വിജിലന്‍സിന് ദുഷ്ടലാക്കില്ല, മുഖ്യമന്ത്രി പറഞ്ഞതാണ് ശരി ; ഐസക്കിനെ തള്ളി ജി സുധാകരന്‍

താന്‍ അറിയാതെ  തന്റെ വകുപ്പിലും വിജിലന്‍സ് പലതവണ പരിശോധന നടത്തിയിട്ടുണ്ട്
വിജിലന്‍സിന് ദുഷ്ടലാക്കില്ല, മുഖ്യമന്ത്രി പറഞ്ഞതാണ് ശരി ; ഐസക്കിനെ തള്ളി ജി സുധാകരന്‍

ആലപ്പുഴ : കെഎസ്എഫ്ഇ റെയ്ഡ് വിവാദത്തില്‍ ധനമന്ത്രി തോമസ് ഐസക്കിനെ തള്ളി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍. കെഎസ്എഫ്ഇയിലെ പരിശോധന സ്വാഭാവികം. ഇതില്‍ ദുഷ്ടലാക്കില്ല. പരിശോധന വകുപ്പ് മന്ത്രി അറിയണമെന്ന് നിര്‍ബന്ധമില്ലെന്ന് സുധാകരന്‍ പറഞ്ഞു. 

താന്‍ അറിയാതെ  തന്റെ വകുപ്പിലും വിജിലന്‍സ് പലതവണ പരിശോധന നടത്തിയിട്ടുണ്ട്. പലതും മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. വിജിലന്‍സ് പരിശോധിക്കുന്നതില്‍ തനിക്ക് സന്തോഷമേയുള്ളൂ. മന്ത്രിമാരെ ബാധിക്കുന്നതേ അല്ല അതെന്ന് സുധാകരന്‍ പറഞ്ഞു. 

കെഎസ്എഫ്ഇ പരിശോധനയില്‍ മുഖ്യമന്ത്രി പറഞ്ഞതാണ് ശരി. അതിന് അപ്പുറമില്ല. വിജിലന്‍സ് നന്നായി പരിശോധിക്കട്ടെ. അതിന് ഈ സമയം ആ സമയം എന്നൊന്നുമില്ല. പ്രതിപക്ഷത്തിന്റെ കയ്യില്‍ ഒരു മാങ്ങാത്തൊലിയുമില്ല. ഒടിഞ്ഞ വില്ലാണ് അവരുടേത്. കെഎസ്എഫ്ഇക്ക് ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. അത് വലിയ പ്രസ്ഥാനമല്ലേ എന്നും മന്ത്രി സുധാകരന്‍ ചോദിച്ചു.

നേരത്തെ പുന്നപ്രയില്‍ നടന്ന തെരഞ്ഞെടുപ്പ് യോഗത്തില്‍ മന്ത്രി സുധാകരന്‍ ധനമന്ത്രി തോമസ് ഐസക്കിനെതിരെ പരോക്ഷ പ്രതികരണം നടത്തിയിരുന്നു. രാഷ്ട്രീയ ശത്രുക്കളെയല്ല, കൂടെ നിന്ന് കണ്ണിറുക്കുന്നവരെയാണ് സൂക്ഷിക്കേണ്ടത്. ശത്രുക്കളെ നമുക്ക് അറിയാം. ഇത്തരക്കാര്‍ പാര്‍ട്ടിക്കകത്ത് കയറിപ്പറ്റിയാണ് ഈ പണി ചെയ്യുന്നത് എന്നും മന്ത്രി സുധാകരന്‍ ഒളിയമ്പെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com