'അതുകൊണ്ടാണ് താങ്കളുടെ ഓഫീസില്‍ നിന്നുള്ള സൗജന്യ പാസുകളുടെ ആവശ്യം പൂര്‍ത്തീകരിക്കാനായത്'; ഹൈബി ഈഡന് മറുപടിയുമായി ആഷിഖ് അബു

താങ്കളുടെ ഓഫീസില്‍ നിന്ന് പാസുകള്‍ക്കായി വിളിച്ച പോലൊരു ഫോണ്‍ വിളിയില്‍ വളരെ വ്യക്തമായി അറിയാന്‍ സാധിക്കുമായിരുന്ന കാര്യങ്ങള്‍ താങ്കള്‍ മനഃപൂര്‍വം ഒഴിവാക്കിയതാവാം
'അതുകൊണ്ടാണ് താങ്കളുടെ ഓഫീസില്‍ നിന്നുള്ള സൗജന്യ പാസുകളുടെ ആവശ്യം പൂര്‍ത്തീകരിക്കാനായത്'; ഹൈബി ഈഡന് മറുപടിയുമായി ആഷിഖ് അബു

കൊച്ചി ഇന്റര്‍നാഷണല്‍ മ്യൂസിക് ഫെസ്റ്റിവലിന്റെ പ്രഖ്യാപനത്തിനായി 'കരുണ' എന്ന പേരില്‍ നടത്തിയ പരിപാടി തട്ടിപ്പാണെന്ന് വ്യക്തമായിരിക്കുന്നുവെന്ന എറണാകുളം എംഎല്‍എ ഹൈബി ഈഡന്റെ ആരോപണത്തിന് മറുപടിയുമായി സംവിധായകന്‍ ആഷിഖ് അബു. ദുരിതാശ്വാസ ഫണ്ട് സ്വരൂപിക്കുന്നതിനായി നടത്തിയ പരിപാടിയല്ല കരുണ. ടിക്കറ്റ് വരുമാനം ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കാന്‍ ഫൗണ്ടേഷന്‍ തീരുമാനിച്ചതാണ്. അത് കൊടുക്കുകയും ചെയ്തുവെന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

'കൊച്ചി മ്യൂസിക് ഫൌണ്ടേഷന്‍ പൂര്‍ണമായും സ്വന്തം ചിലവില്‍ നടത്തിയ പരിപാടിയാണ്. അതുകൊണ്ടാണ് താങ്കളുടെ ഓഫീസില്‍ നിന്നുള്ള സൗജന്യ പാസുകളുടെ ആവശ്യം പൂര്‍ത്തീകരിക്കാനായത്. ദുരിതാശ്വാസ ഫണ്ടിനായുള്ള പരിപാടിയില്‍ സൗജന്യ പാസെന്ന സങ്കല്പം തന്നെയില്ലല്ലോ.'- അദ്ദേഹം പറഞ്ഞു.

'ഇവന്റ് മാനേജ് ചെയ്യുകയും ടിക്കറ്റ് വില്‍പ്പന നടത്തുകയും ചെയ്ത ഇമ്പ്രെസാരിയോക്കാരെ താങ്കളുടെ ഓഫീസില്‍ നിന്ന് പാസുകള്‍ക്കായി വിളിച്ച പോലൊരു ഫോണ്‍ വിളിയില്‍ വളരെ വ്യക്തമായി അറിയാന്‍ സാധിക്കുമായിരുന്ന കാര്യങ്ങള്‍ താങ്കള്‍ മനഃപൂര്‍വം ഒഴിവാക്കിയതാവാം' എന്നും ആഷിഖ് അബു കുറിച്ചു.

