പോസ്റ്റ്മാന്‍ ഇനി സഞ്ചരിക്കുന്ന എടിഎം; പതിനായിരം രൂപവരെ പിന്‍വലിക്കാം

കത്തുകൊടുക്കല്‍ മാത്രമല്ല, സംസ്ഥാനത്തെപോസ്റ്റ്മാന്മാര്‍ ഇനി സഞ്ചരിക്കുന്ന എടിഎമ്മുകള്‍ കൂടിയാകും!
പോസ്റ്റ്മാന്‍ ഇനി സഞ്ചരിക്കുന്ന എടിഎം; പതിനായിരം രൂപവരെ പിന്‍വലിക്കാം

തിരുവനന്തപുരം: കത്തുകൊടുക്കല്‍ മാത്രമല്ല, സംസ്ഥാനത്തെപോസ്റ്റ്മാന്മാര്‍ ഇനി സഞ്ചരിക്കുന്ന എടിഎമ്മുകള്‍ കൂടിയാകും! വീടുകളിലെത്തുന്ന പോസ്റ്റ്മാന്‍ മുഖേന ആധാറുമായി ലിങ്കുചെയ്ത ബാങ്കിലെയോ പോസ്റ്റ് ഓഫീസ് പേമെന്റ് ബാങ്കിലെയോ അക്കൗണ്ടില്‍നിന്ന് പണം പിന്‍വലിക്കാനും ബാലന്‍സ് അറിയാനുമുള്ള സംവിധാനം നിലവില്‍വന്നു. ഒരുദിവസം 10,000 രൂപവരെ പിന്‍വലിക്കാം. പണം നിക്ഷേപിക്കാനുമാകും.

പോസ്‌റ്റോഫീസ് പേമെന്റ് ബാങ്ക് അക്കൗണ്ട് വേണമെന്നുമാത്രം. ആധാര്‍ എനേബിള്‍ഡ് പേമെന്റ് സിസ്റ്റം (എഇപിഎസ്) വഴിയാണ് ബാങ്കിലോ സൗകര്യം വരുന്നത്.

തപാല്‍വകുപ്പ് തയ്യാറാക്കിയ 'മൈക്രോ എടിഎം.' ആപ്പും മൊബൈല്‍ ഫോണും ബയോമെട്രിക് ഉപകരണവും പോസ്റ്റ്മാന്മാര്‍ക്കു നല്‍കും. യൂസര്‍നെയിമോ പാസ്‌വേഡോ നല്‍കാതെ പൂര്‍ണമായും ബയോമെട്രിക് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എഇപിഎസ് പ്രവര്‍ത്തിക്കുന്നത്. കേരള സര്‍ക്കിളിനുകീഴില്‍ ആകെയുള്ള 10,600 പോസ്റ്റ്മാന്മാരില്‍ 7196 പേരരെയാണ് പുതിയസേവനം നല്‍കാന്‍ സജ്ജമാക്കിയിരിക്കുന്നത്. 

പോസ്‌റ്റോഫീസുകളില്‍ നേരിട്ടെത്തിയാലും ഇതേ സേവനങ്ങള്‍ പ്രയോജനപ്പെടുത്താം. പോസ്റ്റ്മാന്‍ വീട്ടിലെത്തുമ്പോഴാണ് സേവനം ലഭ്യമാക്കുന്നതെങ്കില്‍ ചെറിയ തുക ഫീസായി നല്‍കണം. സംസ്ഥാനത്തെ 5064 പോസ്‌റ്റോഫീസുകളില്‍ 4742ലും പുതിയ സൗകര്യമുണ്ട്. തപാല്‍വകുപ്പിന്റെ പേമെന്റ് ബാങ്കായ ഐപിപിബിക്ക് (ഇന്ത്യ പോസ്റ്റ് പേമെന്റ് ബാങ്ക്) അനുബന്ധമായാണ് എഇപിഎസ് പ്രവര്‍ത്തിക്കുന്നത്.

ഓണ്‍ലൈന്‍ ഇടപാടുകളില്‍ പ്രാവീണ്യമില്ലാത്തവര്‍ക്കും ബാങ്കുകളിലെത്താന്‍ കഴിയാത്തവര്‍ക്കും വീട്ടുപടിക്കല്‍ സേവനം ലഭ്യമാകുന്നുവെന്നതാണ് പുതിയ സംവിധാനത്തിന്റെ പ്രത്യേകത. ഒന്നിലധികം ബാങ്കുകളുടെ സേവനം ഒരു പ്ലാറ്റ്‌ഫോമില്‍ ഏകോപിക്കുന്നുവെന്നാണ് എഇപിഎസിന്റെ മറ്റൊരു സവിശേഷത.

പോസ്റ്റല്‍ സേവിങ്‌സ് ബാങ്ക് അക്കൗണ്ടില്ലാത്തവര്‍ക്കും എഇപിഎസ് സേവനങ്ങള്‍ ലഭ്യമാണ്. പോസ്റ്റ്മാന്റെ കൈവശമുള്ള മൊബൈല്‍ ആപ്പില്‍ അക്കൗണ്ട് നമ്പര്‍, മൊബൈല്‍ നമ്പര്‍, ആധാര്‍ നമ്പര്‍, ആധാര്‍ കാര്‍ഡിലെ ക്യുആര്‍ കോഡ് എന്നിവ നല്‍കിയാണ് എഇപിഎസിലേക്കു പ്രവേശിക്കുന്നത്. ഏതുരീതി സ്വീകരിച്ചാലും ആധാറിലെ ബയോമെട്രിക് വിവരങ്ങള്‍ നല്‍കിയാലേ തുടര്‍ന്ന് മുന്നോട്ടുപോകാനാകൂ. ആവശ്യമായ പണം എത്രയെന്നു രേഖപ്പെടുത്തിയാല്‍ പോസ്റ്റ്മാന്‍ ആ തുക നല്‍കും. അക്കൗണ്ടുടമയ്ക്ക് എസ്എംഎസായി തുക പിന്‍വലിച്ച വിവരമെത്തുകയും ചെയ്യും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com