ഇബ്രാഹിം കുഞ്ഞിനു തിരിച്ചടി; പാലാരിവട്ടം അഴിമതിയില്‍ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി

ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം മുന്നോട്ടുകൊണ്ടുപോവുന്നതിന് അനുമതി തേടി വിലിജന്‍സ് നല്‍കിയ കത്തിലാണ് സര്‍ക്കാര്‍ ഉപദേശപ്രകാരം ഗവര്‍ണറുടെ നടപടി
ഇബ്രാഹിം കുഞ്ഞിനു തിരിച്ചടി; പാലാരിവട്ടം അഴിമതിയില്‍ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി

തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മരാമത്ത് മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ വികെ ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ വിജിലന്‍സിന് ഗവര്‍ണറുടെ അനുമതി. ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം മുന്നോട്ടുകൊണ്ടുപോവുന്നതിന് അനുമതി തേടി വിലിജന്‍സ് നല്‍കിയ കത്തിലാണ് സര്‍ക്കാര്‍ ഉപദേശപ്രകാരം ഗവര്‍ണറുടെ നടപടി.

പാലാരിവട്ടം പാലം അഴിമതിയില്‍ മുന്‍ മന്ത്രി ഇബ്രാഹീം കുഞ്ഞിനു പങ്കുണ്ടെന്നു ചൂണ്ടിക്കാട്ടി രേഖകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് വിലിജന്‍സ് തുടര്‍ അന്വേഷണത്തിന് അനുമതി തേടിയത്. നിര്‍മാണ കരാര്‍ ഏറ്റെടുത്ത ആര്‍ഡിഎസ് കമ്പനിക്ക് മുന്‍കൂര്‍ പണം അനുവദിക്കുന്നതില്‍ ഇ്ബ്രാഹിം കുഞ്ഞ് ഇടപെടല്‍ നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. എട്ടു കോടി രൂപയാണ്, കാരാറില്‍ ഇല്ലാതിരുന്നിട്ടും കമ്പനിക്ക് മുന്‍കൂറായി നല്‍കിയത്. ഇതു സംബന്ധിച്ച രേഖകള്‍ വിജിലന്‍സിനു ലഭിച്ചിട്ടുണ്ട്.

കമ്പനി ഉടമ സുമിത് ഗോയലിനെയും പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടിഒ സൂരജിനെയും ചോദ്യം ചെയ്തതില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം മുന്നോട്ടുകൊണ്ടുപോവണമെന്ന് വിജലന്‍സ് ആവശ്യപ്പെട്ടത്. ജനപ്രതിനിധിയായ ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം നടത്താന്‍ ഗവര്‍ണറുടെ അനുമതി ആവശ്യപ്പെമുണ്ട്. ഇതനുസരിച്ചാണ് കഴിഞ്ഞ ഒക്ടോബറില്‍ വിജിലന്‍സ് കത്തു നല്‍കിയത്.

ഇബ്രാഹിം കുഞ്ഞിനെതിരായ അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി  നീണ്ടുപോയത് രാഷ്ട്രീയ വിവാദത്തിന് ഇടവച്ചിരുന്നു. ഇതു സംബന്ധിച്ച ഫയലില്‍ ഗവര്‍ണര്‍ പലവട്ടം വിശദീകരണം ആരാഞ്ഞെന്നാണ് സൂചനകള്‍. ഇതിനു മുഖ്യമന്ത്രിയുടെ ഓഫിസ് തൃപ്തികരമായ മറുപടി നല്‍കിയ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com