യുവമോര്‍ച്ച നേതാവ് സന്ദീപ് വാര്യരാണ് പരിപാടി തട്ടിപ്പാണ് എന്നാരോപിച്ച് ആദ്യം രംഗത്തെത്തിയത്. പ്രളയ ഫണ്ട് സ്വരൂപിക്കാന്‍ എന്ന പേരില്‍ നടത്തിയ സംഗീത നിശ വഴി പിരിഞ്ഞുകിട്ടിയ പണം ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയില്ല എന്നായിരുന്നു സന്ദീപിന്റെ ആരോപണം. ഇതിന് പിന്നാലെയാണ് ഹൈബി ഈഡനും വിമര്‍ശനവുമായി രംഗത്തെത്തിയത്.

'ആഷിഖ് അബു ഇത് സംബന്ധിച്ച് വ്യക്തമായ കണക്കുകള്‍ പൊതുസമൂഹത്തിനു മുന്നില്‍ വയ്ക്കണം. അതല്ലെങ്കില്‍ ആ പരിപാടിയില്‍ ഒരു പൈസ പോലും പ്രതിഫലം മേടിക്കാതെ ആത്മാര്‍ത്ഥമായി പങ്കു ചേര്‍ന്ന കലാകാരന്മാരെല്ലാം പൊതുസമൂഹത്തിനു മുന്നില്‍ സംശയത്തിന്റെ നിഴലിലാവും. ആഷിഖ് അബു അതിന് തയ്യാറല്ലെങ്കില്‍ സര്‍ക്കാര്‍ ഈ സംഭവത്തില്‍ അന്വേഷണം നടത്തണം. ആഷിഖ് അബു തങ്ങളുടെ സഹയാത്രികനാണെന്നത് സിപിഎം നേതൃത്വത്തിന് ഇത്തരം ഒരു അധമപ്രവര്‍ത്തിക്ക് കുടപിടിക്കാനുള്ള ന്യായം ആവരുത്. സത്യം ജനങ്ങള്‍ അറിയട്ടെ.' ഹൈബി ഈഡന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ആഷിഖിന്റെ പോസ്റ്റ് ഇങ്ങനെ:

എറണാകുളം എംപി ശ്രീ ഹൈബി ഈടനുള്ള മറുപടിയും ചോദ്യവും.

താങ്കളുടെ അറിവിലേക്കായി,
ദുരിതാശ്വാസഫണ്ട് സ്വരൂപിക്കുന്നതിനായി നടത്തിയ പരിപാടിയല്ല കരുണ.ടിക്കറ്റ് വരുമാനം ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കാന്‍ ഫൌണ്ടേഷന്‍ തീരുമാനിച്ചതാണ്.അത് കൊടുക്കുകയും ചെയ്തു. (രേഖ പോസ്റ്റിനൊപ്പം ചേര്‍ക്കുന്നു ).' കൊച്ചി ഇന്റര്‍നാഷണല്‍ മ്യൂസിക് ഫെസ്റ്റിവെലിന്റെ' പ്രഖ്യാപനത്തിനായി,കൊച്ചി മ്യൂസിക് ഫൌണ്ടേഷന്‍ പൂര്‍ണമായും സ്വന്തം ചിലവില്‍ നടത്തിയ പരിപാടിയാണ്.അതുകൊണ്ടാണ് താങ്കളുടെ ഓഫീസില്‍ നിന്നുള്ള സൗജന്യ പാസുകളുടെ ആവശ്യം പൂര്‍ത്തീകരിക്കാനായത്.ദുരിതാശ്വാസ ഫണ്ടിനായുള്ള പരിപാടിയില്‍ സൗജന്യ പാസെന്ന സങ്കല്പം തന്നെയില്ലല്ലോ.

