ചികില്‍സ തേടിയത് മൂക്കിലെ ദശ വളര്‍ച്ചയ്ക്ക്, ശസ്ത്രക്രിയ നടത്തിയത് ഹെര്‍ണിയക്ക് ; ഏഴുവയസ്സുകാരന്റെ കുടുംബത്തിന്  രണ്ട് ലക്ഷം രൂപ നല്‍കാന്‍ ഉത്തരവ്

ഡാനിഷിന് ഭാവിയില്‍ ആവശ്യമായി വരുന്ന എല്ലാ ചികിത്സയും സര്‍ക്കാര്‍ സൗജന്യമായി നല്‍കണം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോഴിക്കോട് : മൂക്കിലെ ദശ വളര്‍ച്ചയ്ക്ക് ചികില്‍സ തേടിയെത്തിയ കുട്ടിയെ ആളുമാറി ഹെര്‍ണിയ ശസ്ത്രക്രിയക്ക് വിധേയനാക്കിയ സംഭവത്തില്‍ രണ്ടുലക്ഷം രൂപ സമാശ്വാസം നല്‍കാന്‍ മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്. വകുപ്പുതല അന്വേഷണം നടത്തി കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍ ഉത്തരവില്‍ വ്യക്തമാക്കി. 

മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലായിരുന്നു സംഭവം.  മലപ്പുറം കരുവാരക്കുണ്ട് സ്വദേശിയായ ഏഴു വയസ്സുകാരന്‍ മുഹമ്മദ് ഡാനിഷിനെയാണ് ആളുമാറി ഹെര്‍ണിയ ശസ്ത്രക്രിയക്ക് വിധേയനാക്കിയത്. 2019 മെയ് 21 നായിരുന്നു ശസ്ത്രക്രിയ നടത്തിയത്. മെഡിക്കല്‍ കോളേജില്‍ യൂണിറ്റ് നാലില്‍ പ്രവേശിപ്പിച്ചിരുന്ന എട്ടുവയസ്സുള്ള ധനുഷിന് നടത്തേണ്ട ഹെര്‍ണിയ ശസ്ത്രക്രിയയാണ് ആളുമാറി ഡാനിഷിന് നടത്തിയത്. സംഭവത്തില്‍ ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍, ആശുപത്രി സൂപ്രണ്ട് എന്നിവരില്‍ നിന്ന് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിരുന്നു. 

ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ചിരുന്ന രണ്ടു കുട്ടികളുടെ പേരുകള്‍ തമ്മില്‍ സാമ്യമുണ്ടായിരുന്നതു കൊണ്ടാണ് അബദ്ധം സംഭവിച്ചതെന്ന് ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടികളുടെ കൈയിലെ ടാഗിലെ വിവരങ്ങള്‍ കൃത്യമായി വിലയിരുത്തി രോഗിയെ തിരിച്ചറിയുന്നതില്‍ അപാകതയുണ്ടായി. പ്രീ ഓപ്പറേറ്റീവ് വാര്‍ഡില്‍ ഉണ്ടായിരുന്ന സ്റ്റാഫ് നേഴ്‌സ്, അനസ്തീഷ്യ ടെക്‌നീഷ്യന്‍, ക്ലീനിങ് സ്റ്റാഫ്, പത്താംനമ്പര്‍ ഓപ്പറേഷന്‍ വാര്‍ഡില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റാഫ് നേഴ്‌സ്, അനസ്‌തേഷ്യോളജി വിഭാഗം ഡോക്ടര്‍മാര്‍, സര്‍ജറി കണ്‍സള്‍ട്ടന്റ് എന്നിവരുടെ ഭാഗത്ത് ശ്രദ്ധക്കുറവ് ഉണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു. 

നഷ്ടപരിഹാരത്തിന് ഡാനിഷിന്റെ കുടുംബത്തിന് മറ്റ് ഫോറങ്ങളെ സമീപിക്കാന്‍ ഉത്തരവ് തടസമല്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഡാനിഷിന് ഭാവിയില്‍ ആവശ്യമായി വരുന്ന എല്ലാ ചികിത്സയും സര്‍ക്കാര്‍ സൗജന്യമായി നല്‍കണം. ചീഫ് സെക്രട്ടറിക്കും ആരോഗ്യവകുപ്പ് സെക്രട്ടറിക്കുമാണ് കമ്മീഷന്‍ ഉത്തരവ് നല്‍കിയത്. കമ്മിഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിന് പുറമേ മനുഷ്യാവകാശ പ്രവര്‍ത്തകരായ പി.കെ. രാജു, ഡോ. ഗിന്നസ് മാടസ്വാമി, റഹിം പന്തളം, അഡ്വ. ദേവദാസ് എന്നിവരും പരാതി നല്‍കിയിരുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com