സംസ്ഥാന നേതാക്കന്മാര്‍ വരട്ടെ, എന്നിട്ടാകാം പ്രചാരണം; സ്ഥാനാര്‍ത്ഥിയെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ലീഗ് മണ്ഡലം കമ്മിറ്റി

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതിന് പിന്നാലെ മുസ്ലീംലീഗില്‍ പ്രതിസന്ധി
സംസ്ഥാന നേതാക്കന്മാര്‍ വരട്ടെ, എന്നിട്ടാകാം പ്രചാരണം; സ്ഥാനാര്‍ത്ഥിയെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ലീഗ് മണ്ഡലം കമ്മിറ്റി

കാസര്‍കോട്: മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതിന് പിന്നാലെ മുസ്ലീംലീഗില്‍ പ്രതിസന്ധി. പ്രവര്‍ത്തകരുടെ വികാരം കണക്കിലെടുക്കാതെയാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത് എന്ന് ആരോപിച്ച്  മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തില്‍ ലീഗില്‍ വന്‍ പ്രതിഷേധമാണ് നിലനില്‍ക്കുന്നത്. 

അതുകൊണ്ട് തന്നെ പ്രചാരണരംഗത്ത് തത്കാലം സജീവമാകേണ്ടെന്ന തീരുമാനമാണ് ഇന്നു ചേര്‍ന്ന മണ്ഡലം കമ്മിറ്റി യോഗം സ്വീകരിച്ചത്. സംസ്ഥാന നേതാക്കള്‍ നേരിട്ടെത്തിയശേഷം പ്രചാരണവുമായി സഹകരിച്ചാല്‍ മതിയെന്നാണ് തീരുമാനം. ഇതിനിടെ മണ്ഡലം കമ്മിറ്റി രാജിവെയ്ക്കണമെന്ന ആവശ്യവും യോഗത്തില്‍ ഉയര്‍ന്നു. പ്രവര്‍ത്തകരുടെ വികാരം നേതൃത്വത്തെ അറിയിക്കുന്നതില്‍ പരാജയപ്പെട്ട മണ്ഡലം പ്രസിഡന്റ് ടി എ മൂസ സ്ഥാനം ഒഴിയണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് എം സി കമറുദ്ദീനെയാണ് മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി യുഡിഎഫ് തീരുമാനിച്ചത്.ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. കമറുദ്ദീന്റെ സ്ഥാനാര്‍ഥിത്വത്തില്‍ നേതൃതലത്തില്‍ നേരത്തെ ധാരണയായിരുന്നെങ്കിലും യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം എതിര്‍പ്പുന്നയിച്ചു രംഗത്തുവന്നതോടെ പ്രഖ്യാപനം നീളുകയായിരുന്നു. ഇന്നു വീണ്ടും നേതൃയോഗം ചേര്‍ന്നാണ് കമറുദ്ദീനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. മണ്ഡലത്തിന്റെ ചുമതല പികെ കുഞ്ഞാലിക്കുട്ടിക്കാണ്.

മുതിര്‍ന്ന നേതാവ് എന്നതും ജനങ്ങള്‍ക്കിടയിലെ സ്വീകാര്യതയും കണക്കിലെടുത്താണ് കമറുദ്ദീനെ സ്ഥാനാര്‍ഥിയാക്കുന്നതെന്ന് യോഗത്തിനു ശേഷം നേതാക്കള്‍ പറഞ്ഞു. യുഡിഎഫ് ഘടകകക്ഷികള്‍ക്കും ഏറ്റവും സ്വീകാര്യനായ നേതാവാണ് കമറുദ്ദീന്‍. കഴിഞ്ഞ തവണത്തേക്കാള്‍ തിളക്കമാര്‍ന്ന വിജയം കൈവരിക്കാനാവുമെന്ന് നേതാക്കള്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com