ശിശുരോ​ഗ വിദ​ഗ്ധൻ ഡോ. ജേക്കബ് റോയ് അന്തരിച്ചു

അൽഷിമേഴ്സ് സൊസൈറ്റി (എആർഡിഎസ്ഐ) സ്ഥാപകനും ശിശുരോ​ഗ വിദ​ഗ്ധനും ട്രോപ്പിക്കൽ ​​ഹെൽത്ത് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ (ടിഎച്ച്എഫ്ഐ) സ്ഥാപകനും ചെയർമാനുമായ ഡോ. ജേക്കബ് റോയ് അന്തരിച്ചു
ശിശുരോ​ഗ വിദ​ഗ്ധൻ ഡോ. ജേക്കബ് റോയ് അന്തരിച്ചു

കുന്നംകുളം: അൽഷിമേഴ്സ് സൊസൈറ്റി (എആർഡിഎസ്ഐ) സ്ഥാപകനും ശിശുരോ​ഗ വിദ​ഗ്ധനും ട്രോപ്പിക്കൽ ​​ഹെൽത്ത് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ (ടിഎച്ച്എഫ്ഐ) സ്ഥാപകനും ചെയർമാനുമായ ഡോ. ജേക്കബ് റോയ് (68) അന്തരിച്ചു. അർബുദ ബാധയെത്തുടർന്ന് ചികിത്സയിലായിരുന്നു. എറണാകുളം മുളന്തുരുത്തി തേവനാൽ ഓലയിൽകുന്നത്ത് കുടുംബാം​ഗമാണ്. കുന്നംകുളം- തൃശൂർ റോഡിൽ വില്ല ട്രോപ്പിക്കാന എന്ന വീട്ടിലായിരുന്നു താമസം.

ഭിന്ന ശേഷിയുള്ള കുട്ടികൾക്ക് വിദ്യാഭ്യാസവും പുനരധിവാസവും നൽകുന്നതിനാണ് ടിഎച്ച്എഫ്ഐ സ്ഥാപിച്ചത്. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന അൽഷിമേഴ്സ് ഡിസീസ് ഇന്റർനാഷണലിന്റെ ഏഷ്യയിൽ നിന്നുള്ള ആദ്യ ചെയർമാനായിരുന്നു. അൽഷിമേഴ്സ് രോ​ഗ ബാധിതർക്ക് ചിറ്റഞ്ഞൂരിൽ അൽഷിമേഴ്സ് ആൻഡ് ഡിസീസ് റിലേറ്റഡ് ഡിസോർഡേഴ്സ് സൊസൈറ്റി ഓഫ് ഇന്ത്യ (എആർഡിഎസ്ഐ) തുടങ്ങി. കൃത്രിമ അവയവ നിർമാണ രം​ഗത്ത് പ്രവർത്തിക്കുന്ന ആദ്യ സർക്കാരിതര സ്ഥാപനവും ഇദ്ദേഹത്തിന്റഫെ കീഴിലാണ്.

ഇന്ത്യൻ മെഡിക്കൽ അസോസിയേഷനിലും ഭാരവാഹിത്വം വഹിച്ചിട്ടുണ്ട്. കുന്നംകുളം മലങ്കര മിഷൻ മെ‍ഡിക്കൽ ആശുപത്രിയിലെ ശിശു രോ​ഗ വിദ​ഗ്ധനായിരുന്നു. ഡിമെൻഷ്യ രം​ഗത്തെ പ്രവർത്തനങ്ങൾ കണക്കിലെടുത്ത് തമിഴ്നാട് സർക്കാർ 2014ൽ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകി.

ഭാര്യ: കുന്നംകുളം പഴഞ്ഞി പുലിക്കോട്ടിൽ ലില്ലി. മക്കൾ: ഡോ. ടീന, മിഷൽ, ഗ്രെഗ് (സിഇഒ കെയർമാർക് ഇന്റർനാഷണൽ). മരുമക്കൾ: ഡോ. ജേക്കബ് വർഗീസ് (രാജഗിരി ആശുപത്രി), മാത്യു പാറയ്ക്കൻ (ജിയോജിത് ടെക്നോളജീസ്), ബെറ്റിൽഡ.

മൃതദേ​ഹം ഇന്ന് 12.30 വരെ കുന്നംകുളം- തൃശൂർ റോഡിലുള്ള വസതിയിലും ഒന്ന് മുതൽ ആറ് വരെ ​ഗുരുവായൂർ റോഡിലുള്ള ടിഎച്ച്എഫ്ഐ ഓഫീസിലും പൊതുദർശനത്തിന് വെയ്ക്കും. ശവസംസ്കാരം ചൊവ്വാഴ്ച രണ്ടിന് മുളന്തുരുത്തി മാർ ബഹനാൻ ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com