അപ്രതീക്ഷിതമായി വീട്ടില്‍ പ്രസവിച്ചു, അമ്മയുടേയും കുഞ്ഞിന്റേയും ജീവന്‍ രക്ഷിച്ച് കനിവ് 108

പ്രസവം നടന്ന ഉടനെ കുടുംബാംഗങ്ങള്‍ പൊക്കിള്‍കൊടി മുറിച്ചു മാറ്റിയിരുന്നു. എന്നാല്‍ മറുപിള്ള പൂര്‍ണമായും ഗര്‍ഭപാത്രത്തിന് അകത്ത് തന്നെയായിരുന്നു
അപ്രതീക്ഷിതമായി വീട്ടില്‍ പ്രസവിച്ചു, അമ്മയുടേയും കുഞ്ഞിന്റേയും ജീവന്‍ രക്ഷിച്ച് കനിവ് 108

തിരുവനന്തപുരം: അപ്രതീക്ഷിതമായി വീട്ടില്‍ പ്രസവിച്ച യുവതിക്ക് രക്ഷകരായി കനിവ് 108. കേശവപുരം സ്വദേശിയായ സുനില്‍ കുമാറിന്റെ ഭാര്യ അനിയതാണ് തിയതി ആകുന്നതിന് മുന്‍പേ വീട്ടില്‍ വെച്ച് പ്രസവിച്ചത്. കനിവ് 108ലെ എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍മാരാണ് അമ്മയ്ക്കും കുഞ്ഞിനും തുണയായത്. 

സമഗ്ര ട്രോമ കെയര്‍ പദ്ധതിയുടെ ഭാഗമായാണ് സൗജന്യ ആംബുലന്‍സ് ശൃംഗലയായ കനിവ് 108 പ്രവര്‍ത്തനം തുടങ്ങിയത്. സേവനം തുടങ്ങി രണ്ടാം ദിനം തന്നെയാണ് വെല്ലുവിളിയായ സംഭവം എത്തിയത്. കിളിമാനൂരില്‍ നിന്ന് വന്ന ഫോണ്‍കോളില്‍ അമ്മയുടേയും കുഞ്ഞിന്റേയും നില വഷളാവുകയാണെന്നും എത്രയും പെട്ടെന്ന് സഹായത്തിനായി എത്തണം എന്നുമാണ് പറഞ്ഞത്. 

ആംബുലന്‍സുമായി കനിവ് 108 ഏമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യനായ എസ് എ ഗണേശും, പൈലറ്റായ ആര്‍ വി രതീഷ് കുമാറും വീട്ടിലെത്തുമ്പോള്‍ എന്ത് ചെയ്യണം എന്നറിയാതെ പകച്ചു നില്‍ക്കുകയായിരുന്നു കുടുംബാംഗങ്ങള്‍. പ്രസവം നടന്ന ഉടനെ കുടുംബാംഗങ്ങള്‍ പൊക്കിള്‍കൊടി മുറിച്ചു മാറ്റിയിരുന്നു. എന്നാല്‍ മറുപിള്ള പൂര്‍ണമായും ഗര്‍ഭപാത്രത്തിന് അകത്ത് തന്നെയായിരുന്നു. 

യുവതിക്കാണെങ്കില്‍ രക്തസ്രാവം ഉണ്ടാവുകയും ചെയ്തു. ആരോഗ്യനില മോശമാണെന്ന് മനസിലാക്കിയ ഗണേഷ് ഇവര്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കി. 20 മിനിറ്റിനുള്ളില്‍ അമ്മയേയും കുഞ്ഞിനേയും ചിറയന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. കൃത്യ സമയത്ത് പ്രാഥമിക ശുശ്രൂഷ നല്‍കിയതിനെ തുടര്‍ന്നാണ് യുവതിയുടെ ജീവന്‍ രക്ഷിക്കാനായത് എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അമ്മയുടേയും കുഞ്ഞിന്റേയും ജീവന്‍ രക്ഷിച്ച കനിവ് 108 ജീവനക്കാരെ ആരോഗ്യ മന്ത്രി കെ കെ ശൈലജ അഭിനന്ദിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com