ബിപി നോക്കുന്നതിനെ ചൊല്ലി തര്‍ക്കം, ജോലിക്കിടെ ഡോക്ടര്‍ ശകാരിച്ചു, കുഴഞ്ഞു വീണ നഴ്‌സ് ആശുപത്രിയില്‍

ഫാര്‍മസി ഡ്യൂട്ടി നോക്കുന്നതിന് ഇടയില്‍ രോഗികളെ പരിശോധിച്ച ഡോക്ടര്‍ ഫാര്‍മസിയിലെ ആശയോട്  രോഗിയുടെ ബിപി നോക്കാന്‍ ആവശ്യപ്പെട്ടു
ബിപി നോക്കുന്നതിനെ ചൊല്ലി തര്‍ക്കം, ജോലിക്കിടെ ഡോക്ടര്‍ ശകാരിച്ചു, കുഴഞ്ഞു വീണ നഴ്‌സ് ആശുപത്രിയില്‍

നെയ്യാറ്റിന്‍കര: ഡോക്ടര്‍ ശകാരിച്ചതിനെ തുടര്‍ന്ന് സ്റ്റാഫ് നഴ്‌സ് കുഴഞ്ഞുവീണു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് നഴ്‌സിനെ മെഡിക്കല്‍ കോളെജിലേക്ക് മാറ്റി. ഓലത്താന്നി പിഎച്ച്‌സിയിലെ സ്റ്റാഫ് നഴ്‌സായ ആശയാണ് കുഴഞ്ഞുവീണത്. ഇവര്‍ ഹൃദ്രോഗിയാണ്. 

പിഎച്ച്‌സിയിലെ മെഡിക്കല്‍ ഓഫീസറായ ഡോ ലിനി ശകാരിച്ചെന്നാണ് പരാതി. ആശ കഴിഞ്ഞ ദിവസം വീട്ടില്‍ വീണ് ഇടത്തെ കൈയ്ക്ക് പരിക്കേറ്റിരുന്നു. കൈയില്‍ ബാന്റേജുമായാണ് ആശ ജോലിക്ക് വന്നത്. ഫാര്‍മസി ഡ്യൂട്ടി നോക്കുന്നതിന് ഇടയില്‍ രോഗികളെ പരിശോധിച്ച ഡോക്ടര്‍ ഫാര്‍മസിയിലെ ആശയോട്  രോഗിയുടെ ബിപി നോക്കാന്‍ ആവശ്യപ്പെട്ടു. 

എന്നാല്‍ ഫാര്‍മസി ഡ്യൂട്ടിയിലാണെന്നും ബി.പി. നോക്കേണ്ടത് ഡോക്ടറാണെന്നും ആശ പറഞ്ഞു. ഇതോടെയാണ് മറ്റുരോഗികള്‍ക്കും ജീവനക്കാര്‍ക്കും മുന്നില്‍വെച്ച് ഡോക്ടര്‍ ആശയെ ശകാരിച്ചത്. ഹൃദയവാല്‍വ് സംബന്ധമായ രോഗത്തിന് ചികിത്സ നടത്തിവരികയാണ് ആശ.

സംഭവവുമായി ബന്ധപ്പെട്ട് കേരള ഗവ.നഴ്‌സസ് അസോസിയേഷന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും ഡിഎച്ച്എസിനും പരാതി നല്‍കി. ആശയെ ജോലിസമയത്ത് ആശയെ മെഡിക്കല്‍ ഓഫീസര്‍ നിരന്തരം ശകാരിച്ചിരുന്നതായി അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് സുബ്രഹ്മണ്യവും ജനറല്‍ സെക്രട്ടറി ഉഷാദേവിയും സെക്രട്ടറി നിഷ ഹമീദും ആരോപിച്ചു.

എന്നാല്‍, സംഭവത്തില്‍ ഡോക്ടറുടെ ഭാഗത്ത് തെറ്റില്ലെന്ന് കേരള ഗവ.മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ഡോ.ശ്രീകാന്ത് പ്രതികരിച്ചത്. ഡോ.ലിനി ഒരു രോഗിയുടെ ബിപി  നോക്കാന്‍ ആശയോട് ആവശ്യപ്പെട്ടു. എന്നാല്‍ അവരത് ചെയ്തില്ല. തുടര്‍ന്ന് ആശ തളര്‍ന്നുവീഴുകയായിരുന്നു. ഈ സമയം ആശയ്ക്ക് ഡോ.ലിനിയാണ് പ്രാഥമിക ചികിത്സ നല്‍കിയതെന്നുമാണ് കേരള ഗവ.മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റിന്റെ വാദം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com