'നടക്കില്ലെന്ന് ഉറപ്പിച്ച് എഴുതി തള്ളിയിരുന്ന ഒരു പദ്ധതി കൂടി യാഥാര്‍ത്ഥ്യമാകുന്നു'; ഇടമണ്‍- കൊച്ചി വൈദ്യുതി ലൈന്‍ പൂര്‍ത്തീകരിച്ചു

കേരളത്തിലെ വൈദ്യുതി മേഖലയില്‍ വന്‍കുതിച്ചു ചാട്ടമുണ്ടാക്കുന്ന പദ്ധതി യാഥാര്‍ത്ഥ്യമായതിനെക്കുറിച്ച് വൈദ്യുതി മന്ത്രി എം.എം മണിയാണ് അറിയിച്ചത്
'നടക്കില്ലെന്ന് ഉറപ്പിച്ച് എഴുതി തള്ളിയിരുന്ന ഒരു പദ്ധതി കൂടി യാഥാര്‍ത്ഥ്യമാകുന്നു'; ഇടമണ്‍- കൊച്ചി വൈദ്യുതി ലൈന്‍ പൂര്‍ത്തീകരിച്ചു

കേരളത്തിലേക്ക് 800 മെഗാവാട്ട് വൈദ്യുതി എത്തിക്കാന്‍ ശേഷിയുള്ള ഇടമണ്‍- കൊച്ചി പവര്‍ഹൈവേ യാഥാര്‍ത്ഥ്യമാകുന്നു. നിര്‍മ്മാണപ്രവര്‍ത്തനങ്ങളെല്ലാം പൂര്‍ത്തീകരിച്ച പവര്‍ഹൈവേ ചാര്‍ജ്ജ് ചെയ്തു തുടങ്ങി. കേരളത്തിലെ വൈദ്യുതി മേഖലയില്‍ വന്‍കുതിച്ചു ചാട്ടമുണ്ടാക്കുന്ന പദ്ധതി യാഥാര്‍ത്ഥ്യമായതിനെക്കുറിച്ച് വൈദ്യുതി മന്ത്രി എം.എം മണിയാണ് അറിയിച്ചത്. നടക്കില്ലെന്ന് ഉറപ്പിച്ച് എഴുതി തള്ളിയിരുന്ന ഒരു പദ്ധതി കൂടി യാഥാര്‍ത്ഥ്യമാകുകയാണ് എന്നാണ് അദ്ദേഹം ഫേയ്‌സ്ബുക്കില്‍ കുറിച്ചത്. 

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ സ്ഥലമേറ്റെടുപ്പിലെ പ്രശ്‌നങ്ങളില്‍ തട്ടി നിലച്ച അവസ്ഥയിലായിരുന്നു പദ്ധതി. ജനങ്ങളെ വിശ്വാസത്തിലെടുത്ത് അവരുടെ ആശങ്കകള്‍ പരിഹരിച്ചാണ് പദ്ധതി പൂര്‍ത്തീകരിച്ചത്.ആകെ 447ടവറുകളാണ് പദ്ധതിയ്ക്കായി നിര്‍മ്മിക്കേണ്ടിയിരുന്നത്. അതില്‍ 351 എണ്ണവും (78.5% ) പൂര്‍ത്തിയാക്കിയത് ഈ മൂന്നു വര്‍ഷത്തിനിടയിലാണെന്നും അദ്ദേഹം കുറിച്ചു. 

എം എം മണിയുടെ ഫേയ്‌സ്ബുക്ക് പോസ്റ്റ്

ചരിത്രനിമിഷമാണിത് , നടക്കില്ലെന്ന് ഉറപ്പിച്ച് എഴുതി തള്ളിയിരുന്ന ഒരു പദ്ധതി കൂടി യാഥാര്‍ത്ഥ്യമാകുന്നു. ഇടമണ്‍ കൊച്ചി പവര്‍ഹൈവേ ചാര്‍ജ്ജ് ചെയ്തു തുടങ്ങി. നിര്‍മ്മാണപ്രവര്‍ത്തനങ്ങളെല്ലാം പൂര്‍ത്തീകരിച്ച ശേഷമാണ് ഇടമണ്‍ കൊച്ചി വൈദ്യുതി ലൈന്‍ യാഥാര്‍ത്ഥ്യമാകുന്നത്. പവര്‍ഹൈവേ കമ്മീഷന്‍ ചെയ്യുന്നതോടെ കേരളത്തിലെ വൈദ്യുതി മേഖലയില്‍ വന്‍കുതിച്ചു ചാട്ടമാണ് ഉണ്ടാവുക. 800 മെഗാവാട്ട് അധികവൈദ്യുതി കേരളത്തിലെത്തിക്കാന്‍ കഴിയും. ഊര്‍ജ്ജപ്രസരണ നഷ്ടം പരമാവധി ഒഴിവാക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ മൂന്നു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ നേട്ടമായാണ് ഇടമണ്‍ കൊച്ചി വൈദ്യുതി ലൈന്‍ യാഥാര്‍ത്ഥ്യമാകുന്നതിനെ ഞാന്‍ നോക്കി കാണുന്നത്. എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ സ്ഥലമേറ്റെടുപ്പിലെ പ്രശ്‌നങ്ങളില്‍ തട്ടി നിലച്ച അവസ്ഥയിലായിരുന്നു പദ്ധതി. ജനങ്ങളെ വിശ്വാസത്തിലെടുത്ത് അവരുടെ ആശങ്കകള്‍ പരിഹരിച്ചാണ് പദ്ധതി പൂര്‍ത്തീകരിച്ചത്. പ്രധാനപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഈ സര്‍ക്കാരിന്റെ കാലത്ത് പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്.

ആകെ 447ടവറുകളാണ് പദ്ധതിയ്ക്കായി നിര്‍മ്മിക്കേണ്ടിയിരുന്നത്. അതില്‍ 351 എണ്ണവും (78.5% ) പൂര്‍ത്തിയാക്കിയത് ഈ മൂന്നു വര്‍ഷത്തിനിടയിലാണ്. 96 (2 1.5 % ) എണ്ണമാണ് 201116 കാലത്ത് നടന്നത്. 148. 3 കിലോമീറ്ററിലാണ് ആകെ ലൈന്‍ വലിക്കേണ്ടിയിരിക്കുന്നത്. 138.8 കിലോമീറ്ററും (93.5 %) പൂര്‍ത്തിയാക്കിയത് ഈ സര്‍ക്കാരാണ്. 9.5 കിലോ മീറ്ററിലാണ് (6.5 %) 2011-16 കാലത്ത് ലൈന്‍ വലിച്ചത്.

കേരളത്തിന്റെ വികസനരംഗത്ത് വലിയ കുതിച്ചുചാട്ടമുണ്ടാക്കാന്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ സര്‍ക്കാരിന് കഴിഞ്ഞു. നടക്കില്ലെന്ന് ഉറപ്പിച്ചിരുന്ന പദ്ധതികള്‍ പലതും പൂര്‍ത്തീകരണത്തിലേക്ക് എത്തിക്കാനായി . ഗെയില്‍ പൈപ്പ് ലൈന്‍ , ദേശീയ ജലപാത. ദേശീയ പാത സ്ഥലമേറ്റെടുപ്പ് തുടങ്ങിയ പദ്ധതികളിലെ മുന്നേറ്റം പരിശോധിച്ചാല്‍ ഇത് ബോധ്യപ്പെടും. കിഫ്ബിയുടെ ഭാഗമായി 45,000 കോടിയുടെ പദ്ധതികളും സംസ്ഥാനത്ത് നടപ്പാക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com