മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ വരുന്നവര്‍ പാസ് കരുതണം; ഗര്‍ഭിണികളുടെ യാത്രയ്ക്കും സജ്ജീകരണങ്ങള്‍

മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ വരുന്നവര്‍ പാസ് കരുതണം; ഗര്‍ഭിണികളുടെ യാത്രയ്ക്കും സജ്ജീകരണങ്ങള്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: മരണാന്തര ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനു വേണ്ടിയോ മരണാസന്നരായവരെ കാണുന്നതിനു വേണ്ടിയോ കേരളത്തില്‍ എത്തുന്നവര്‍ നിലവില്‍ താമസിക്കുന്ന സ്ഥലത്തെ അധികാരികളില്‍ നിന്നും വാങ്ങിയ പാസ് കരുതണമെന്ന് അധികൃതര്‍ അറിയിച്ചു. കൂടാതെ കാണാന്‍ പോവുന്ന ബന്ധുവിന്റെ വിശദാംശങ്ങള്‍ സംബന്ധിച്ച സാക്ഷ്യപത്രവും അതിര്‍ത്തിയില്‍ പരിശോധയ്ക്ക് ഹാജരാക്കണം. എല്ലാ ജില്ലകളിലും ജില്ലാ കലക്ടര്‍മാര്‍ ഓരോ ഡെപ്യൂട്ടി കലക്ടര്‍മാര്‍ക്ക് ഇതു സംബന്ധിച്ച ചുമതല നല്‍കിയിട്ടുണ്ട്.

അന്തര്‍ സംസ്ഥാന യാത്രകള്‍ക്കും പ്രത്യേകിച്ച് കേരളത്തിലെ ആളുകള്‍ക്ക്, ആവശ്യമായ അടിയന്തിര ചികില്‍സ ഉള്‍പ്പെടെ ആവശ്യങ്ങള്‍  സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടതിനാല്‍ മാനുഷിക പരിഗണന നല്‍കി നിയന്ത്രണ ഉത്തരവിലെ മാര്‍ഗ നിര്‍ദേശങ്ങളില്‍ പ്രത്യേക  ഇളവു നല്‍കുകയായിരുന്നു.

ഗര്‍ഭിണികള്‍ കേരളത്തിലേക്ക്  പ്രവേശിക്കണമെങ്കില്‍ നിലവില്‍ താമസിക്കുന്ന സ്ഥലത്തെ അംഗീകൃത ഗൈനക്കോളജിസ്റ്റില്‍ നിന്നും പ്രസവം പ്രതീക്ഷിക്കുന്ന തീയതി, റോഡ് മാര്‍ഗം യാത്ര ചെയ്യാമെന്നുള്ള ഫിറ്റ്‌നസ്, തുടങ്ങി ഗര്‍ഭാവസ്ഥയുമായി ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുമായി നിലവില്‍ താമസിക്കുന്ന സംസ്ഥാനത്തെ ബന്ധപ്പെട്ട അധികാരികളില്‍ നിന്നും സഹയാത്രികരുടെ വിശദാംശങ്ങളും ഉള്‍പ്പെടുത്തി കേരളത്തിലേക്ക് യാത്രചെയ്യുന്നതിനുള്ള പാസ് വാങ്ങണം. വാഹനത്തില്‍ െ്രെഡവര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് സാമൂഹിക അകലം പാലിച്ച് യാത്ര ചെയ്യാം. ഗര്‍ഭിണിക്കൊപ്പം കൊച്ചു കുട്ടികള്‍ക്കും യാത്ര ചെയ്യാവുന്നതാണ്. കൂടാതെ ഇവര്‍ കേരളത്തില്‍  എത്തിച്ചേരേണ്ട ജില്ലയിലെ ജില്ലാ കലക്ടര്‍ക്ക് വാട്ട്‌സ് ആപ്പ് മുഖേനയോ, ഇമെയിലിലൂടെയോ അപേക്ഷയും നല്‍കണം.

ജില്ലാകളക്ടര്‍ക്ക് ലഭിച്ച അപേക്ഷ ശരിയാണെന്ന് ബോധ്യപ്പെട്ടാല്‍ അപേക്ഷകയ്ക്ക് ക്ലിയറന്‍സ് നല്‍കും. തുടര്‍ന്ന് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിലവില്‍ താമസിക്കുന്ന സംസ്ഥാനത്തെ  ബന്ധപ്പെട്ട അധികാരികള്‍ക്ക് സമര്‍പ്പിക്കുന്ന മുറയ്ക്കാണ് വാഹനപാസ് ലഭ്യമാകുന്നത്.

സംസ്ഥാന അതിര്‍ത്തിയിലെ ഉദ്യോഗസ്ഥര്‍ വാഹനപാസും, ക്ലിയറന്‍സും പരിശോധിച്ചതിനു ശേഷം വാഹനം കടത്തിവിടും. അതിര്‍ത്തിയിലുള്ള പരിശോധനയില്‍ യാത്രക്കാര്‍ക്ക് കോവിഡ്19 ലക്ഷണം കണ്ടെത്തിയാല്‍ ആശുപത്രിയില്‍ ക്വാറന്റൈനില്‍ പ്രവേശിപ്പിക്കും. രോഗലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ സ്വന്തം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണം. വീട്ടില്‍ എത്തിച്ചേരുന്ന മുറയ്ക്ക് അതതു മേഖലകളിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com