പൃഥ്വിരാജ് മരിച്ചതു നാണയം വിഴുങ്ങിയതിനാലല്ല, ശ്വാസതടസമാണു മരണകാരണമെന്ന് രാസപരിശോധനാ ഫലം 

പൃഥ്വിരാജ് മരിച്ചതു ന്യൂമോണിയ ഗുരുതരമായതിനെ തുടർന്നുണ്ടായ ശ്വാസംമുട്ടൽ കാരണമെന്ന് രാസപരിശോധനാ ഫലം
പൃഥ്വിരാജ് മരിച്ചതു നാണയം വിഴുങ്ങിയതിനാലല്ല, ശ്വാസതടസമാണു മരണകാരണമെന്ന് രാസപരിശോധനാ ഫലം 

കൊച്ചി: നാണയം വിഴുങ്ങിയ മൂന്ന് വയസ്സുകാരൻ പൃഥ്വിരാജ് മരിച്ചതു ന്യൂമോണിയ ഗുരുതരമായതിനെ തുടർന്നുണ്ടായ ശ്വാസംമുട്ടൽ കാരണമെന്ന് രാസപരിശോധനാ ഫലം. കുട്ടി നാണയം വിഴുങ്ങിയതു മൂലം ശ്വാസതടസമുണ്ടായതല്ല മരണ കാരണമെന്നാണു റിപ്പോർട്ടിൽ പറയുന്നത്. സംശയകരമായ യാതൊന്നും കുഞ്ഞിന്റെ ശരീരത്തിൽ കണ്ടെത്തിയിട്ടില്ലെന്നും രാസപരിശോധനാ ഫലത്തിൽ പറയുന്നു. 

കുട്ടിയുടെ മരണത്തിൽ ചികിത്സാപിഴവ് ഇല്ലെന്നു വ്യക്തമാക്കുന്ന റിപ്പോർട്ടാണു പുറത്തു വന്നിരിക്കുന്നത്. കുട്ടിക്ക് ന്യൂമോണിയ മൂലം ശ്വാസകോശത്തിന് കാര്യമായ തകരാർ സംഭവിച്ചിരുന്നു. തണുപ്പടിച്ചാൽ ശ്വാസംമുട്ടൽ അനുഭവപ്പെടുന്ന സാഹചര്യമായിരുന്നു കുഞ്ഞിനുണ്ടായിരുന്നത് എന്നാണ് വിശദീകരണം. കോശങ്ങളിലെ ഓക്സിജന്റെ അളവ് വളരെ താഴ്ന്ന നിലയിലായിരുന്നു. പതോളജി ലാബിൽ നടത്തിയ പരിശോധനയിൽ ശ്വാസകോശം പ്രവർത്തനക്ഷമമല്ലാത്ത അവസ്ഥയിലായിരുന്നെന്നും കണ്ടെത്തുകയായിരുന്നു.

2019 ഓഗസ്റ്റിൽ ന്യുമോണിയയ്ക്ക് എറണാകുളം മെഡിക്കൽ കോളജിൽ ഒരാഴ്ചയോളം ചികിത്സിച്ചിരുന്നു. തുടർന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. 

ആലുവ കടുങ്ങല്ലൂർ സ്വദേശികളായ നന്ദിനി-രാജ്യ ദമ്പതികളുടെ ഏക മകനാണ് പൃഥ്വിരാജ്. നാണയം വിഴുങ്ങിയതിനെത്തുടർന്ന് സർക്കാർ ആശുപത്രികളിൽ എത്തിച്ച കുഞ്ഞിന് കോവിഡ് സാഹചര്യം കാരണം ചികിത്സ നിഷേധിച്ചെന്ന് ആരോപണം ഉയർന്നിരുന്നു. സംഭവം വിവാദമായതോടെ ആരോഗ്യ മന്ത്രി കെ കെ ശൈലജ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com