'യുവതീപ്രവേശനത്തിലൂടെ മാത്രം നവോത്ഥാനമാകില്ല, മരടിലേതും സുപ്രിംകോടതി വിധി തന്നെയാണ്' ; സർക്കാരിനെതിരെ ഒളിയമ്പുമായി ദേവസ്വം ബോർഡ് പ്രസിഡന്റ്

രണ്ട് യുവതികള്‍ ശബരിമലയില്‍ കയറിയത് കൊണ്ട് വിധി നടപ്പായെന്ന് കണക്കാക്കാനാകില്ല. വെല്ലുവിളിച്ച് കയറുന്നതും അല്ലാത്തതും വ്യത്യസ്തമാണ്
'യുവതീപ്രവേശനത്തിലൂടെ മാത്രം നവോത്ഥാനമാകില്ല, മരടിലേതും സുപ്രിംകോടതി വിധി തന്നെയാണ്' ; സർക്കാരിനെതിരെ ഒളിയമ്പുമായി ദേവസ്വം ബോർഡ് പ്രസിഡന്റ്

പത്തനംതിട്ട : മരട് ഫ്‌ലാറ്റ് വിധിയില്‍ സര്‍ക്കാരിനെതിരെ ഒളിയമ്പുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍. യുവതി പ്രവേശന വിധി പോലെ തന്നെയാണ് മരട് വിധിയും. മരട് വിധി ഫല്ാറ്റ് ഉടമകളെ മാത്രം ബാധിക്കുന്ന വിധിയാണ്. എന്നാല്‍ ശബരിമലയിലെ യുവതീപ്രവേശന വിധി കോടിക്കണക്കിന് വിശ്വാസികളെ ബാധിക്കുന്ന വിഷയമാണെന്നും എ പദ്മകുമാര്‍ പറഞ്ഞു. 

ശബരിമല വിഷയത്തില്‍ സുപ്രിംകോടതി വിധി എന്തായാലും നടപ്പാക്കുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്. മരടിലേതും സുപ്രിംകോടതി വിധി തന്നെയാണെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു. ദേവസ്വം ബോര്‍ഡിന് ശബരിമലയില്‍ ഭക്തരുടെ താല്‍പ്പര്യം പ്രധാനമാണ്. രണ്ട് യുവതികള്‍ ശബരിമലയില്‍ കയറിയത് കൊണ്ട് വിധി നടപ്പായെന്ന് കണക്കാക്കാനാകില്ല. ശബരിമലയില്‍ വെല്ലുവിളിച്ച് കയറുന്നതും അല്ലാത്തതും വ്യത്യസ്തമാണ്. 

ശബരിമലയിലെ യുവതീപ്രവേശനത്തിലൂടെ മാത്രം നവോത്ഥാനം പൂര്‍ണമാകില്ലെന്നും എ പദ്മകുമാര്‍ അഭിപ്രായപ്പെട്ടു. നവോത്ഥാനം ഉണ്ടാകേണ്ടത് അധഃസ്ഥിത വിഭാഗത്തിന്റെ ഉയര്‍ച്ചയിലൂടെയാണ്. ശബരിമലയിലെ ആചാരം പാലിക്കുന്ന കുടുംബത്തിലെ അംഗമാണ് താന്‍. തന്റെത് ശബരിമലയുമായി ബന്ധമുള്ള കുടുംബമാണ്. തന്നെ ഈ സ്ഥാനത്തേക്ക് നിയോഗിച്ച മുഖ്യമന്ത്രിക്ക് തന്റെ കുടുംബപശ്ചാത്തലം അറിയാവുന്ന ആളാണെന്നും പദ്മകുമാര്‍ പറഞ്ഞു. ഞങ്ങളുടെ കുടുംബത്തില്‍ നിന്നും യുവതികള്‍ ശബരിമലയില്‍ പോകില്ല. തന്റെ കുടുംബത്തിലെ സ്ത്രീകള്‍  ആചാരസംരക്ഷണത്തിന് വിഘാതമായ നടപടികള്‍ ഒന്നും ചെയ്യില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും പദ്മകുമാര്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com