കെ വി തോമസും ഷാനിമോളും ഔട്ട് ? ; സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി കെപിസിസി തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് ; കോന്നിയില്‍ തര്‍ക്കം

സീറ്റുകള്‍ വെച്ചുമാറേണ്ടെന്ന് എ-ഐ ഗ്രൂപ്പുകല്‍ തമ്മില്‍ ധാരണയിലെത്തി 
കെ വി തോമസും ഷാനിമോളും ഔട്ട് ? ; സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി കെപിസിസി തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് ; കോന്നിയില്‍ തര്‍ക്കം

തിരുവനന്തപുരം: അഞ്ച് മണ്ഡലങ്ങളില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നതിനായി കെപിസിസിയുടെ തെരഞ്ഞെടുപ്പ് സമിതി ഇന്ന് യോഗം ചേരും. രാവിലെ 10 ന് ഇന്ദിരാ ഭവനില്‍ വെച്ചാണ് യോഗം. കോന്നിയിലെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് തര്‍ക്കം തുടരുന്നതിനിടെ ചേരുന്ന തെരഞ്ഞെടുപ്പ് സമിതി യോഗം നിര്‍ണായകമാണ്. യുഡിഎഫ് യോഗം ഇന്ന് വൈകിട്ട് മൂന്ന് മണിക്കും ചേരുന്നുണ്ട്. 

കോന്നിയില്‍ അടൂര്‍പ്രകാശ് മുന്നോട്ട് വെച്ച മുന്‍ ജില്ലാ പഞ്ചായത്ത് അംഗം റോബിന്‍ പീറ്ററിനെ വേണ്ടെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ജില്ലയിലെ നേതാക്കള്‍. അഭിപ്രായവ്യത്യാസമുള്ള പത്തനംതിട്ട ഡിസിസി പ്രസിഡന്റും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യനും ഇന്നലെ കെപിസിസി ഓഫീസില്‍ എത്തി ചര്‍ച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. 

അടൂര്‍ പ്രകാശിന്റെ നിലപാടിന് നേതൃത്യം പിന്തുണ നല്‍കുകയാണെങ്കില്‍ പത്തനംതിട്ട ഡിസിസിയില്‍ പൊട്ടിത്തെറി ഉണ്ടാകും. റോബിന്‍ പീറ്ററിനെതിരെ കെപിസിസി ഭാരവാഹിയായ പഴകുളം മധുവും രംഗത്തെത്തിയിരുന്നു. എന്നാല്‍ സമുദായം നോക്കിയല്ല സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കേണ്ടതെന്നാണ് അടൂര്‍ പ്രകാശിന്റെ നിലപാട്. 

അതേസമയം സാമൂദായിക-ഗ്രൂപ്പ് സമവാക്യം ഉറപ്പാക്കി മറ്റ് മൂന്നിടത്തും സമവായത്തിലെത്താനാണ് നേതാക്കളുടെ ശ്രമം. വട്ടിയൂര്‍ക്കാവും അരൂരും വെച്ച് മാറണമെന്ന എ ഗ്രൂപ്പ് നിര്‍ദ്ദേശം ഐ ഗ്രൂപ്പ് തള്ളി. ഇതോടെ അരൂരില്‍ പ്രതീക്ഷ വെച്ചിരുന്ന ഷാനിമോള്‍ ഉസ്മാന് തിരിച്ചടിയായി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തോറ്റ ഷാനിക്ക് അരൂര്‍ നല്‍കണമെന്ന് പല നേതാക്കള്‍ക്കും ആഗ്രഹമുണ്ട്. പക്ഷെ എ ഗ്രൂപ്പിന്റെ സീറ്റായതിനാല്‍ വിട്ടുകൊടുക്കാന്‍ ഇവര്‍ തയ്യാറല്ല. 

കെ രാജീവ്, എസ് രാജേഷ് അടക്കമുള്ള ജില്ലയിലെ എ വിഭാഗം നേതാക്കളുടെ പേരുകളാണ് പരിഗണിക്കുന്നത്. എറണാകുളത്ത് മുന്‍മന്ത്രി കെവി തോമസ് സ്ഥാനാര്‍ത്ഥിത്വത്തിനായി രംഗത്തുണ്ട്. എന്നാല്‍ ഡിസിസി പ്രസിഡന്റും കൊച്ചി ഡെപ്യൂട്ടി മേയറുമായ ടിജെ വിനോദിനാണ് മുന്‍തൂക്കം. സ്ഥാനാര്‍ത്ഥിയെ ചൊല്ലി തര്‍ക്കം തുടര്‍ന്നാല്‍, തീരുമാനമെടുക്കാന്‍ മുതിര്‍ന്ന നേതാക്കളെ ചുമതലപ്പെടുത്താനാണ് സാധ്യത. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com