വോട്ടർ പട്ടിക : രണ്ടാംഘട്ട പുതുക്കൽ നാളെ മുതൽ ; കണ്ടെയ്ൻമെന്റ് സോണിലുള്ളവർക്ക് ഹിയറിങ് വിഡിയോ കോൾ വഴി

പ്രവാസികൾക്ക് ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ട് ഇ-മെയിൽ ആയി അയക്കാമെന്നും കമ്മീഷൻ വ്യക്തമാക്കി
വോട്ടർ പട്ടിക : രണ്ടാംഘട്ട പുതുക്കൽ നാളെ മുതൽ ; കണ്ടെയ്ൻമെന്റ് സോണിലുള്ളവർക്ക് ഹിയറിങ് വിഡിയോ കോൾ വഴി

തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടർ പട്ടികയുടെ രണ്ടാംഘട്ട പുതുക്കൽ പ്രവർത്തനങ്ങൾ നാളെ  ആരംഭിക്കും. കണ്ടെയ്ൻമെന്റ് സോണിലുള്ളവർക്ക് വിഡിയോ കോൾ വഴിയോ ഓൺലൈനായോ വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട ഹിയറിങ് നടത്താൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശം നൽകി. പ്രവാസികൾക്ക് ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ട് ഇ-മെയിൽ ആയി അയക്കാമെന്നും കമ്മീഷൻ വ്യക്തമാക്കി.

ഇക്കാര്യം വിശദമാക്കി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരായ കളക്ടർമാർക്കും ഇലക്ടറൽ റജിസ്ട്രേഷൻ ഓഫിസർമാരായ (ഇആർഒ) തദ്ദേശസ്ഥാപന സെക്രട്ടറിമാർക്കുമാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ കത്തയച്ചത്.  പട്ടികയിൽ പേരു ചേർക്കുന്നതിനു സമർപ്പിക്കുന്ന ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ട് തപാൽ മുഖേന അയക്കാൻ സൗകര്യമില്ലാത്ത പ്രവാസികൾ, പ്രിന്റൗട്ടിൽ അപേക്ഷകന്റെ ഒപ്പും ഫോട്ടോയും (ഫോട്ടോ ചേർത്തിട്ടില്ലെങ്കിൽ) പതിച്ച് പാസ്പോർട്ടിന്റെ ബന്ധപ്പെട്ട പേജുകൾ സഹിതം സ്കാൻ ചെയ്ത് അതത് ഇലക്‌ടറൽ റജിസ്ട്രേഷൻ ഓഫിസർമാർക്ക് ഇ-മെയിൽ അയക്കാം. 

നിശ്ചിത സമയപരിധിക്കകം ലഭിക്കുന്ന അപേക്ഷകളിൽ ഇആർഒമാർ നടപടി സ്വീകരിക്കണം. പട്ടികയിൽ പേരുള്ളവരെ സംബന്ധിച്ച ആക്ഷേപങ്ങളിൽ ബന്ധപ്പെട്ടവർ കണ്ടെയ്ൻമെന്റ് സോണുകളിൽ ഉൾപ്പെട്ടവരാണെങ്കിൽ  ഓൺലൈൻ മുഖേനയോ മൊബൈൽ ഫോൺ വിഡിയോ കോൾ വഴിയോ ഇആർഒ ഹിയറിങ് നടത്തണം.

പേരു ചേർക്കുന്നതിന് അപേക്ഷകൾ അയക്കുമ്പോൾ ലഭിക്കുന്ന നോട്ടിസ് പ്രകാരം കണ്ടെയ്ൻമെന്റ് സോണുകളിലുള്ളവർക്ക് ഹിയറിങ്ങിനു നേരിട്ടു ഹാജരാകാൻ കഴിയുന്നില്ലെങ്കിൽ അപേക്ഷ ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ട് എടുത്ത് ഒപ്പും ഫോട്ടോയും പതിച്ച്  അവ സ്കാൻ ചെയ്ത് ഇആർഒക്ക് ഇ-മെയിൽ ചെയ്യാം. തുടർന്ന് ഓൺലൈനായോ മൊബൈൽ ഫോൺ വിഡിയോ കോൾ വഴിയോ ഹിയറിങ് നടത്തണം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com