ഐഎസില്‍ ചേര്‍ന്ന എട്ട് മലയാളികളുടെ മരണം എന്‍ഐഎ സ്ഥിരീകരിച്ചു

അഫ്ഗാനിസ്ഥാനിലെ കിഴക്കന്‍ നംഗര്‍ഹാര്‍ പ്രവിശ്യയില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിലാണ് മലയാളികള്‍ കൊല്ലപ്പെട്ടതെന്ന് കേരള പൊലീസിനെ എന്‍ഐഎ അറിയിച്ചു.
ഐഎസില്‍ ചേര്‍ന്ന എട്ട് മലയാളികളുടെ മരണം എന്‍ഐഎ സ്ഥിരീകരിച്ചു

കാസര്‍കോട്: രാജ്യാന്തര ഭീകര സംഘടനയായ ഇസ്‌ലാമിക് സ്‌റ്റേറ്റില്‍(ഐഎസ്) ചേര്‍ന്ന മലയാളികളില്‍ എട്ട് പേര്‍ അമേരിക്കന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ)യുടെ സ്ഥിരീകരണം. കാസര്‍കോട് നിന്ന് ഐഎസില്‍ ചേര്‍ന്നവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ കേരളത്തിലെ ബന്ധുക്കള്‍ക്ക് ഇതു സംബന്ധിച്ചു നേരത്തെ വിവരം ലഭ്യമായെങ്കിലും എന്‍ഐഎയുടെ സ്ഥിരീകരണം ഇപ്പോളാണുണ്ടാകുന്നത്.

അഫ്ഗാനിസ്ഥാനിലെ കിഴക്കന്‍ നംഗര്‍ഹാര്‍ പ്രവിശ്യയില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിലാണ് മലയാളികള്‍ കൊല്ലപ്പെട്ടതെന്ന് കേരള പൊലീസിനെ എന്‍ഐഎ അറിയിച്ചു. കൂടുതല്‍ നടപടികള്‍ക്കായി എന്‍ഐഎ അഫ്ഗാന്‍ സര്‍ക്കാരുമായി ബന്ധപ്പെട്ടിട്ടുണ്ട്. തൃക്കരിപ്പൂര്‍ ഉടുമ്പുന്തലയിലെ അബ്ദുല്‍ റാഷിദ് അബ്ദുല്ലയുടെ നേതൃത്വത്തില്‍ ഐഎസില്‍ ചേര്‍ന്ന 23 പേരില്‍ ഉള്‍പ്പെട്ടവരാണ് കൊല്ലപ്പെട്ട എട്ട് പേരും. 

അബ്ദുല്‍ റാഷിദും ഒപ്പമുള്ളവരും ടെലഗ്രാമിലൂടെ പല ഘട്ടങ്ങളായി ബന്ധുക്കളെ അറിയിച്ച മരണങ്ങള്‍ക്കാണ് ഇപ്പോള്‍ സ്ഥിരീകരണമുണ്ടായത്. അതേ സമയം അബ്ദുല്‍ റാഷിദ് രണ്ട് മാസം മുന്‍പ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചെങ്കിലും എന്‍ഐഎ ഇത് സ്ഥിരീകരിച്ചിട്ടില്ല. 

പടന്ന സ്വദേശികളായ മുഹമ്മദ് മുര്‍ഷിദ്, ഹഫീസുദ്ദീന്‍, ഷിഹാസ്, അജ്മല, തൃക്കരിപ്പൂരിലെ സര്‍വീസ് സഹകരണ ബാങ്കിനു സമീപം താമസിക്കുന്ന മുഹമ്മദ് മര്‍വന്‍, ഇളമ്പച്ചിയിലെ മുഹമ്മദ് മന്‍ഷാദ്, പാലക്കാട് സ്വദേശികളായ ബാസ്റ്റിന്‍, ഷിബി എന്നിവരാണ് വിവിധ ഘട്ടങ്ങളിലായി കൊല്ലപ്പെട്ടതെന്നാണ് സ്ഥിരീകരണം. 2016 ജൂണ്‍ മുതലാണ് ഐഎസില്‍ ചേരാനായി ഇവര്‍ ഇന്ത്യ വിടുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com