കക്കാടംപൊയില്‍ പീഡനം : രാഷ്ട്രീയക്കാരും കുടുങ്ങും ?; എട്ടുപേര്‍ നിരീക്ഷണത്തില്‍ ; 41 പേരെ ചോദ്യം ചെയ്തു, കുരുക്ക് മുറുക്കി പൊലീസ്

ചോദ്യം ചെയ്യലിന് പൊലീസ്‌ വിളിപ്പിച്ചപ്പോഴാണ് പലരും കുടുങ്ങിയതായി അറിഞ്ഞത്
കക്കാടംപൊയില്‍ പീഡനം : രാഷ്ട്രീയക്കാരും കുടുങ്ങും ?; എട്ടുപേര്‍ നിരീക്ഷണത്തില്‍ ; 41 പേരെ ചോദ്യം ചെയ്തു, കുരുക്ക് മുറുക്കി പൊലീസ്

കോഴിക്കോട് : കോഴിക്കോട് കക്കാടംപൊയിലിലെ റിസോര്‍ട്ടില്‍ പതിനാറുകാരിയെ പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ എട്ടുപേര്‍ പൊലീസിന്റെ കര്‍ശന നിരീക്ഷണത്തില്‍. രാഷ്ട്രീയക്കാരും ബിസിനസുകാരും ഉള്‍പ്പെടെ നാല്‍പ്പത്തി ഒന്നുപേരെയാണ് അന്വേഷണസംഘം ചോദ്യം ചെയ്ത് വിട്ടയച്ചത്. ചോദ്യം ചെയ്യലിന് സി ബ്രാഞ്ച് വിളിപ്പിച്ചപ്പോഴാണ് പലരും കുടുങ്ങിയതായി അറിഞ്ഞത്.
 
സംശയമുള്ള നാല്‍പത്തി ഒന്നുപേരെ ചോദ്യം ചെയ്ത് വിട്ടയച്ചു. ഇതില്‍ എട്ടുപേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരെ വീണ്ടും സി ബ്രാഞ്ച് ഓഫിസിലെത്താന്‍ നിര്‍ദേശിച്ചെങ്കിലും പലരും ഒളിവിലാണ്. ഇവരില്‍ ചിലര്‍ മുന്‍കൂര്‍ ജാമ്യം നേടാന്‍ ശ്രമം തുടങ്ങിയതായും സൂചനയുണ്ട്.

നാല് ദിവസമാണ് പതിനാറുകാരി കക്കാടംപൊയിലിലെ റിസോര്‍ട്ടിലുണ്ടായിരുന്നത്. ഈ സമയം പെണ്‍വാണിഭ സംഘത്തിലെ മറ്റ് ചില വനിതകളും ഇവിടെ താമസിച്ചിരുന്നു. മുപ്പതിലധികം ആളുകള്‍ സന്ദര്‍ശകരായി എത്തിയതായി പൊലീസിന് വിവരം ലഭിച്ചു. പെണ്‍കുട്ടിക്ക് ഇരുപത് വയസ് കഴിഞ്ഞു എന്നാണ് റിസോര്‍ട്ട് നടത്തിപ്പുകാര്‍ ഇടപാടുകാരോട് പറഞ്ഞിരുന്നത്.

കോഴിക്കോട്, മലപ്പുറം ജില്ലകളിലുള്ളവരാണ് കക്കാടംപൊയിലിലെ റിസോര്‍ട്ടില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പെണ്‍കുട്ടിയെ നാല് മാസത്തിലധികം വയനാട്ടിലെ വിവിധ റിസോര്‍ട്ടുകളില്‍ താമസിപ്പിച്ച് പീഡനത്തിനിരയാക്കിയെന്നും കണ്ടെത്തിയിട്ടുണ്ട്. പീഡിപ്പിച്ചവരുടെ എണ്ണം ഇനിയും കൂടുമെന്നാണ് അന്വേഷണസംഘം പറയുന്നത്. കേസില്‍ റിസോര്‍ട്ട് നടത്തിപ്പുകാരും പെണ്‍കുട്ടിയെ എത്തിച്ച വനിതയും ഉള്‍പ്പെടെ അഞ്ചുപേരാണ് അറസ്റ്റിലായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com