വ്യാജവാറ്റ് കേന്ദ്രത്തില്‍ റെയ്ഡ്; തോക്കുമായി യുവാവ് അറസ്റ്റില്‍; പൊലീസുകാരന്റെ കൈകടിച്ചു മുറിച്ച് രക്ഷപ്പെടാന്‍ ശ്രമം

ഇടുക്കി തോക്കുപാറയില്‍ വ്യാജവാറ്റു കേന്ദ്രത്തില്‍ നടന്ന റെയ്ഡില്‍ 950 ലിറ്റര്‍ കോടയും നാടന്‍ തോക്കുമായി യുവാവ് അറസ്റ്റിലായി.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തോക്കുപാറ: ഇടുക്കി തോക്കുപാറയില്‍ വ്യാജവാറ്റു കേന്ദ്രത്തില്‍ നടന്ന റെയ്ഡില്‍ 950 ലിറ്റര്‍ കോടയും നാടന്‍ തോക്കുമായി യുവാവ് അറസ്റ്റിലായി. പ്രധാന പ്രതിയടക്കം രണ്ടു പേര്‍ പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടു. 

രാജാക്കാട് നാരകത്തനാംകുന്നേല്‍ ജിബിനെയാണ് വെള്ളത്തൂവല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. വാറ്റ് കേന്ദ്രത്തിന്റെ ഉടമ തോക്കുപാറ പുതുവ സണ്ണി, രാജാക്കാട് മണ്ണാമറ്റത്തില്‍ സുരേഷ് എന്നിവരാണ് ഓടി രക്ഷപെട്ടത്. അറസ്റ്റിലായ പ്രതി പൊലീസുകാരന്റെ കൈ കടിച്ചു മുറിച്ച് രക്ഷപെടാന്‍ ശ്രമിച്ചെന്നു പൊലീസ് പറഞ്ഞു. സിവില്‍ പൊലീസ് ഓഫീസര്‍ ടോമിനെയാണ് ആക്രമിച്ചത്. മൂന്നാര്‍ ഡിവൈ.എസ്.പി: രമേശ് കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് റെയ്ഡ് നടത്തിയത്.

ചാരായം വാറ്റുന്നതിന് തയ്യാറാക്കിയ 950 ലിറ്റര്‍ കോട മിശ്രിതം, വിറക് അടുപ്പ്, ഗ്യാസ് അടപ്പ് എന്നിവയടക്കമുള്ള വാറ്റ് ഉപകരണങ്ങള്‍, ബാരലുകള്‍, നാടന്‍ തോക്ക് (എയര്‍ഗണ്‍) തുടങ്ങിയവയും പൊലീസ് പിടിച്ചെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com