മലയാള ചലച്ചിത്രരംഗത്തും സ്വതന്ത്രസംഗീതരംഗത്തുമുള്ള മുന്‍നിരക്കാരായ കലാകാരന്മാര്‍ ഒത്തുചേരുന്ന ചരിത്രപ്രാധാന്യമുള്ള ഉദ്യമം എന്ന നിലയിലും, ടിക്കറ്റ് വരുമാനം ദുരിതാശ്വാസ നിധിയിലേക്ക് എന്നുള്ളതുകൊണ്ടും കൊച്ചി റീജിണല്‍ സ്‌പോര്‍ട്‌സ് സെന്ററിന്റെ (ഞടഇ) കീഴിലുള്ള കൊച്ചി രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയം സൗജന്യമായി തരണമെന്ന് ഫൌണ്ടേഷന്‍,ഞടഇ ഭാരവാഹികളോട് അഭ്യര്‍ത്ഥിക്കുകയും അവര്‍ സ്‌നേഹപൂര്‍വ്വം അനുവദിക്കുകയും പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്തു. ഈ പറഞ്ഞ സ്‌റ്റേഡിയം വിവിധ ആവശ്യങ്ങള്‍ക്കായി സൗജന്യമായി അനുവദിക്കാറുണ്ടെന്ന വിവരം താങ്കള്‍ക്കറിയുന്നതാണല്ലോ. റീജിണല്‍ സ്‌പോര്‍ട്‌സ് സെന്ററിന് തീരുമാനമെടുക്കാവുന്ന കാര്യമാണത്. കലാകാരന്മാരും അതേ ആവശ്യം സോപോര്‍ട്‌സ് സെന്ററിനോട് അഭ്യര്‍ത്ഥിച്ചു, അവരനുവദിച്ചു. ഇതിലെവിടെയാണ് തട്ടിപ്പ്?

ഇവന്റ് മാനേജ് ചെയ്യുകയും ടിക്കറ്റ് വില്‍പ്പന നടത്തുകയും ചെയ്ത ഇമ്പ്രെസാരിയോക്കാരെ താങ്കളുടെ ഓഫീസില്‍ നിന്ന് പാസുകള്‍ക്കായി വിളിച്ച പോലൊരു ഫോണ്‍ വിളിയില്‍ വളരെ വ്യക്തമായി അറിയാന്‍ സാധിക്കുമായിരുന്ന കാര്യങ്ങള്‍ താങ്കള്‍ മനഃപൂര്‍വം ഒഴിവാക്കിയതാവാം.
മറ്റു ചില കേന്ദ്രങ്ങളില്‍ നിന്ന് വരുന്ന അപവാദ പ്രചാരണങ്ങളെ അവഗണിക്കുകയാണ് പതിവ്, എന്നാല്‍ താങ്കള്‍ എന്റെ മണ്ഡലത്തെ ജനപ്രതിനിധിയാണ്, പറഞ്ഞകാര്യങ്ങളെ വളരെ ഗൗരവത്തോടെ കാണുന്നു. ആരോപണം ഉന്നയിക്കാനുള്ള അവകാശം മാനിക്കുന്നു.
എന്നാല്‍, സര്‍ക്കാര്‍ ഫണ്ടുപയോഗിക്കാത്ത, പൂര്‍ണമായും ഫൌണ്ടേഷന്‍ തന്നെ ചെലവ് വഹിച്ച, ടിക്കറ്റിന്റെ പണം സര്‍ക്കാരിലേക്ക് നല്‍കിയ ഒരു പരിപാടി എന്തടിസ്ഥനത്തിലാണ് 'തട്ടിപ്പാണ് എന്ന് ബോധ്യപ്പെട്ടു ' എന്ന് താങ്കള്‍ വളരെ ഉറപ്പോടെ എഴുതുന്നത്? താങ്കള്‍ കണ്ടെത്തിയ 'തട്ടിപ്പ്' എന്താണെന്ന് അറിയാനുള്ള അവകാശം ഞങ്ങള്‍ക്കും ഉണ്ടെന്നിരിക്കേ, ഉടന്‍ തന്നെ താങ്കള്‍ തെളിവുസഹിതം ജനങ്ങളേയും ഞങ്ങളേയും അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു, കാത്തിരിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com