'നിത്യസുന്ദര ഗാനങ്ങള്‍ കേരളത്തിന് സമ്മാനിച്ച സംഗീത പ്രതിഭ' ; എം കെ അര്‍ജുനന്റെ നിര്യാണത്തില്‍ അനുശോചിച്ച് മന്ത്രി എ കെ ബാലന്‍

നമ്മുടെ സാംസ്‌കാരിക സമ്പത്തിലേക്ക് അദ്ദേഹം വലിയ സംഭാവനകള്‍ നല്‍കി
'നിത്യസുന്ദര ഗാനങ്ങള്‍ കേരളത്തിന് സമ്മാനിച്ച സംഗീത പ്രതിഭ' ; എം കെ അര്‍ജുനന്റെ നിര്യാണത്തില്‍ അനുശോചിച്ച് മന്ത്രി എ കെ ബാലന്‍

തിരുവനന്തപുരം : പ്രശസ്ത സംഗീത സംവിധായകന്‍ എം കെ അര്‍ജുനന്റെ നിര്യാണത്തില്‍ സാംസ്‌കാരിക മന്ത്രി എ കെ ബാലന്‍ അനുശോചിച്ചു. നിത്യസുന്ദരമായ നിരവധി ഗാനങ്ങള്‍ കേരളത്തിന് സമ്മാനിച്ച സംഗീത പ്രതിഭയാണ് എം കെ അര്‍ജുനന്‍ മാഷ്. നമ്മുടെ സാംസ്‌കാരിക സമ്പത്തിലേക്ക് അദ്ദേഹം വലിയ സംഭാവനകള്‍ നല്‍കി. കേരളം എക്കാലവും ഓര്‍ക്കുന്ന ഗാനങ്ങളൊരുക്കിയ അര്‍ജുനന്‍ മാഷുടെ നിര്യാണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് മന്ത്രി അനുശോചനക്കുറിപ്പില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് കുറിപ്പ്

കേരളം എക്കാലവും ഓര്‍ക്കുന്ന ഗാനങ്ങളൊരുക്കിയ ശ്രീ. എം. കെ. അര്‍ജുനന്‍ മാഷുടെ നിര്യാണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.

നിത്യസുന്ദരമായ നിരവധി ഗാനങ്ങള്‍ കേരളത്തിന് സമ്മാനിച്ച സംഗീത പ്രതിഭയാണ് എം കെ അര്‍ജുനന്‍ മാഷ്. നമ്മുടെ സാംസ്‌കാരിക സമ്പത്തിലേക്ക് അദ്ദേഹം വലിയ സംഭാവനകള്‍ നല്‍കി.

നാടകങ്ങള്‍ക്ക് ഗാനങ്ങളൊരുക്കിയാണ് അദ്ദേഹം രംഗപ്രവേശം ചെയ്തത്. ജി.ദേവരാജന്‍ മാസ്റ്ററാണ് അദ്ദേഹത്തെ നാടക രംഗത്തേക്ക് കൊണ്ടുവന്നത്. കെ പി എ സി, കാളിദാസ കലാകേന്ദ്രം, ചങ്ങനാശേരി ഗീഥാ, ദേശാഭിമാനി തിയേറ്റേഴ്‌സ് തുടങ്ങിയ നിരവധി നാടക സമിതികളുടെ മുന്നൂറോളം നാടകങ്ങള്‍ക്കായി എണ്ണൂറോളം ഗാനങ്ങള്‍ക്ക് ഈണം നല്‍കി. 1968ല്‍ കറുത്ത പൗര്‍ണമി എന്ന സിനിമക്ക് സംഗീത സംവിധാനം നിര്‍വഹിച്ചുകൊണ്ടാണ് സിനിമാ മേഖലയിലെ ജൈത്രയാത്ര ആരംഭിച്ചത്. 153 സിനിമകളില്‍ 654 ഗാനങ്ങള്‍ക്ക് അദ്ദേഹം ഈണം നല്‍കി. അവയില്‍ ഭൂരിപക്ഷം ഗാനങ്ങളും മലയാളികള്‍ എക്കാലവും പാടി നടക്കുന്നവയാണ്. എന്നാല്‍ മഹാനായ ആ കലാകാരന് ഒരു സംസ്ഥാന അവാര്‍ഡ് ലഭിക്കാന്‍ അര നൂറ്റാണ്ട് കാത്തിരിക്കേണ്ടി വന്നു. ഭയാനകം എന്ന ചിത്രത്തിലെ സംഗീത സംവിധാനത്തിന് 2017ല്‍ മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് 2018 ലാണ് നല്‍കിയത്. അവാര്‍ഡ് ഏറ്റുവാങ്ങി വികാരനിര്‍ഭരമായാണ് അദ്ദേഹം സംസാരിച്ചത്. തന്റെ കഴിവുകള്‍ക്ക് ഇപ്പോഴെങ്കിലും അംഗീകാരം ലഭിച്ചതില്‍ വലിയ സന്തോഷമുണ്ടെന്ന് അര്‍ജുനന്‍ മാഷ് പറഞ്ഞു. ജെ സി ഡാനിയേല്‍ അവാര്‍ഡ് ഏറ്റുവാങ്ങി ശ്രീകുമാരന്‍ തമ്പിയും സമാനമായ അഭിപ്രായം പറഞ്ഞിരുന്നു. അര്‍ഹരായവര്‍ക്ക് അംഗീകാരം നല്‍കാന്‍ ഈ സര്‍ക്കാര്‍ തയാറായെന്നാണ് അദ്ദേഹം പറഞ്ഞത്.

