ഐസൊലേഷൻ വാർഡിൽ രാവും പകലുമില്ലാതെ ജോലിചെയ്തു, ആദ്യ ശമ്പളം വാങ്ങി മടങ്ങവെ ബൈക്ക് അപകടം; നൊമ്പരമായി ആഷിഫ്  

ആഷിഫ് സഞ്ചരിച്ച ബൈക്ക് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു
ഐസൊലേഷൻ വാർഡിൽ രാവും പകലുമില്ലാതെ ജോലിചെയ്തു, ആദ്യ ശമ്പളം വാങ്ങി മടങ്ങവെ ബൈക്ക് അപകടം; നൊമ്പരമായി ആഷിഫ്  

തൃശ്ശൂർ: കുന്നംകുളം താലൂക്ക് ആശുപത്രിയിൽ താത്‌കാലിക നഴ്സായിരുന്ന ആഷിഫ് (23) അപകടത്തിൽ മരിച്ചു. കൊറോണ വൈറസ് ബാധിതരെ ചികിത്സിക്കാൻ ഐസൊലേഷൻ വാർഡിലും ഹെൽപ് ഡെസ്‌കിലും ജോലി ചെയ്തതിന് ലഭിച്ച ആദ്യ പ്രതിഫലം വാങ്ങി മടങ്ങവെയാണ് അപകടമുണ്ടായത്. 

ആഷിഫ് സഞ്ചരിച്ച ബൈക്ക് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.  അവണൂർ- മെഡിക്കൽ കോളേജ് റോഡിൽ ഇന്നലെ ഉച്ചയോടെയാണ് അപകടമുണ്ടായത്. ഉടനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സ്ഥിരം ജീവനക്കാരേക്കാൾ മിടുക്കോടെയായിരുന്നു കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ ആഷിഫിന്റെ സേവനമെന്നാണ് കുന്നംകുളം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. എ വി മണികണ്ഠന്റെ വാക്കുകൾ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചയാൾക്ക് വൈറസ്ബാധ സ്ഥിരീകരിച്ചപ്പോൾ രോ​ഗിയെ മെഡിക്കൽ കോളജിലേക്കെത്തിക്കാൻ ആഷിഫാണ് മുന്നിൽ നിന്നത്. ആംബുലൻസ് അണുവിമുക്തമാക്കാൻ പലരും മടിച്ചപ്പോൾ അതിനും തയ്യാറാവുകയും ചെയ്തു. മറ്റുള്ളവർ പേടിച്ചുനിന്നപ്പോൾ സധൈര്യം മുന്നോട്ടുവന്ന് പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതായിരുന്നു ഈ ഇരുപത്തിമൂന്നുകാരന്റെ രീതി. 

രണ്ടുദിവസമായി അവധിയിലായിരുന്ന ആഷിഫ് 15 ദിവസത്തെ ശമ്പളം എത്തിയിട്ടുണ്ടെന്നറിഞ്ഞ് ചെക്ക് വാങ്ങാനാണ് കുന്നംകുളത്തേയ്ക്ക് പോയത്. ചാവക്കാട് തൊട്ടാപ്പ് ആനാംകടവിൽ അബ്ദുവിന്റെയും ഷമീറയുടെയും മകനാണ്. ഷെമീറ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഓഫീസിലെ ജീവനക്കാരിയാണ്. ഏകസഹോദരി അജു നഴ്സിങ്‌ വിദ്യാർഥിനിയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com