ഷോക്കടിക്കുമോ? സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും

ഷോക്കടിക്കുമോ? സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും
Electricity charges hike in Kerala
Electricity charges hike in Kerala

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് കഴിയുന്നതിന് പിന്നാലെ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും. 2019ൽ പുതുക്കി നിശ്ചയിച്ച വൈദ്യുതി നിരക്കിന് മാർച്ച് 31വരെയായിരുന്നു പ്രാബല്യം. കോവിഡ് പശ്ചാത്തലത്തിൽ പുതുക്കി നിശ്ചയിക്കാതെ നിലവിലുള്ളത് തുടരുകയായിരുന്നു.

ഇതര സംസ്ഥാനത്തു നിന്ന് വൈദ്യുതി എത്തിക്കുന്ന ലൈനുകളുടെ പ്രസരണ നിരക്ക് കേന്ദ്ര വൈദ്യുതി റെഗുലേറ്റി കമ്മീഷൻ വർധിപ്പിച്ചതു കാരണമുള്ള വർധന, ഇന്ധന സർചാർജ് ഇനത്തിലുള്ള വർധന, വൈദ്യുതി ബോർഡ് വരവു ചെലവു കണക്കാക്കി നഷ്ടം നികത്തുന്നതിനുള്ള പതിവു നിരക്ക് വർധന എന്നിങ്ങനെ മൂന്ന് തരത്തിലുള്ള നിരക്കുകളും ചേർത്താണ് പുതിയ വൈദ്യുതി നിരക്ക് നിശ്ചയിക്കുക. വൈദ്യുതി ബോർഡ് ഓരോ വർഷവും പ്രതീക്ഷിക്കുന്ന വരവു ചെലവു കണക്കുകൾ വിലയിരുത്തിയ ശേഷമാണ് നിരക്ക് നിശ്ചയിക്കുന്നത്. 

2019 ഒക്ടോബർ മുതലുള്ള ഇന്ധന സർചാർജ് ഉപഭോക്താക്കളിൽ നിന്ന് പിരിച്ചെടുക്കാനുണ്ട്. ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള സർചാർജ് നിശ്ചയിക്കുന്ന നടപടി പുരോഗമിക്കുകയാണ്. സർചാർജ് പിരിച്ചെടുത്തു കഴിയുമ്പോഴേക്കും വൈദ്യുതി ചാർജ് വർധനയുടെ കാര്യത്തിൽ വ്യക്തത വരുമെന്ന് കെഎസ്ഇബി അധികൃതർ പറഞ്ഞു.

2019 ഒക്ടോബർ മുതൽ ഡിസംബർ വരെ യൂണിറ്റിന് 10 പൈസ, ജനുവരി മുതൽ മാർച്ച് വരെ 11 പൈസ, ഏപ്രിൽ മുതൽ ജൂൺ വരെ ആറു പൈസ എന്നിങ്ങനെ സർചാർജ് ഈടാക്കണമെന്നാണു ബോർഡ് ആവശ്യപ്പെട്ടത്. കഴിഞ്ഞ ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള നഷ്ടം നികത്താൻ യൂണിറ്റിന് ആറ് പൈസ വീതം സർചാർജ് പിരിച്ചു നൽകണമെന്നും ബോർഡ് ആവശ്യപ്പെട്ടു.

ഇതര സംസ്ഥാനത്തു നിന്ന് വൈദ്യുതി എത്തിക്കുന്ന ലൈനുകളുടെ പ്രസരണ നിരക്ക് കേന്ദ്ര വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ വർധിപ്പിച്ചതു കാരണം വൈദ്യുത ചാർജിൽ യൂണിറ്റിന് 25 മുതൽ 50 പൈസയുടെ വരെ വർധനയുണ്ടാകുമെന്നാണ് കരുതുന്നത്. കേന്ദ്ര റഗുലേറ്ററി കമ്മീഷന്റെ തീരുമാനമായതിനാൽ സംസ്ഥാന കമ്മീഷന് വർധന നടപ്പാക്കണം. എത്ര പൈസ വീതം ഏതൊക്കെ ഉപഭോക്താക്കളിൽ നിന്ന് ഈടാക്കണമെന്നു തീരുമാനിക്കേണ്ടതു സംസ്ഥാന കമ്മീഷനാണെന്ന് കെഎസ്ഇബി അധികൃതർ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com