സാംസ്‌കാരിക വകുപ്പിന്റെ മന്ത്രിയായി ചുമതലയേറ്റശേഷം അര്‍ജുനന്‍ മാഷെ എറണാകുളത്തെ വീട്ടില്‍ പോയി കണ്ടിരുന്നു. പിന്നീട് 84ാം പിറന്നാള്‍ സമയത്ത് നേരിട്ട് വിളിച്ച് ആശംസകള്‍ അറിയിക്കുകയും ചെയ്തിരുന്നു. എറണാകുളം വഴി പോകുമ്പോള്‍ കാണണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അതിന് കഴിഞ്ഞില്ല.

ജി ദേവരാജന്‍ മാസ്റ്ററുമായി ആത്മബന്ധം പുലര്‍ത്തിയ അര്‍ജുനന്‍ മാഷ് എഴുപതുകളിലും എണ്‍പതുകളിലും മഹാരഥരായ സംഗീത സംവിധായകര്‍ക്കൊപ്പം മലയാള ചലച്ചിത്രഗാന ശാഖയില്‍ ഉയര്‍ന്നുനിന്നു. എ ആര്‍ റഹ്മാന്റെ പിതാവ് ഞ.ഗ . ശേഖര്‍ അര്‍ജുനന്‍ മാഷുടെ സഹായിയായിരുന്നു. എ ആര്‍ റഹ്മാനെ കീ ബോര്‍ഡ് പരിശീലിപ്പിച്ചത് അര്‍ജുനന്‍ മാഷാണ്. എ ആര്‍ റഹ്മാന്റെ കുടുംബവുമായി ആത്മബന്ധമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്.

മാനത്തിന്‍ മുറ്റത്ത് മഴവില്ലാലഴകെട്ടും എന്ന ഗാനത്തില്‍ തുടങ്ങി പാടാത്ത വീണയും പാടും, പൗര്‍ണമിചന്ദ്രിക തൊട്ടുവിളിച്ചു, നീലക്കുട നിവര്‍ത്തി, നിന്മണിയറയിലെ, നീലനിശീഥിനീ, മുത്തുകിലുങ്ങീ, പാലരുവിക്കരയില്‍, കുയിലിന്റെ മണിനാദം കേട്ടു, കസ്തൂരിമണക്കുന്നല്ലോ തുടങ്ങി നിരവധി മനോഹര ഗാനങ്ങള്‍ അദ്ദേഹം സൃഷ്ടിച്ചു.

അദ്ദേഹത്തിന്റെ സംഗീതം മെലഡിക്ക് വലിയ പ്രാധാന്യം നല്‍കിയതാണ്. ആ വലിയ പ്രതിഭയെ സഹൃദയകേരളം തിരിച്ചറിഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ സംഭാവനകള്‍ കേരളം എക്കാലവും ഓര്‍ക്കും. അദ്ദേഹത്തിന്റെ പാട്ടുകള്‍ കേരളമുള്ള കാലത്തോളം നിലനില്‍ക്കും. കുടുംബാംഗങ്ങളുടെയും സഹൃദയരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com