പാലായില്‍ കലാശക്കൊട്ട് ഇന്ന്; മാരത്തണ്‍ യോഗങ്ങളുമായി നേതാക്കള്‍

പാലാ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്നവസാനിക്കും
പാലായില്‍ കലാശക്കൊട്ട് ഇന്ന്; മാരത്തണ്‍ യോഗങ്ങളുമായി നേതാക്കള്‍

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്നവസാനിക്കും. പരസ്യ പ്രചാരണം അവസാനിക്കേണ്ട നാളെ ഗുരുദേവ സമാധി ആയതിനാല്‍ ഇന്ന് വൈകിട്ട് മൂന്ന് മുന്നണികളും കലാശക്കൊട്ട് നടത്തും. 21ന് നിശബ്ദ പ്രചാരണമായിരിക്കും. 23നാണ് വോട്ടെടുപ്പ്. 27ന് വോട്ടെണ്ണലും നടക്കും.

മൂന്നുമുന്നണികളുടെയും പ്രമുഖ നേതാക്കള്‍ മണ്ഡലത്തില്‍ തമ്പടിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇടത് മുന്നണിയുടെ സ്റ്റാര്‍ ക്യാമ്പയിനര്‍. പ്രചാരണങ്ങള്‍ക്ക് എത്തിയ അദ്ദേഹം പാലായില്‍ തങ്ങുകയാണ്. രണ്ടാം ദിവസം മൂന്നു പൊതുയോഗങ്ങളില്‍ പങ്കെടുത്ത അദ്ദേഹത്തിന് ഇന്ന് മൂന്ന് യോഗങ്ങളാണുള്ളത്. 

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കായി കുടുംബയോഗങ്ങളിലും പൊതു യോഗങ്ങളിലും പങ്കെടുത്തു. 

എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്കായി കേന്ദ്രമന്ത്രി വി മുരളീധരന്‍, ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി മുരളീധരറാവു, ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി എന്നിവര്‍ പ്രചാരണം നടത്തി.

54 വര്‍ഷം കെഎം മാണി വാണ മണ്ഡലത്തിലെ വോട്ടര്‍മാരുടെ മനസ്സ് ഇത്തവണ എങ്ങോട്ടേക്കാണെന്ന് വ്യക്തമായ ചിത്രങ്ങളൊന്നും തെളിഞ്ഞിട്ടില്ല. കേരള കോണ്‍ഗ്രസിനുള്ള ചേരിപ്പോരും ഭരണ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിയുള്ള പ്രചാരണവും വിജയത്തിലേക്ക് നയിക്കും എന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി. ലോക്‌സഭ തെരഞ്ഞെടുപ്പിലെ വലിയ വിജയം പാലായിലും ആവര്‍ത്തിക്കും എന്ന പ്രതീക്ഷ യുഡിഎഫിനുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com