വിളവെടുക്കാനായില്ല; കുടുംബശ്രീക്ക് നഷ്ടം 3.6 കോടി

വിഷു വിപണി ലക്ഷ്യമിട്ട് ഇത്തവണ 48940 കര്‍ഷക സംഘങ്ങളാണ് വിവിധ പച്ചക്കറികള്‍, കിഴങ്ങുവര്‍ഗങ്ങള്‍, നെല്ല്, ഏത്തയ്ക്ക എന്നിവ കൃഷി ചെയ്തത്
വിളവെടുക്കാനായില്ല; കുടുംബശ്രീക്ക് നഷ്ടം 3.6 കോടി

തിരുവനന്തപുരം: കോവിഡ് 19 നെ തുടര്‍ന്നുണ്ടായ ലോക്ക് ഡൗണും നിയന്ത്രണങ്ങളും കുടുംബശ്രീ സംഘക്കൃഷി മേഖലയെ പ്രതികൂലമായി ബാധിച്ചുവെന്ന് പഠന റിപ്പോര്‍ട്ട്. ഇതുവഴി ആകെ 3.6 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായാണ് കണ്ടെത്തല്‍.കുടുംബശ്രീ അഗ്രികള്‍ച്ചര്‍ വിഭാഗത്തിന്റെ ചുമതല വഹിക്കുന്ന പ്രോഗ്രാം ഓഫീസര്‍ ദത്തന്‍.സി.എസ് തയ്യാറാക്കിയ ഹ്രസ്വ പഠന റിപ്പോര്‍ട്ടിലാണ് ഇതു വ്യക്തമാക്കുന്നത്.

വിഷുവിപണി ലക്ഷ്യമിട്ട് കൃഷി ചെയ്ത നെല്ല്, പച്ചക്കറി, ഏത്തയ്ക്ക, കിഴങ്ങു വര്‍ഗങ്ങള്‍ എന്നിവ ഉള്‍പ്പെടെ 8.64 ടണ്‍ കാര്‍ഷികോല്‍പന്നങ്ങളാണ് ഇത്തവണ ലോക്ക് ഡൗണ്‍ കാരണം വിളവെടുക്കാന്‍ കഴിയാതെ പോയത്. ഈ രംഗത്ത് മാത്രം രണ്ടു കോടി രൂപയുടെ ഏകദേശ നഷ്ടം കണക്കാക്കുന്നു. വിളവെടുത്ത കാര്‍ഷികോല്‍പന്നങ്ങള്‍ വിറ്റഴിക്കാന്‍ കഴിയാതെ പോയതു വഴിയും തീരെ കുറഞ്ഞ വിലയ്ക്ക് വില്‍ക്കേണ്ടി വന്നതിലൂടെയും  1.67 കോടി രൂപയുടെ നഷ്ടവും നേരിട്ടിട്ടുണ്ട്. ഏറ്റവും കൂടുതല്‍ കര്‍ഷക സംഘങ്ങള്‍ക്ക് നഷ്ടം നേരിട്ട ജില്ല തൃശൂരാണ്. ജില്ലയിലെ 821 കര്‍ഷക സംഘങ്ങള്‍ക്ക് ലോക്ക് ഡൗണ്‍ തിരിച്ചടിയായപ്പോള്‍ 277.82 ഹെക്ടര്‍ സ്ഥലത്തെ കൃഷിയെ കൂടി സാരമായി ബാധിച്ചു. മലപ്പുറം ജില്ലയിലെ 778 കര്‍ഷക സംഘങ്ങള്‍ക്കും ലോക്ക് ഡൗണ്‍ കാരണം സാമ്പത്തിക നഷ്ടം നേരിടേണ്ടി വന്നു.
 
വിഷു വിപണി ലക്ഷ്യമിട്ട് ഇത്തവണ 48940 കര്‍ഷക സംഘങ്ങളാണ് വിവിധ പച്ചക്കറികള്‍, കിഴങ്ങുവര്‍ഗങ്ങള്‍, നെല്ല്, ഏത്തയ്ക്ക എന്നിവ കൃഷി ചെയ്തത്. ഇതില്‍ 31,421  ഗ്രൂപ്പുകള്‍ വിളവെടുക്കാന്‍ തയ്യാറായിരുന്നു. എന്നാല്‍ ഇതിലെ 4042 ഗ്രൂപ്പുകളെയും അതു വഴി 1202 ഹെക്ടര്‍ സ്ഥലത്തെ കൃഷിയെയും ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ സാരമായി ബാധിച്ചു. വിഷു വിപണി മുന്‍കൂട്ടി കണ്ട് കണിവെളളരി കൃഷി ചെയ്ത തൃശൂര്‍, എറണാകുളം, കണ്ണൂര്‍ ജില്ലകളിലെ കര്‍ഷക വനിതകള്‍ക്കും ഇതു കാരണം കനത്ത തിരിച്ചടിയാണ് നേരിട്ടത്.

