തങ്കച്ചനെ നിയമിച്ചതാര് ? ; ​ഗൂഢാലോചനയ്ക്ക് പിന്നില്‍ ആരൊക്കെ ?; പാലാരിവട്ടം അഴിമതിയില്‍ സൂരജിനെ വിജിലന്‍സ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും

ഗൂഡാലോചനയില്‍ നിര്‍ണായക പങ്കുള്ള ചില രാഷ്ട്രീയ നേതാക്കളിലേക്കാണ് അന്വേഷണം നീളുന്നതെന്ന് വിജിലന്‍സ് വ്യക്തമാക്കി 
തങ്കച്ചനെ നിയമിച്ചതാര് ? ; ​ഗൂഢാലോചനയ്ക്ക് പിന്നില്‍ ആരൊക്കെ ?; പാലാരിവട്ടം അഴിമതിയില്‍ സൂരജിനെ വിജിലന്‍സ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും

കൊച്ചി : പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി ഒ സൂരജിനെ വിജിലന്‍സ് സംഘം ഇന്ന് വീണ്ടും ചോദ്യം ചെയ്യും. മൂവാറ്റുപുഴ സബ്ജയിലിലെത്തിയാണ് ചോദ്യം ചെയ്യുക. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയാണ് സൂരജിനെ ചോദ്യം ചെയ്യാന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി സമയം അനുവദിച്ചിട്ടുള്ളത്. 

സൂരജിനെ വീണ്ടും ചോദ്യം ചെയ്യാന്‍ അനുമതി തേടി വിജിലന്‍സ് കോടതിയില്‍ അപേക്ഷ നല്‍കുകയായിരുന്നു. മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെതിരെ മാധ്യമങ്ങളോടും കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയിലും വെളുപ്പെടുത്തല്‍ നടത്തിയ സാഹചര്യത്തിലാണ് ടി ഒ സൂരജിനെ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്യുന്നത്. 

അഴിമതിയില്‍ മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിന് പങ്കില്ലെന്ന രീതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം വിജിലന്‍സ് ഹൈക്കോടതിയില്‍ പുതുക്കി നല്‍കും. ജാമ്യാപേക്ഷയില്‍ ടി.ഒ സൂരജ് മുന്‍ മന്ത്രിക്കെതിരെ ഉന്നയിച്ച വാദങ്ങള്‍ തളളിയാണ് വിജിലന്‍സ് ഇന്നലെ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇത് വിവാദമായതോടെയാണ് വി കെ ഇബ്രാഹിം കുഞ്ഞിന്റെ ഇടപെടല്‍ പരിശോധിച്ച് വരുകയാണെന്നുമാണ് വിജിലന്‍സ് വിശദീകരണ പത്രികയില്‍ അറിയിച്ചത്. 

​ഗൂഢാലോചനയില്‍ നിര്‍ണായക പങ്കുള്ള ചില രാഷ്ട്രീയ നേതാക്കളിലേക്കാണ് അന്വേഷണം നീളുന്നതെന്നും വിജിലന്‍സ് വ്യക്തമാക്കി. പാലം നിര്‍മ്മാണത്തിന് പലിശയില്ലാതെ മുന്‍കൂര്‍ പണം നല്‍കാന്‍ ഇബ്രാഹിംകുഞ്ഞ് നിര്‍ദേശിച്ചെന്ന സൂരജിന്റെ വാദം ശരിയല്ലെന്നും വിജിലന്‍സ് വ്യക്തമാക്കി. റിട്ടയേഡ് സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ എം ടി തങ്കച്ചനെ വന്‍ ശുപാര്‍ശുടെയും സ്വാധീനത്തിന്റെയും അടിസ്ഥാനത്തിലാണ് റോഡ്‌സ് ആന്റ് ബ്രിഡ്ജസ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷനില്‍ അഡീഷണല്‍ ജനറല്‍ മാനേജരായി നിയമിച്ചതെന്ന് വിവരം ലഭിച്ചതായും വിജിലന്‍സ് സൂചിപ്പിച്ചു. 

മേല്‍പ്പാല നിര്‍മ്മാണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാന്‍ ബാധ്യതയുണ്ടായിരുന്ന തങ്കച്ചന്‍, കരാറെടുത്ത കമ്പനിയുടെ എംഡി സുമിത് ഗോയലിന് വേണ്ടി വിട്ടുവീഴ്ച ചെയ്തു. നിലാരമില്ലാത്ത നിര്‍മ്മാണത്തിന് കൂട്ടുനിന്നതായും വിജിലന്‍സ് പത്രികയില്‍ പറയുന്നു. സൂരജിനെ വീണ്ടും ചോദ്യം ചെയ്യുന്നതില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തി പുതിയ സത്യവാങ്മൂലം ഹെക്കോടതിയില്‍ സമര്‍പ്പിക്കാനാണ് വിജിലന്‍സിന്റെ ആലോചന. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com