാരിന് സുപ്രിംകോടതി നിർദേശമില്ല
കേന്ദ്രം കക്ഷിയല്ല ; ഉത്തരവാദിത്തം നിർമ്മാണ അനുമതി നൽകിയവർക്ക്; മരടിൽ കയ്യൊഴിഞ്ഞ് പ്രകാശ് ജാവഡേക്കർ

ന്യൂഡൽഹി : മരട് ഫ്ലാറ്റ് നിർമ്മാതാക്കൾക്കെതിരെ നടപടി വേണമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കർ. നിർമ്മാണത്തിന് അനുമതി കൊടുത്തത് സംസ്ഥാന സർക്കാരാണ്.  അനുമതി കൊടുത്ത സർക്കാരിനാണ് ഉത്തരവാദിത്തം. കേസിൽ കക്ഷി ചേരാൻ കേന്ദ്രസർക്കാരിന് സുപ്രിംകോടതി നിർദേശമില്ല. വിഷയത്തിൽ കേന്ദ്രസർക്കാർ കക്ഷിയല്ലെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി. 

അതേസമയം മരട് ഫ്ലാറ്റ് പ്രശ്നത്തിൽ യഥാർത്ഥ കുറ്റക്കാരെ കണ്ടെത്താൻ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ. പിഎസ് ശ്രീധരൻ പിള്ള ആവശ്യപ്പെട്ടു. കുറ്റക്കാരായ നിർമ്മാതാക്കൾ, ഉദ്യോ​ഗസ്ഥർ, തദ്ദേശ ഭരണകർത്താക്കൾ എന്നിവരെ പ്രോസിക്യൂട്ട് ചെയ്യണം. കുറ്റക്കാരായവരിൽ നിന്ന് പണം ഈടാക്കണം. മരട് വിഷയത്തിൽ കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങൾക്ക് ഒരേ നിലപാടാണ് ഉള്ളതെന്നും ശ്രീധരൻ പിള്ള പറഞ്ഞു. 

മരടിൽ ഫ്ലാറ്റ് നിർമ്മാതാക്കളെ രക്ഷിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുകയാണെന്ന് കേന്ദ്രസഹമന്ത്രി വി മുരളീധരൻ ആരോപിച്ചു. തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമ്മിച്ച മരടിലെ അഞ്ച് ഫ്ലാറ്റുകൾ ഈ മാസം 20 നകം പൊളിച്ചുനീക്കാനാണ് സുപ്രിംകോടതി അന്ത്യശാസനം നൽകിയിട്ടുള്ളത്. 23 ന് കേസ് പരി​ഗണിക്കുമ്പോൾ റിപ്പോർട്ട് നൽകണമെന്നും, കേരള ചീഫ് സെക്രട്ടറി കോടതിയിൽ നേരിട്ട് ഹാജരാകണമെന്നും ജസ്റ്റിസ് അരുൺ മിശ്ര ഉത്തരവിട്ടിരുന്നു. നടപടി സ്വീകരിക്കുന്നതിൽ ഇനിയും വീഴ്ച വരുത്തിയാൽ ചീഫ് സെക്രട്ടറിയെ ജയിലിൽ അടക്കുമെന്നും സുപ്രിംകോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com