ദൂരെയുള്ള സ്ഥലങ്ങളില്‍ കൃഷി ചെയ്തവര്‍ക്ക് ലോക്ക് ഡൗണ്‍ കാലങ്ങളില്‍ തങ്ങളുടെ കൃഷിയിടങ്ങളില്‍ പോകാനും ജലസേചനവും വളമിടീലും ഉള്‍പ്പെടെ വിളകള്‍ക്ക് ആവശ്യമായ പരിപാലനം നല്‍കുന്നതിനും യഥാസമയം വിളവെടുക്കുന്നതിനും കഴിയാതെ പോയതും നഷ്ടത്തിനു കാരണമായെന്ന് പഠനത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്. കൊല്ലം, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ പഴങ്ങളും പച്ചക്കറികളും വലിയ തോതില്‍ കൃഷി ചെയ്തിരുന്നെങ്കിലും വിളവെടുക്കാന്‍ ആവശ്യത്തിനു തൊഴിലാളികളും യന്ത്രസഹായങ്ങളും ലഭ്യമാകാതിരുന്നത് നഷ്ടം വരുത്തി. കാര്‍ഷികോല്‍പന്നങ്ങള്‍ കേടു കൂടാതെ സംഭരിച്ചു വയ്ക്കാന്‍ കടമുറികളോ സംഭരണശാലകളോ ലഭ്യമാകാതിരുന്നതിനാല്‍ എത്രയും വേഗം അവ വിറ്റഴിക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാവുകയായിരുന്നു. ഇതു കാരണം മിക്ക ജില്ലകളിലും വളരെ താഴ്ന്ന വിലയ്ക്കാണ് ഉല്‍പന്നങ്ങള്‍ വിറ്റഴിച്ചത്. നെല്ലു സംഭരണത്തിന് ഭൂരിഭാഗം നെല്‍കര്‍ഷകര്‍ക്കും പാടശേഖര സമിതിയുടെയോ സപ്‌ളൈക്കോയുടെയോ സഹായം  ലഭിച്ചിട്ടുണ്ട്. എന്നാല്‍  തൃശൂര്‍, കൊല്ലം, കോഴിക്കോട് ജില്ലകളില്‍ നെല്ല് കൊയ്‌തെടുക്കുന്നതിന് തൊഴിലാളികളെയും കൊയ്ത്ത് യന്ത്രങ്ങളും കിട്ടാത്തതിനെ തുടര്‍ന്നുള്ള പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു.

കുടുംബശ്രീയുടെ കീഴില്‍ സംസ്ഥാനത്ത് 68,388 കര്‍ഷക സംഘങ്ങളും ഇതില്‍ 3,38,202 സ്ത്രീകളുമുണ്ട്. ഇവര്‍ ചേര്‍ന്ന് സംസ്ഥാനമൊട്ടാകെ 50000 ഹെക്ടര്‍ സ്ഥലത്താണ് കൃഷി ചെയ്യുന്നത്. ആകെ വിസ്തൃതിയുടെ 75-80 ശതമാനവും പാട്ടത്തിനെടുത്ത സ്ഥലമാണ്. പാട്ടക്കൂലിയും കൃഷി ചെലവും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വായ്പയെടുത്തു നടത്തുന്നവരാണ് കര്‍ഷക സംഘങ്ങളില്‍ അധികവും. ലോക്ക് ഡൗണ്‍കാലത്ത് വിളവെടുപ്പും മെച്ചപ്പെട്ട വിപണനവും മുടങ്ങിയതോടെ ഭൂരിഭാഗം കര്‍ഷക സംഘങ്ങള്‍ക്കും സാമ്പത്തിക ബാധ്യത നേരിടേണ്ടി വരുമെന്നാണ് കരുതുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com