വിധി നടപ്പാക്കിയേ പറ്റൂ, സാവകാശം വേണമെങ്കില്‍ സുപ്രീം കോടതിയെത്തന്നെ സമീപിക്കണം: ഹൈക്കോടതി

മരടില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് പണിത ഫ്‌ലാറ്റുകള്‍ പൊളിച്ചു മാറ്റാനുള്ള സുപ്രീം കോടതി വിധി നടപ്പാക്കാന്‍ ബാധ്യതയുണ്ടെന്ന് ഹൈക്കോടതി
വിധി നടപ്പാക്കിയേ പറ്റൂ, സാവകാശം വേണമെങ്കില്‍ സുപ്രീം കോടതിയെത്തന്നെ സമീപിക്കണം: ഹൈക്കോടതി

കൊച്ചി:  മരടില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് പണിത ഫ്‌ലാറ്റുകള്‍ പൊളിച്ചു മാറ്റാനുള്ള സുപ്രീം കോടതി വിധി നടപ്പാക്കാന്‍ ബാധ്യതയുണ്ടെന്ന് ഹൈക്കോടതി. വിധി നടപ്പാക്കുന്നതിനു സാവകാശം വേണമെങ്കില്‍ സുപ്രീം കോടതിയെ തന്നെ സമീപിക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഫ്‌ലാറ്റ് ഒഴിയുന്നതിന് നഗര സഭ നല്‍കിയ നോട്ടീസിനെ ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കാന്‍ മാറ്റി.

ഫ്‌ലാറ്റിലെ താമസക്കാരനായ എംകെ പോള്‍ ആണ് നഗരസഭയുടെ നോട്ടീസിനെ ചോദ്യം ചെയ്തു ഹൈക്കോടതിയെ സമീപിച്ചത്. നോട്ടീസ് നിയമാനുസൃതമല്ലെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. നേരത്തെ സമാനമായ ഹര്‍ജി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതിനൊപ്പം ചൊവ്വാഴ്ച ഈ ഹര്‍ജിയും പരിഗണിക്കും.

അതിനിടെ, വിധി നടപ്പാക്കുന്നതു സംബന്ധിച്ച് ചീഫ് സെക്രട്ടറി സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി. വിധി നടപ്പാക്കാന്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ വിവരിച്ചുകൊണ്ടാണ് സത്യവാങ്മൂലം. വിധി നടപ്പാക്കാന്‍ ബാധ്യസ്ഥമെന്നും പിഴവു പറ്റിയെങ്കില്‍ ക്ഷമിക്കണമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

നടപടി നടപ്പാക്കുന്നതിനുള്ള നടപടികള്‍ വിശദമാക്കി ഇന്നു റിപ്പോര്‍ട്ട് നല്‍കാന്‍ ചീഫ് സെക്രട്ടറിക്ക് സുപ്രീം കോടതി നിര്‍ദേശം നല്‍കിയിരുന്നു. അല്ലാത്തപക്ഷം 23ന് ചീഫ് സെക്രട്ടറി നേരിട്ടു ഹാജരാകേണ്ടിവരുമെന്നും ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് മുന്നറിയിപ്പു നല്‍കിയിരുന്നു.

ഫ്‌ലാറ്റിലെ താമസക്കാര്‍ക്ക് ഒഴിഞ്ഞുപോവുന്നതിനു നോട്ടീസ് നല്‍കിയതായും കെട്ടിടം പൊളിക്കുന്നതിന് ടെന്‍ഡര്‍ വിളിച്ചതായും ചീഫ് സെക്രട്ടറി ടോം ജോസ് സത്യവാങ്മൂലത്തില്‍ അറിയിച്ചിട്ടുണ്ട്. ഇതോടൊപ്പം ഫ്‌ലാറ്റ് പൊളിച്ചുനീക്കുന്നതിന്റെ പാരിസ്ഥിതിക ആഘാതം സംബന്ധിച്ച് മദ്രാസ് ഐഐടി നടത്തിയ പഠന റിപ്പോര്‍ട്ടിനെക്കുറിച്ചും പരാമര്‍ശമുണ്ട്.

സുപ്രീം കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാദ്ധമാണ്. ഇതുവരെയുള്ള നടപടികളില്‍ കോടതിക്ക് അനുചിതമെന്നു തോന്നുന്ന എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് അപേക്ഷിക്കുന്നതായും ചീഫ് സെക്രട്ടറി സത്യവാങ്മൂലത്തില്‍ പറഞ്ഞു. കേസില്‍ നേരിട്ടു ഹാജരാവുന്നതില്‍നിന്നു തന്നെ ഒഴിവാക്കണമെന്ന് ചീഫ് സെക്രട്ടറി സത്യവാങ്മൂലത്തില്‍ അഭ്യര്‍ഥിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com