കൊറോണ ഭീതി: താലികെട്ട് മാറ്റിവച്ചു; വധുവും വരനും വീട്ടിലിരുന്നു, പക്ഷേ സദ്യ നടത്തി

കൊറോണ വൈറസ് ഭീഷണി കാരണം ചൊവ്വാഴ്ച നടത്താനിരുന്ന വിവാഹത്തിന്റെ താലികെട്ടും അനുബന്ധചടങ്ങുകളും മാറ്റിവച്ചു
കൊറോണ ഭീതി: താലികെട്ട് മാറ്റിവച്ചു; വധുവും വരനും വീട്ടിലിരുന്നു, പക്ഷേ സദ്യ നടത്തി

തൃശൂര്‍: കൊറോണ വൈറസ് ഭീഷണി കാരണം ചൊവ്വാഴ്ച നടത്താനിരുന്ന വിവാഹത്തിന്റെ താലികെട്ടും അനുബന്ധചടങ്ങുകളും മാറ്റിവച്ചു. വരനും വധുവും അവരവരുടെ വീടുകളില്‍ തന്നെയിരുന്നപ്പോള്‍ വിവാഹത്തോടനുബന്ധിച്ചു മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന  സദ്യ മാറ്റമില്ലാതെ നടന്നു!

കടങ്ങോട് പഞ്ചായത്തിലാണു വരന്റെ വീട്. ചൈനയിലെ ഒരു കമ്പനിയില്‍ ജോലിക്കാരനായ വരന്‍ വിവാഹത്തിനായി രണ്ടാഴ്ച മുന്‍പാണ് നാട്ടിലെത്തിയത്. കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാനില്‍ നിന്ന് 1000 കിലോമീറ്റര്‍ അകലെയാണ് വരന്‍ ജോലി ചെയ്യുന്നത്. രോഗലക്ഷണങ്ങളില്ലാത്തതിനാല്‍  തെല്ലും ആശങ്കയില്ലാതെ വിവാഹ ഒരുക്കങ്ങളുമായി വീട്ടുകാര്‍ മുന്നോട്ടുപോയി. എന്നാല്‍ ചൈനയില്‍ നിന്നെത്തിയവര്‍ മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ പൊതുചടങ്ങുകളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് കര്‍ശന നിര്‍ദേശം ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചതോടെ ആശയക്കുഴപ്പത്തിലായി.

2 ദിവസം മുന്‍പ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പഞ്ചായത്ത് അധികൃതരും വീട്ടിലെത്തി വിവാഹം മാറ്റിവയ്ക്കണമെന്ന് നിര്‍ദേശിച്ചു. കലക്ടറേറ്റില്‍ നിന്നും ഡിഎംഒ ഓഫിസില്‍ നിന്നും കര്‍ശന നിര്‍ദേശം വന്നതോടെ വിവാഹം നീട്ടിവച്ചു. എന്നാല്‍ സല്‍ക്കാരവും മറ്റും മാറ്റിവയ്ക്കുന്നതിന്റെ ബുദ്ധിമുട്ടു കണക്കിലെടുത്തു വരന്റെയും വധുവിന്റെയും വീടുകളില്‍ ഒരുക്കിയ സല്‍ക്കാരങ്ങള്‍ നടത്തി. താലികെട്ട് നിരീക്ഷണ പരിധിയായ 28 ദിവസത്തിനു ശേഷം നടത്തും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com